വീട്, ഫ്ലാറ്റ് ഭാഗിക കൈമാറ്റം വഴി: ആഡംബര നികുതി വെ‌ട്ടിച്ചാൽ പിടിവീഴും

HIGHLIGHTS
  • നിയന്ത്രണങ്ങളുമായി റവന്യു വകുപ്പ്
house-representational-image
SHARE

തിരുവനന്തപുരം ∙ വീടും ഫ്ലാറ്റും ഉൾപ്പെടെയുള്ള ഗാർഹിക കെട്ടിടങ്ങളുടെ ഭാഗങ്ങൾ അടുത്ത ബന്ധുക്കളുടെ പേരിൽ എഴുതിവച്ച് ആഡംബര നികുതിയിൽ നിന്ന് ഒഴിവാകാനുള്ള നീക്കങ്ങൾക്കു റവന്യു വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനായി അടുക്കളയും ഗ്യാസ് കണക്‌ഷനും വാട്ടർ, വൈദ്യുതി ബില്ലുകളും വരെ ഇനി പരിശോധിക്കും. നികുതിയിളവ് ലഭിക്കുന്നതിനായി കെട്ടിടങ്ങൾ ധനനിശ്ചയ ആധാര പ്രകാരം അടുത്ത ബന്ധുക്കളുടെ പേരിലേക്കു കൈമാറ്റം ചെയ്യുന്ന പ്രവണത വർധിച്ചതിനാൽ നികുതി വരുമാനം കുറയുന്നുവെന്നു വിലയിരുത്തിയാണു നിയന്ത്രണങ്ങൾ. 

കെട്ടിടങ്ങൾ വിവിധ ഭാഗങ്ങളാക്കി വെവ്വേറെ നികുതി നിർണയം നടത്തണമെന്ന അപേക്ഷകൾ സർക്കാരിലേക്കു റഫർ ചെയ്യാനാണു നിർദേശം. ഓരോ കെട്ടിടത്തിന്റെയും ഉടമസ്ഥാവകാശം പരിശോധിക്കാൻ അംഗീകൃത പ്ലാൻ, പഞ്ചായത്തിൽ നിന്നോ നഗരസഭയിൽ നിന്നോ ലഭിച്ച കെട്ടിട നിർമാണ പെർമിറ്റ്, ഒക്യുപൻസി സർട്ടിഫിക്കറ്റ്, ധനനിശ്ചയ ആധാരം എന്നിവയുടെ പകർപ്പ് ഇനി വീട്ടുടമ ഹാജരാക്കണം.

നിയമപരമായി ഉടമസ്ഥത കൈമാറിയാലും യഥാർഥത്തിൽ കെട്ടിടങ്ങളുടെ രണ്ടു ഭാഗങ്ങളിലായി കഴിയുന്നുണ്ടോ എന്നു പരിശോധിക്കാൻ റേഷൻ കാർഡിന്റെ പകർപ്പ്, കഴിഞ്ഞ 3 മാസത്തെ പാചകവാതക ബില്ല്, വൈദ്യുതി– വാട്ടർ കണക്‌ഷന്റെ വിശദാംശങ്ങൾ എന്നിവ സമർപ്പിക്കണം. ഓരോ കെട്ടിടത്തിനും പ്രത്യേകം അടുക്കള, രണ്ടു നിലകൾക്കും പ്രത്യേകം പ്രവേശന കവാടം എന്നിവ ഉണ്ടോ എന്നും ഉടമകൾക്കു സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഉള്ളതാണോ എന്നുമുള്ള സ്ഥലപരിശോധന റിപ്പോർട്ട് ഫൊട്ടോഗ്രാഫ് അടക്കം നൽകണമെന്നും റവന്യു വകുപ്പിലെ സ്പെഷൽ സെൽ ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

1975ലെ കേരള ബിൽഡിങ് ടാക്സ് ആക്ട് അനുസരിച്ച് 1999 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ പൂർത്തിയാക്കിയ മൂവായിരം ചതുരശ്രയടി വരുന്നതോ (278.7 ചതുരശ്ര മീറ്റർ) അതിലും ഏറെയോ വിസ്തീർണം ഉള്ള കെട്ടിടങ്ങൾക്കാണ് വർഷം തോറും റവന്യു വകുപ്പ് ആഡംബര നികുതി ഈടാക്കുന്നത്. അടിത്തറ വിസ്തീർണം (പ്ലിന്ത് ഏരിയ) പ്രകാരം 5000 രൂപ മുതൽ 12,500 രൂപ വരെ വിവിധ ആഡംബര നികുതി സ്ലാബുകൾ ഉണ്ട്.

Content Highlight: Luxuary tax

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS