ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി സർക്കാരുമായി നല്ല ബന്ധത്തിന് കോൺഗ്രസിന്റെ നേതാവിനെ സിപിഎമ്മിന്റെ സർക്കാർ നിയോഗിക്കുന്ന കൗശലമാണ് കെ.വി.തോമസിന്റെ നിയമനത്തിൽ നടന്നത്. തോമസിന്റെ ഡൽഹിയിലെ ഏതു നീക്കവും ചർച്ചയാവും. സംഘപരിവാർ ബന്ധത്തിന്റെ ഇടനിലക്കാരനായാണ് തോമസിന്റെ നിയമനമെന്ന് പ്രതിപക്ഷം ആരോപിച്ചു കഴിഞ്ഞു. 

അവഗണിക്കുയാണെന്ന പരിഭവവുമായി കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളോട് ഇടഞ്ഞുനിന്ന തോമസിനെ കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ സെമിനാറിന് കഴിഞ്ഞ ഏപ്രിലിൽ സിപിഎം ക്ഷണിച്ചതിന്റെ പരിസമാപ്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വച്ചുനീട്ടുന്ന കാബിനറ്റ് റാങ്ക്. ആ സെമിനാർ കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെക്കുറിച്ചായതും കൗതുകം. ആ ബന്ധത്തിന് കണ്ണിയാവാൻ തോമസിനെത്തന്നെ നിയോഗിച്ചിരിക്കുന്നു. 

കോൺഗ്രസിൽ നിന്നു തന്നെ പുറത്താക്കിയിട്ടില്ലെന്നാണു തോമസ് അവകാശപ്പെടുന്നത്. പാർട്ടി കോൺഗ്രസ് വേദിയിൽ പോയതും അവിടത്തെ പിണറായി സ്തുതിയും പരിശോധിച്ച അച്ചടക്കസമിതി തോമസിനെ കെപിസിസി നിർവാഹകസമിതി, രാഷ്ട്രീയകാര്യസമിതി എന്നിവയിൽ നിന്ന് പുറത്താക്കാൻ നിർദേശിച്ചു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് കൺവൻഷനിൽ കൂടി പങ്കെടുത്തതോടെ തോമസിനെ പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കിയതായി കെപിസിസി അറിയിച്ചു. എഐസിസി അംഗമായ തന്നെ കെപിസിസിക്ക് പുറത്താക്കാൻ കഴിയില്ലെന്നതിനാൽ താൻ കോൺഗ്രസുകാരനായി തുടരുകയാണെന്ന ന്യായമാണ് തോമസിന്റേത്. സിപിഎമ്മിൽ ചേരണമെന്ന ആലോചന വന്നെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ അതു വേണ്ടെന്ന നിലപാട് എടുത്തു.

അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കോൺഗ്രസ് ബന്ധം മുറിച്ച് ഇടതു സഹയാത്രികനായതോടെ തോമസിന് സർക്കാർ പദവി നൽകുമെന്ന സന്ദേശം സിപിഎം നേതൃത്വം നൽകിയിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തോമസ് പാളയത്തിൽ ഉണ്ടായിട്ടും സിപിഎം തോറ്റു തുന്നംപാടിയത് തിരക്കിട്ട തീരുമാനത്തിൽ നിന്ന് പാർട്ടിയെ പിന്നോട്ടു വലിച്ചു. തോമസുമായി നല്ല ബന്ധം പുലർത്തിയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണവും പ്രഖ്യാപനം നീളാൻ കാരണമായി. 

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പൊളിറ്റ്ബ്യൂറോ അംഗമായ എം.എ.ബേബി എന്നിവരുമായി അടുത്ത സൗഹൃദത്തിലാണ് തോമസ്. പിണറായിയുമായി നിരന്തര സമ്പർക്കവുമുണ്ട്. ഡൽഹിയിലെ ഇടപെടലുകൾക്കൊപ്പം ക്രൈസ്തവ സഭകളുമായുള്ള ബന്ധം കൂടി കെ.വി.തോമസിന്റെ ദൗത്യമായി സിപിഎം കാണുന്നു. 

വി.എസ്.അച്യുതാനന്ദൻ വഹിച്ച ഭരണപരിഷ്കാര കമ്മിഷൻ, ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നീ രണ്ടു സിപിഎം നിർദേശങ്ങളിൽ തോമസ് കൂടുതൽ താൽപര്യം പ്രകടിപ്പിച്ച ഡൽഹി ദൗത്യമാണ് അദ്ദേഹത്തെ തേടിയെത്തിയത്. 26 വർഷത്തെ പാർലമെന്റ് ജീവിതത്തിൽ കേന്ദ്ര മന്ത്രിയായും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനുമായി പ്രവർത്തിച്ച തോമസ് ബിജെപി അടക്കമുളള പാർട്ടികളിലെ നേതാക്കളുമായി നല്ല ബന്ധത്തിലാണ്. കോൺഗ്രസ് വഴിക്ക് കെ.വി.തോമസ് സ്ഥാപിച്ച സൗഹൃദങ്ങൾ സിപിഎം പ്രയോജനപ്പെടുത്താൻ നോക്കുന്നു.

English Summary : K V Thomas to act as bridge between kerala government and central government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com