തിരുവനന്തപുരം∙ ഏതു പരാതിയുമായും നേരെ തലസ്ഥാനത്തെത്തി കെപിസിസി പ്രസിഡന്റിനെ കാണുന്ന കോൺഗ്രസ് രീതി നേതൃത്വം വിലക്കി. പരാതിപരിഹാരത്തിനു പുതിയ സംവിധാനം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രഖ്യാപിച്ചു. വിവിധ തലങ്ങളിലുണ്ടാകുന്ന പരാതികൾ നേരിട്ട് ആസ്ഥാനത്ത് എത്തുന്നത് പ്രസിഡന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാൽ പരിഹാരത്തിനു പുതിയ സംവിധാനം ഉണ്ടാക്കുകയാണെന്നു സർക്കുലറിൽ കെപിസിസി അറിയിച്ചു.
ബൂത്ത് പ്രസിഡന്റിന്റെ തീരുമാനങ്ങളിൽ എതിരഭിപ്രായം ഉള്ളവർ ഇനി ബൂത്ത് പ്രസിഡന്റിന്റെ അറിവോടെ മണ്ഡലം പ്രസിഡന്റിനെ ബോധിപ്പിക്കണം. മണ്ഡലം പ്രസിഡന്റിന് പരിഹാരം കാണാൻ കഴിയാത്ത വിഷയമാണെങ്കിൽ ബ്ലോക്ക് പ്രസിഡന്റിനു കൈമാറണം. ബ്ലോക്ക് പ്രസിഡന്റിന്റെ തീരുമാനത്തെക്കുറിച്ചു ഭിന്നാഭിപ്രായം ഉണ്ടെങ്കിൽ അക്കാര്യം അദ്ദേഹത്തിന്റെ അറിവോടെ ഡിസിസി പ്രസിഡന്റിനെ ധരിപ്പിക്കണം. ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഡിസിസി പ്രസിഡന്റ് അക്കാര്യം ചർച്ച ചെയ്തു പരിഹരിക്കണം.
ഡിസിസി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉള്ളവർ മാത്രമേ കെപിസിസിയെ സമീപിക്കാവൂ. ഡിസിസി പ്രസിഡന്റിനെയും അക്കാര്യം അറിയിക്കണം.
ഭാരത് ജോഡോ: തരൂരിന് കശ്മീരിൽ എത്താനാകില്ല
തിരുവനന്തപുരം∙ കശ്മീരിൽ 30നു നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപനച്ചടങ്ങിൽ കോൺഗ്രസ് നേതാവ് ശശി തരൂർ ഒഴിവാകും. ഓസ്ട്രിയയിലെ വിയന്നയിൽ നടക്കുന്ന രാജ്യാന്തര സമ്മേളനത്തിൽനിന്ന് 30നു കശ്മീരിൽ എത്താൻ കഴിയാത്തതാണു കാരണം. ഈ സാഹചര്യത്തിൽ തന്റെ അസൗകര്യം എഐസിസി നേതൃത്വത്തെ ധരിപ്പിക്കാനാണു തരൂർ ഒരുങ്ങുന്നത്.
വിയന്ന സമ്മേളനം വേണ്ടെന്നുവച്ചും ഭാരത് ജോഡോ സമാപനത്തിനു പോകണമെന്ന സമ്മർദം ഒപ്പംനിൽക്കുന്നവരിൽനിന്നു തരൂരിന്റെ മേലുണ്ട്. എന്നാൽ വിയന്ന പരിപാടി ഒഴിവാക്കാൻ കഴിയുന്നതല്ലെന്ന നിലപാടിലാണു തരൂർ.
English Summary: Grievance settlement in KPCC