തദ്ദേശസ്ഥാപനങ്ങളിൽ ഇതു ഭരണമാറ്റത്തിന്റെ കാലം. അധികാരത്തിൽ 2 വർഷം പിന്നിട്ടതോടെ മുൻധാരണപ്രകാരം പലയിടത്തും അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങൾ വച്ചുമാറേണ്ട സമയമാണിപ്പോൾ. പാലായിലെ അധികാരക്കൈമാറ്റം സിപിഎമ്മിനുള്ളിൽ കല്ലുകടിയായപ്പോൾ ആലപ്പുഴയിലെ പുളിങ്കുന്നിൽ സ്വന്തം അധ്യക്ഷയെ അവിശ്വാസത്തിലൂടെ മാറ്റിയത് കോൺഗ്രസാണ്. പത്തനംതിട്ടയിലെ പുറമറ്റത്തു സ്വന്തം പ്രസിഡന്റിനെതിരെ എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും എൽഡിഎഫ് സ്വതന്ത്രയായ പ്രസിഡന്റ് യുഡിഎഫിനൊപ്പം ചേർന്നു സ്ഥാനത്തു തുടരുന്നു. മുന്നണിബന്ധങ്ങളെപ്പോലും ഉലച്ചു വിവിധ ജില്ലകളിൽ തദ്ദേശസ്ഥാപനങ്ങളിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിലൂടെ.
തിരുവനന്തപുരം
യുഡിഎഫ് ഭരിക്കുന്ന വെള്ളറട ഗ്രാമപ്പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം 2 വർഷത്തിനു ശേഷം മാറണമെന്ന് എഴുതിത്തയാറാക്കിയ കരാറുണ്ട്. കരാർ പ്രകാരം ആദ്യ 2 വർഷം കോൺഗ്രസിന്റെ എ.സി.ദീപ്തിയും തുടർന്ന് 3 വർഷം കോൺഗ്രസിന്റെ തന്നെ സരള വിൻസെന്റും വൈസ് പ്രസിഡന്റാകണം.
എന്നാൽ സ്ഥാനം കയ്യൊഴിയാൻ ദീപ്തി തയാറായില്ല. പറഞ്ഞ കാലാവധി കഴിഞ്ഞെങ്കിലും ഒരു ബജറ്റ് കൂടി അവതരിപ്പിച്ചിട്ടു ദീപ്തി മാറട്ടെ എന്നാണു ഡിസിസിയുടെ നിർദേശം. മാർച്ചിലാണു ബജറ്റ്. 23 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 13 അംഗങ്ങളുള്ളതിനാൽ ഭരണമാറ്റ ഭീഷണിയില്ല.
സിപിഎം ഭരിക്കുന്ന കോട്ടുകാൽ ഗ്രാമപഞ്ചായത്തിൽ രണ്ടരവർഷം പൂർത്തിയാകുമ്പോൾ പ്രസിഡന്റ് സ്ഥാനം ജെറോംദാസ് ഒഴിഞ്ഞ് ചന്ദ്രലേഖയ്ക്കു നൽകണമെന്ന് അവർ അംഗമായ ലോക്കൽ കമ്മിറ്റി ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് പദം ജനറൽ വിഭാഗത്തിലായതിനാൽ നിലവിലെ പ്രസിഡന്റിനെ മാറ്റി വനിതയെ കൊണ്ടുവരേണ്ടതില്ലെന്നു ജെറോംദാസിനൊപ്പം നിൽക്കുന്നവർ പറയുന്നു.
വെങ്ങാനൂർ ഗ്രാമപ്പഞ്ചായത്തിൽ രണ്ടര വർഷം കഴിഞ്ഞ് വൈസ് പ്രസിഡന്റ് മാറണമെന്നാണു വാക്കാലുള്ള ധാരണ. വൈസ് പ്രസിഡന്റ് റാണി വത്സലനെ മാറ്റി ചിത്രലേഖയെ വൈസ് പ്രസിഡന്റാക്കണമെന്നാണ് ആവശ്യം.
കൊല്ലം
കോൺഗ്രസ് വിമതയെ പ്രസിഡന്റാക്കി ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെങ്കിലും 2 വർഷമായപ്പോൾ അതേ പ്രസിഡന്റിനെ ബിജെപിക്കൊപ്പം ചേർന്ന് കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിലൂടെ പുറത്താക്കിയ കഥയാണു നെടുവത്തൂരിൽ. 18 അംഗ ഭരണസമിതിയിൽ 7 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസിന് അഞ്ചും കേരള കോൺഗ്രസ് ജേക്കബിന് ഒന്നും. പുറമേ കോൺഗ്രസിലെ വിമതയും. എൽഡിഎഫിന് 4. കോൺഗ്രസ് വിമത ആർ. സത്യഭാമയെ പ്രസിഡന്റ് സ്ഥാനാർഥിയാക്കിയപ്പോൾ യുഡിഎഫും ബിജെപിയും തുല്യനിലയിലായി. നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ യുഡിഎഫിനായി.
ലൈഫ് മിഷൻ പദ്ധതിയെച്ചൊല്ലി പ്രസിഡന്റിനെതിരെ സ്വന്തം വാർഡിൽ തന്നെ ആരോപണമുയർന്നപ്പോൾ സമരം എൽഡിഎഫും ബിജെപിയും ഏറ്റെടുത്തു. വിമതയെ പ്രസിഡന്റാക്കിയതിൽ അമർഷത്തിലായിരുന്ന യുഡിഎഫ് അംഗങ്ങൾ ഈ തക്കത്തിനു പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചു. ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പിൽ വിട്ടു നിൽക്കാനായിരുന്നു ഡിസിസി നേതൃത്വത്തിന്റെ വിപ്പ്. വിപ്പ് കൈപ്പറ്റാതെ യോഗത്തിൽ പങ്കെടുത്ത വൈസ് പ്രസിഡന്റ് ഉൾപ്പെടെ 4 അംഗങ്ങൾ ബിജെപി പ്രമേയത്തെ അനുകൂലിച്ചു. എൽഡിഎഫ് വിട്ടു നിന്നെങ്കിലും യുഡിഎഫ് പിന്തുണയോടെ പ്രമേയം പാസായി. ആർക്കും ഭൂരിപക്ഷമില്ലാത്ത ഗ്രാമപഞ്ചായത്ത് ഇനി ആരു ഭരിക്കുമെന്നതാണു ചോദ്യം.
പത്തനംതിട്ട
പുറമറ്റം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൽഡിഎഫ് അംഗം (സിപിഎം സ്വതന്ത്ര) സൗമ്യ ജോബി ഒരു വർഷത്തിനുശേഷം സ്ഥാനമൊഴിയണമെന്ന് പാർട്ടിക്കുള്ളിൽ ധാരണയുണ്ടായിരുന്നു. ഇവർ രാജിവയ്ക്കാതിരുന്നതിനെത്തുടർന്ന് എൽഡിഎഫിലെ 6 അംഗങ്ങൾ അവിശ്വാസം കൊണ്ടുവന്നു. എന്നാൽ 13 അംഗ ഭരണസമിതിയിലെ 6 യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസം ചർച്ചയ്ക്കെടുക്കാനായില്ല. തുടർന്നു പ്രസിഡന്റ് യുഡിഎഫിനൊപ്പം ചേരുകയും വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ അനുകൂല നിലപാടു സ്വീകരിക്കുകയും ചെയ്തു. ഇതോടെ എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ യുഡിഎഫിനായി.
അടൂർ നഗരസഭയിൽ ആദ്യ 2 വർഷം സിപിഐക്കും തുടർന്നുള്ള 3 വർഷം സിപിഎമ്മിനുമാണ് അധ്യക്ഷ സ്ഥാനം തീരുമാനിച്ചിരുന്നത്. സിപിഐയുടെ ഡി. സജി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയാറാണെങ്കിലും സിപിഎമ്മിന് പുതിയ നേതാവിനെ കണ്ടെത്താനായിട്ടില്ല.
കോഴഞ്ചേരി പഞ്ചായത്തിൽ കോൺഗ്രസ് പ്രതിനിധി ജിജി ജോൺ പ്രസിഡന്റ് സ്ഥാനം 2വർഷത്തിനുശേഷം കേരള കോൺഗ്രസ് പ്രതിനിധിക്കു കൈമാറണമെന്നാണു മുൻധാരണ. എന്നാൽ തീരുമാനമായിട്ടില്ല. യുഡിഎഫിനും എൽഡിഎഫിനും 5 അംഗങ്ങൾ വീതവും ബിജെപിക്ക് 2 അംഗങ്ങളും ഒരു സ്വതന്ത്രനും എന്നതാണ് ഭരണസമിതിയിലെ കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി വിട്ടുനിൽക്കുകയും സ്വതന്ത്രന്റെ വോട്ട് അസാധുവാകുകയും ചെയ്തതോടെ യുഡിഎഫിനും എൽഡിഎഫിനും തുല്യവോട്ടുകളായി. തുടർന്നു നടന്ന നറുക്കെടുപ്പിലാണു പ്രസിഡന്റ് പദം യുഡിഎഫിനു ലഭിച്ചത്.
ആലപ്പുഴ
ആലപ്പുഴ പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ കോൺഗ്രസിന്റെ പ്രസിഡന്റ് അമ്പിളി ടി.ജോസ് മുന്നണി ധാരണ പ്രകാരം മാറാതിരുന്നപ്പോൾ കോൺഗ്രസ് തന്നെ അവിശ്വാസത്തിലൂടെ പുറത്താക്കി. സിപിഎമ്മും സിപിഐയും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നെങ്കിലും എൽഡിഎഫിലെ എൻസിപി അംഗവും ബിജെപി അംഗവും പിന്തുണച്ചതോടെ അവിശ്വാസം പാസായി.
ചെങ്ങന്നൂർ നഗരസഭയിൽ ഉപാധ്യക്ഷ സ്ഥാനത്തെച്ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും പിണക്കത്തിലാണ്. കഴിഞ്ഞ ദിവസം കോൺഗ്രസുകാരിയായ നഗരസഭാധ്യക്ഷ മാറി പുതിയ ആൾ വന്നു. ഉപാധ്യക്ഷസ്ഥാനം കിട്ടാത്തതിനാൽ കേരള കോൺഗ്രസിന്റെ 4 അംഗങ്ങൾ അധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല. ഉപാധ്യക്ഷ സ്ഥാനത്ത് അടുത്ത ഊഴവും തങ്ങൾക്കു തന്നെയെന്നാണു കോൺഗ്രസ് നിലപാട്. എന്നാൽ, മുന്നണിയിൽ അങ്ങനെ ധാരണയില്ലെന്നു കേരള കോൺഗ്രസ് പറയുന്നു. ഇവിടെ കോൺഗ്രസിനു തനിച്ചു ഭൂരിപക്ഷമില്ല.
ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിയാത്ത കോൺഗ്രസിലെ രവികുമാർ കോമന്റേത്തിനെതിരെ അവിശ്വാസം കൊണ്ടുവരാനാണ് പാർട്ടി നീക്കം.
ഇടുക്കി
ചിന്നക്കനാൽ പഞ്ചായത്തിൽ എൽഡിഎഫിന് ഒരു സ്വതന്ത്രന്റെ ഉൾപ്പെടെ 7 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലും 6 അംഗങ്ങളുള്ള കോൺഗ്രസിനാണു ഭരണം. സിപിഎം പിന്തുണയോടെ മത്സരിച്ച് വിജയിച്ച സ്വതന്ത്ര അംഗം പരാജയപ്പെടുത്തിയത് സിപിഐ സ്ഥാനാർഥിയെ ആയതിനാൽ ഇവരുടെ പിന്തുണയോടെ ഭരണം വേണ്ടെന്ന് സിപിഐ നിലപാട് സ്വീകരിച്ചതോടെയാണ് കോൺഗ്രസിന് ഭരണം ലഭിച്ചത്. ഏതാനും മാസം മുൻപ് എൽഡിഎഫ് കൊണ്ടു വന്ന അവിശ്വാസം പാസായെങ്കിലും തുടർന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഎമ്മും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സിപിഐയും വിട്ടു നിന്നതോടെ ഭരണം വീണ്ടും കോൺഗ്രസിന് ലഭിച്ചു.
അടിമാലി പഞ്ചായത്തിൽ 21 അംഗ ഭരണ സമിതിയിൽ 11 അംഗങ്ങളുടെ പിന്തുണയോടെ എൽഡിഎഫ് ആണ് അധികാരത്തിൽ വന്നത്. എന്നാൽ ഭരണ സമിതിയിലെ പടല പിണക്കത്തെത്തുടർന്നു സിപിഐ അംഗം സനിത സജി യുഡിഎഫിലേക്കു ചേക്കേറി. തുടർന്നു യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സിപിഎം പ്രതിനിധി ഷെർളി മാത്യു പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്തായി. പകരം സനിത സജി യുഡിഎഫ് പ്രതിനിധിയായി പ്രസിഡന്റായി. വൈസ് പ്രസിഡന്റ് പദവിയും യുഡിഎഫ് പിടിച്ചെടുത്തു.
പാലക്കാട്
മങ്കര പഞ്ചായത്തിൽ സിപിഐയെ തോൽപ്പിക്കാൻ സിപിഎം വിജയിപ്പിച്ച സ്വതന്ത്രഅംഗം കൂറുമാറ്റ നിയമനുസരിച്ച് അയോഗ്യയായി. സ്വതന്ത്ര അംഗമായ സി.എം.വസന്തകുമാരി എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ പിന്നീട് ഉപാധ്യക്ഷയുമായി. എന്നാൽ, സ്വതന്ത്രയായി ജയിച്ചശേഷം സിപിഎം പാനലിൽ ഉപാധ്യക്ഷയായതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം അവരെ അയോഗ്യയാക്കി. പഞ്ചായത്തിലെ 14 അംഗങ്ങളിൽ യുഡിഎഫിനും എൽഡിഎഫിനും 6 വീതം അംഗങ്ങളുണ്ട്. നറുക്കെടുപ്പിൽ ജയിച്ച യുഡിഎഫ് അംഗം എം.എൻ.ഗോകുൽദാസാണു പ്രസിഡന്റ്.
മലപ്പുറം
മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം 2 വർഷം സിപിഐക്കും 3 വർഷം സിപിഎമ്മിനുമെന്നായിരുന്നു ധാരണ. എന്നാൽ സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളേടത്ത് രാജിവച്ചിട്ടില്ല. തർക്കവും ചർച്ചകളും തുടരുന്നു. പൊന്നാനി നഗരസഭയിൽ സിപിഐ ആവശ്യപ്പെട്ട സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ചാണു മാറഞ്ചേരിയിൽ സിപിഐയുടെ ഇടച്ചിൽ.
മുന്നണിയിലെ ധാരണയോ ഭൂരിപക്ഷം നഷ്ടപ്പെട്ടതോ അല്ല ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ചൂരപ്പിലാൻ ഷൗക്കത്തിന്റെ കസേര തെറിപ്പിച്ചത്. സാമ്പത്തിക പ്രാരബ്ധങ്ങളെക്കുറിച്ചു ഭാര്യയുമായി സംസാരിക്കുന്ന ശബ്ദസന്ദേശം പ്രചരിച്ചതാണു പ്രശ്നമായത്. അതിൽ പഞ്ചായത്തിൽനിന്നു വിതരണം ചെയ്യുന്ന കട്ടിലിന്റെയും വളത്തിന്റെയും മറ്റും കമ്മിഷൻ കണക്കെല്ലാം പറയുന്നുണ്ട്. ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ടതോടെ പ്രസിഡന്റിനു രാജി വയ്ക്കേണ്ടി വന്നു. ലീഗുമായുള്ള ധാരണ പ്രകാരം കോൺഗ്രസിനു 5 മാസം കൂടി പ്രസിഡന്റ് സ്ഥാനമുണ്ടായിരുന്നു.
കോഴിക്കോട്
സ്ഥാനം പങ്കിടലിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ധാരണയാണ് മാവൂർ പഞ്ചായത്തിൽ കോൺഗ്രസും മുസ്‍ലിം ലീഗും തമ്മിലുണ്ടാക്കിയത്. അധ്യക്ഷ സ്ഥാനമല്ല, അംഗത്വം തന്നെ പങ്കുവയ്ക്കാനായിരുന്നു ധാരണ. യുഡിഎഫിന്റെ ഉറച്ച കോട്ടയായ ഒരു വാർഡിൽ ആദ്യം ലീഗ് മത്സരിക്കും. രണ്ടര വർഷത്തിനു ശേഷം ലീഗ് അംഗം രാജിവച്ചു കോൺഗ്രസ് മത്സരിക്കും എന്നതായിരുന്നു ധാരണ. മാവൂർ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ആദ്യ 2 വർഷം ലീഗിനും ഒരു വർഷം ആർഎംപിക്കും അവസാനത്തെ 2 വർഷം കോൺഗ്രസിനുമാണ്. കോൺഗ്രസ് പ്രസിഡന്റാക്കാൻ ഉദ്ദേശിക്കുന്നയാളെ ലീഗ് അംഗം രാജിവയ്ക്കുന്ന വാർഡിൽ മത്സരിപ്പിച്ചു ജയിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ധാരണയിൽനിന്നു ലീഗ് പിന്തിരിഞ്ഞോ എന്നു കോൺഗ്രസിനൊരു സംശയം. ഇതോടെ മാവൂർ പഞ്ചായത്ത് കൂടി ഉൾപ്പെടുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ധാരണ തെറ്റിക്കാൻ കോൺഗ്രസും തീരുമാനിച്ചു. കുന്നമംഗലം ബ്ലോക്കിൽ ആദ്യത്തെ രണ്ടു വർഷം കോൺഗ്രസിനും 3 വർഷം ലീഗിനുമാണു പ്രസിഡന്റ് സ്ഥാനം. കോൺഗ്രസിന്റെ പ്രസിഡന്റ് ഡിസംബറിൽ സ്ഥാനമൊഴിയേണ്ടതാണെങ്കിലും ഇതുവരെ രാജി വച്ചിട്ടില്ല.
English Summary: Political dramas during president, vice president change in local self governments