ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് അഴിച്ചുപണിയിൽ ഡിസിസി ഭാരവാഹികളായി വരുന്നവരിൽ പകുതിപ്പേർ പുതുമുഖങ്ങളും 50 വയസ്സിൽ താഴെയുള്ളവരും ആവണമെന്ന് കെപിസിസി നിർദേശിച്ചു. തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പ്രസിഡന്റുമാരെ ഭാരവാഹിത്വത്തിൽ നിന്നു വിലക്കി. ഇവർക്ക് നിർവാഹകസമിതി അംഗങ്ങളാകാൻ തടസ്സമില്ല.

സർക്കാർ– അർധസർക്കാർ, സഹകരണ സ്ഥാപനങ്ങൾ, എന്നിവയിൽ സ്ഥിരം ജോലി ഉള്ളവരെയും ത്രിതലപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയും ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തും വിലക്കി. രണ്ടു വർഷത്തിനിടെ കെപിസിസി അച്ചടക്കനടപടി എടുത്തവരെ ഒരു തലത്തിലും പരിഗണിക്കില്ലെന്നും പുതുക്കിയ പുനഃസംഘടനാ മാർഗരേഖയിൽ വ്യക്തമാക്കി. 

ഒരു വർഷത്തിനുള്ളിൽ നിയമിച്ച ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ ഒഴികെ ആ പദവിയിൽ ഇരിക്കുന്ന എല്ലാവരും മാറണം. സ്ഥാനമൊഴിയുന്ന ബ്ലോക്ക് പ്രസിഡന്റുമാരിൽ മികച്ച പ്രവർത്തനം നടത്തിയവരെ ഡിസിസി ഭാരവാഹികളായി പരിഗണിക്കാം. മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചാൽ ഉടൻതന്നെ ആ സ്ഥലങ്ങളിൽ മറ്റു ഭാരവാഹികളെയും നിശ്ചയിക്കണം. 

ഡിസിസി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരെ സംബന്ധിച്ച ശുപാർശകൾ ജില്ലാ ഉപസമിതി കെപിസിസിക്കു കൈമാറണം. അതേസമയം മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനുള്ള അധികാരം കെപിസിസിയുടെ അന്തിമ തീരുമാനത്തിനു വിധേയമായി ജില്ലാ സമിതികൾക്കു കൈമാറി. തർക്കങ്ങൾ നിലനിന്നാൽ തീരുമാനം കെപിസിസിക്കു വിടണം. ബ്ലോക്ക് പ്രസിഡന്റുമാരിൽ ഒരു ജില്ലയിൽ ഒരാളെങ്കിലും വനിത ആയിരിക്കണം. അസംബ്ലി നിയോജകമണ്ഡലത്തിനു കീഴിലുള്ള ഒരു മണ്ഡലം കമ്മിറ്റിയിൽ എങ്കിലും വനിതാ പ്രസിഡന്റ് വേണം. 

4 ജില്ലകളിൽ 25 വീതം ഭാരവാഹികൾ; മറ്റുള്ളിടത്ത് 35 വീതം

കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ 25 പേരായിക്കും ഡിസിസി ഭാരവാഹികൾ. 19 ജനറൽ സെക്രട്ടറിമാർ, 5 വൈസ് പ്രസിഡന്റുമാർ, ഒരു ട്രഷറർ. ഭാരവാഹികളിൽ ഒരു പട്ടികവിഭാഗം വനിത ഉൾപ്പെടെ നാലു വനിതകൾ വേണം. 26 അംഗ നിർവാഹകസമിതിയാണ് ഈ ജില്ലകളിൽ വരേണ്ടത്. മറ്റു ജില്ലകളിൽ 35 ഭാരവാഹികൾ ഉണ്ടാകും. 28 ജനറൽ സെക്രട്ടറിമാർ, ആറു വൈസ് പ്രസിഡന്റുമാർ, ഒരു ട്രഷറർ. ഇതിൽ ആറു പേർ വനിതകളാവണം. മൂന്നു പട്ടികവിഭാഗ പ്രതിനിധികൾ വേണം. ഈ ജില്ലകളിൽ 36 അംഗ നിർവാഹകസമിതി ആയിരിക്കും. 

English Summary: Congress re-organisation guidlines revised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com