ആന്ത്രോത്ത്, കൽപേനി യാത്രക്കാർക്ക് എംവി അറേബ്യൻ സീ ‌കപ്പലിൽ ടിക്കറ്റ്

HIGHLIGHTS
  • മിനിക്കോയ് ദ്വീപിലേക്കുള്ള യാത്രയിലെ അനിശ്ചിതാവസ്ഥ തുടരുന്നു
SHARE

കൊച്ചി ∙ എംവി കവരത്തി കപ്പലിന്റെ 24ലെ സർവീസ് റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ ലക്ഷദ്വീപിലെ ആന്ത്രോത്ത്, കൽപേനി ദ്വീപുകളിലേക്കുള്ള യാത്രക്കാർ ഇന്ന് എംവി അറേബ്യൻ സീ കപ്പലിൽ യാത്ര തിരിക്കും. കവരത്തി കപ്പലിൽ ടിക്കറ്റെടുത്ത ഈ ദ്വീപുകളിലേക്കുള്ള യാത്രക്കാർക്കായി എംവി അറേബ്യൻ സീ കപ്പലിലെ ബങ്ക് ടിക്കറ്റുകൾ അധികൃതർ പൂർണമായി നീക്കിവച്ചു. കവരത്തി ടിക്കറ്റിനു കാബിൻ ബുക്ക് ചെയ്ത യാത്രക്കാർക്കു ശേഷിക്കുന്ന തുക മടക്കി നൽകി. 

കൊച്ചിയിൽനിന്ന് ഏറ്റവും അകലെയുള്ള മിനിക്കോയ് ദ്വീപിലേക്ക് 24ലെ കവരത്തി കപ്പലിൽ ടിക്കറ്റെടുത്ത ടൂറിസ്റ്റുകളും ദ്വീപ് നിവാസികളും അടക്കമുള്ളവരുടെ യാത്രയിലെ അനിശ്ചിതാവസ്ഥ ഇന്നലെയും മാറിയില്ല. കവരത്തി കപ്പലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നാളെ ഇവരെ കൊണ്ടുപോകാമെന്നാണ്  അധികൃതർ കരുതുന്നത്. 

കപ്പലുകളുടെ നേരത്തെ ഇറക്കിയ സമയക്രമം അനുസരിച്ച് 28നാണ് എംവി കവരത്തിയുടെ അടുത്ത യാത്ര. അറ്റകുറ്റപ്പണിയിലെ അനിശ്ചിതാവസ്ഥ കാരണം ഈ സർവീസിനുള്ള ടിക്കറ്റ് വിൽപന ഇനിയും നടത്തിയിട്ടില്ല. അതിനിടെ, ഇന്നു കൽപേനി, ആന്ത്രോത്ത് ദ്വീപുകളിലേക്കു പോകുന്ന എംവി അറേബ്യൻ സീ തിരിച്ചെത്തി നാളെ മിനിക്കോയിലേക്കുള്ള യാത്രക്കാരുമായി പുറപ്പെടുമെന്നാണു സൂചന. 700 പേർക്കു യാത്ര ചെയ്യാവുന്ന എംവി കവരത്തിക്ക് പകരമാകില്ല 250 പേർക്കു യാത്ര ചെയ്യാവുന്ന അറേബ്യൻ സീ. 400 വീതം സീറ്റുകളുള്ള എംവി കോറൽസ് ഇന്നും എംവി ലഗൂൺസ് നാളെയും യാത്ര തിരിക്കും.

എംവി അറേബ്യൻ സീ കൂടി സർവീസ് ആരംഭിച്ചതോടെ ലക്ഷദ്വീപിലേക്കു സർവീസ് നടത്തുന്ന കപ്പലുകളുടെ എണ്ണം നാലായെന്ന് പ്ലൈ ആൻഡ് ട്രാൻസ്പോർട്ട്  ഡപ്യൂട്ടി ഡയറക്ടർ ഷക്കീൽ അഹമ്മദ് അറിയിച്ചു. ദ്വീപ് യാത്രാക്ലേശത്തെക്കുറിച്ചു ‘മലയാള മനോരമ’യിൽ വാർത്ത വന്നതിന്റെ തൊട്ടുപിറ്റേന്നു തന്നെ അധികൃതർ അറേബ്യൻ സീ കപ്പൽ കൂടി യാത്രാക്രമത്തിൽ ഉൾപ്പെടുത്തി. 

എംവി കവരത്തി കൂടി പൂർണമായി സജ്ജമായാൽ ദ്വീപുകാരുടെ യാത്രാപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും. 250 പേർക്കു യാത്ര ചെയ്യാവുന്ന എംവി ലക്ഷദ്വീപ് സീ ഏ‌പ്രിലിന് മുൻപു സജ്ജമാകുമെന്ന് അദ്ദേഹം പറയുന്നു. അങ്ങനെയായാൽ കപ്പലുകളുടെ എണ്ണം അഞ്ചാകും. കൊച്ചിയിൽനിന്നു മാത്രമാണു നിലവിൽ ലക്ഷദ്വീപ് സർവീസുള്ളത്. കോഴിക്കോട് ബേപ്പൂരിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

English Summary: MV Arabian sea ship to Lakshadweep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS