ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ വിതരണത്തിലെ ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ പ്രശ്നങ്ങൾ തുടരുന്നതിന്റെ സൂചനയായി ഒടിപി ഇടപാടുകൾ വർധിക്കുന്നു. ഈ മാസം രണ്ടാഴ്ചയ്ക്കിടെ മൂന്നു ലക്ഷത്തിൽപരം പേർ ഒടിപി ഉപയോഗിച്ചാണ് റേഷൻ വാങ്ങിയത്. റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ പോസ് മെഷീനിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിച്ച് ബയോ മെട്രിക് വിവരശേഖരണം പരാജയപ്പെടുമ്പോൾ ഉള്ള ബദൽ വഴിയാണ് ഒടിപി. കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് വരുന്ന ഒറ്റത്തവണ പാസ്‌വേഡ് ആയ നാലക്ക നമ്പർ ഉപയോഗിച്ച് വിതരണം നടത്തുന്ന രീതിയാണിത്. 

ഈ മാസം ഇതു വരെ 19.76 ലക്ഷം പേർ റേഷൻ വാങ്ങിയതിൽ 3.10 ലക്ഷം പേർ ഒടിപി സംവിധാനം ഉപയോഗിച്ചു. തിരുവനന്തപുരം, തൃശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ. ഒടിപി ലഭിച്ച് റേഷൻ വാങ്ങാൻ ഏറെ നേരം കാത്തിരിക്കേണ്ട സ്ഥിതിയുണ്ട്. കേന്ദ്ര, സംസ്ഥാന റേഷൻ വിതരണത്തിന് പ്രത്യേകം ബിൽ ആയതിനാൽ രണ്ട് ഒടിപിയും ആവശ്യമായി വരുന്നു. 

കഴിഞ്ഞ വർഷം നവംബർ 24 മുതൽ റേഷൻ കടകളുടെ പ്രവർത്തനം ജില്ലാ അടിസ്ഥാനത്തിൽ രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചത് ഇപ്പോഴും തുടരുകയാണ്. ഈ ക്രമീകരണം ഇ പോസ് സംവിധാനത്തിലെ പ്രശ്നങ്ങളുടെ പേരിലായിരുന്നു. എന്നിട്ടും ഒടിപി ഇടപാടുകൾ വർധിക്കുന്നത് എന്തു കൊണ്ടെന്നു വ്യക്തമല്ല 

അതേസമയം, ഇ പോസ് പ്രശ്നങ്ങൾക്കു കാരണം നാഷനൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ ഹൈദരാബാദിലെ സെർവർ എന്നു പറയുന്നതല്ലാതെ സാങ്കേതിക പഠനം നടത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് തയാറായിട്ടില്ല. പ്രശ്നം പരിഹരിക്കാൻ മന്ത്രി ജി.ആർ.അനിൽ ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന ഐടി മിഷൻ, നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ഹൈദരാബാദ് പ്രതിനിധികൾ പങ്കെടുക്കും.

English Summary : Ration epos issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com