ADVERTISEMENT

കൊച്ചി∙ ലക്ഷദ്വീപിലേക്കുള്ള യാത്രാദുരിതത്തിനു താൽക്കാലിക ആശ്വാസമേകി ഇന്നലെ പുറപ്പെടുമെന്നറിയിച്ചിരുന്ന എംവി കവരത്തി കപ്പലിന്റെ യാത്ര പൊടുന്നനെ മുടങ്ങി. ഇതോടെ ദ്വീപുകാരും ഇരുനൂറോളം വിനോദസഞ്ചാരികളുമടക്കം 700 യാത്രക്കാർ ദുരിതത്തിലായി. കപ്പലിന്റെ ക്ഷമത വിലയിരുത്തുന്ന സർവേ നടപടികൾ പൂർത്തിയാകാത്തതാണു കാരണമെന്നാണു വിവരം. നേരത്തെ പ്രഖ്യാപിച്ച സമയക്രമപ്രകാരം എംവി കവരത്തി ഇനി യാത്ര പുറപ്പെടേണ്ടത് 28നാണ്. സർവേ പൂർത്തിയായാൽ 27നു പുറപ്പെടാൻ സാധ്യതയുണ്ടെന്നും പറയുന്നു.

ഇന്നലെ രാവിലെ 9നു ബോർഡിങ് ആരംഭിക്കേണ്ട കപ്പലിന്റെ യാത്ര നീട്ടിവച്ചതായി അറിയിച്ചു ലക്ഷദ്വീപ് അധികൃതരുടെ ഒരുവരി സന്ദേശം യാത്രക്കാർക്കു ലഭിച്ചതു തി‌ങ്കളാഴ്ച വൈകിട്ടാണ്. ആഴ്ചകളായി വാടകയ്ക്കു നിന്നിരുന്ന ലോഡ്ജുകളിലെയും മറ്റും കണക്കുകൾ തീർത്തു യാത്ര പുറപ്പെടാൻ നിന്ന ദ്വീപ് നിവാസികളായ യാത്രക്കാരും ഇതോടെ നിരാശയിലായി. അവരുടെ കാത്തിരിപ്പ് ഇനിയും നീളുന്ന സ്ഥിതി.

വിദേശികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വദേശികളുമടക്കമുള്ള വിനോദസഞ്ചാരികളിൽ ചിലർ ഇന്നലെ കൊച്ചിയിൽ ലക്ഷദ്വീപ് കാര്യാലയത്തിലെത്തിയെങ്കിലും കൃത്യമായ ഉറപ്പൊന്നും ലഭിച്ചില്ലെന്നാണു വിവരം. 10 ദിവസമായി ക്ഷമതാ സർവേയിലായിരുന്നു എംവി കവരത്തി കപ്പൽ. ഇതു പൂർത്തിയായി ഇന്നലെ പുറപ്പെടുന്ന തരത്തിൽ സമയക്രമത്തിൽ ഉൾപ്പെടുത്തി. വിൽപന തുടങ്ങിയ 17നുതന്നെ മുഴുവൻ ടിക്കറ്റുകളും തീർന്നു. ആ യാത്രയാണു മുടങ്ങിയത്. മിനിക്കോയ്, കൽപേനി, അഗത്തി എന്നീ വിനോദസഞ്ചാര ദ്വീപുകളെ ബന്ധിപ്പിച്ചുള്ള യാത്രയായതിനാൽ വലിയതോതിൽ വിനോദസഞ്ചാരികളും യാത്ര ചെയ്യേണ്ടിയിരുന്നു.

അതിനിടെ, ഏ‌പ്രിലിനു മുൻപു സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്ന എംവി അറേബ്യൻ സീ എന്ന കപ്പൽ ഞായറാഴ്ച ആദ്യ സർവീസ് നടത്തി. ഈ കപ്പൽ ഇന്നു തിരികെയെത്തും. നാളെ കൽപേനി, ആന്ത്രോത്ത് ദ്വീപുകളിലേക്ക് ഇതു സർവീസ് നടത്തും. 250 പേർക്കു യാത്രചെയ്യാവുന്ന കപ്പലാണിത്.

എംവി അറേബ്യൻ സീ കൂടി എത്തിയതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പലുകളുടെ എണ്ണം നാലായി. കേരളത്തിൽ ചികിത്സയ്ക്കെത്തിയ നൂറുകണക്കിനു ദ്വീപ് നിവാസികൾ ഡിസ്ചാർജ് ചെയ്തിട്ടും കപ്പൽ ടിക്കറ്റില്ലാത്തതിനാൽ വലിയ തുക വാടക നൽകി കുടുംബസമേതം കൊച്ചിയിൽ കഴിയുന്നതിന്റെ ദുരിതകഥ ‘മനോരമ’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് എംവി അറേബ്യൻ സീ കൂടി ഉൾപ്പെടുത്തി സമയക്രമം പുതുക്കിയത്.

English Summary : MV Kavaratti ship cancelled yesterday trip to Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com