ADVERTISEMENT

കൊച്ചി∙ എല്ലാ ശനിയാഴ്ചകളിലും പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ഈരാറ്റുപേട്ടയിലെ അഭിഭാഷകനെ വീട്ടിൽ കയറി ആക്രമിച്ചെന്ന കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോയുടെ ജാമ്യം എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വീണ്ടും റദ്ദാക്കി.

2018 നവംബർ ഏഴിനു രാത്രിയിലാണു അഭിഭാഷകനായ നിസാം നാസറിനു നേരെ ആക്രമണമുണ്ടായത്. കേസിൽ രണ്ടാം പ്രതിയായ അർഷോയെ 2019 ജനുവരി 22ന് അറസ്റ്റ് ചെയ്തു. പിന്നീട് മാർച്ച് 20നു ജാമ്യത്തിലിറങ്ങി.

ജാമ്യത്തിലിറങ്ങിയ ശേഷം ഒട്ടേറെ കേസുകളിൽ അർഷോ പ്രതിയായെന്നും ഇതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് നിസാം നാസർ ഹൈക്കോടതിയെ സമീപിച്ചു. 2022 ഫെബ്രുവരി 28ന് ആദ്യ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി അർഷോയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. അർഷോ ഒളിവിലാണെന്നു വിശദീകരിച്ച പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതായുള്ള ആരോപണം ശക്തമായതോടെ അർഷോ കീഴടങ്ങി. തുടർന്നു സമർപ്പിച്ച ജാമ്യ ഹർജിയിൽ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. എല്ലാ ശനിയാഴ്‌ചകളിലും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം, ജാമ്യത്തിലിരിക്കെ മറ്റു കേസുകളിൽ ഉൾപ്പെടരുത് തുടങ്ങിയ ഉപാധികളോടെയാണു ജാമ്യം അനുവദിച്ചത്.

ശനിയാഴ്ചകളിൽ ഹാജരാകണമെന്ന വ്യവസ്ഥ ലംഘിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണു ജാമ്യം രണ്ടാമതും റദ്ദാക്കിയത്. എന്നാൽ, താൻ അസുഖമായി കിടപ്പിലായിരുന്നുവെന്നും ഇക്കാര്യം കാണിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും അർഷോ അറിയിച്ചു.

English Summary : SFI state secratary P M Arsho bail cancelled due to bail violation 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com