ബിബിസി ഡോക്യുമെന്ററി: അമ്പരപ്പിച്ച് അനിൽ, ഭാവി നീക്കമെന്ത്?; ആന്റണിക്ക് മൗനം

HIGHLIGHTS
  • ആളിക്കത്തിക്കാൻ ആളുണ്ട്, കോൺഗ്രസിൽ പ്രശ്നം തീർക്കാൻ ആരുമില്ല
anil-antony-and-ak-antony
അനിൽ ആന്റണി, എ.കെ. ആന്റണി
SHARE

തിരുവനന്തപുരം ∙ അനിൽ ആന്റണിയുടെ അഭിപ്രായപ്രകടനം അമ്പരപ്പാണ് സംസ്ഥാന കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്. രാജി കേരള നേതാക്കൾക്ക് ആശ്വാസമായി. എ.കെ. ആന്റണിയുടെ മകനെതിരെ അവർക്കു കൂടുതൽ സ്വരം കടുപ്പിക്കേണ്ടി വന്നില്ല. 

വ്യക്തിപരമായുള്ള ഇഷ്ടം രാഷ്ട്രീയരംഗത്ത് അനിലിനോട് കേരള നേതാക്കൾ പുലർത്തിയിരുന്നില്ല. കേന്ദ്രനേതൃത്വവും അദ്ദേഹത്തെ വിശ്വാസത്തിലെടുത്തില്ല. അതുകൊണ്ടുതന്നെ അനിലിന്റെ അഭിപ്രായ പ്രകടനത്തോടു കോൺഗ്രസ് സൈബർ ഇടങ്ങളിൽ നിന്നു തീരെ മാർദവമില്ലാത്ത പ്രതികരണങ്ങളുണ്ടായി. നിലപാടു വ്യത്യാസത്തിന്റെ പേരിലല്ല, ചീത്തവിളിയുടെ പേരിലാണു പദവി ഒഴിഞ്ഞതെന്നാണ് അനിൽ പ്രതികരിച്ചതും.

തിരക്കിട്ട രാജിയുടെ കാര്യത്തിൽ എ.കെ.ആന്റണിയുടെ വഴി തന്നെ മകനും സ്വീകരിച്ചു. ആന്റണി ഇതിനോട് മനസ്സു തുറന്നിട്ടില്ല. സംഘപരിവാറിന് അനുകൂലമായ സ്വരം മകനിൽ നിന്നു വന്നെന്ന പഴി കേൾക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാവില്ല. ലോക്സഭാ തിരഞ്ഞെടുപ്പല്ലാതെ മറ്റൊന്നിനെക്കുറിച്ചും ഇനി ചിന്തിക്കരുതെന്നു ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹകസമിതിയിൽ അനാവശ്യ വിവാദങ്ങൾ വിലക്കിയത് ആന്റണി തന്നെയാണ്. ഇപ്പോൾ മകൻ വിവാദത്തിന്റെ കേന്ദ്രബിന്ദുവായി, കോൺഗ്രസിൽ നിന്നു തന്നെ അകലുകയും ചെയ്തു. 

തന്റെ നിലപാട് മകനും പിന്തുടരണമെന്ന് ആന്റണി ശാഠ്യം പിടിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെയെ അവതരിപ്പിക്കുന്നതിനു ഡൽഹിയിൽ കാർമികത്വം വഹിച്ച ആന്റണി പിന്നീട് കണ്ടത് ശശി തരൂരിനെ പിന്തുണച്ച് മകൻ രംഗത്തെത്തിയതാണ്. പുതിയ തലമുറയുടെ താൽപര്യങ്ങളിൽ ഇടപെടാൻ താനാരാണെന്ന നിസ്സഹായതയാണ് അടുപ്പമുള്ളവരോട് അദ്ദേഹം പങ്കുവച്ചത്.

കോൺഗ്രസുകാർ അനിലിനെ വിലമതിച്ചിരുന്നത് എ.കെ.ആന്റണിയുടെ മകൻ എന്ന നിലയിൽ തന്നെയാണ്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറായി മുല്ലപ്പള്ളി രാമചന്ദ്രൻ അനിലിനെ നിയോഗിച്ചതിനു പിന്നിലും ആ പരിഗണനയുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് സമൂഹ മാധ്യമപ്രചാരണത്തിന് സാധ്യമായതെല്ലാം ചെയ്തെന്ന് അനിൽ അവകാശപ്പെട്ടെങ്കിലും കോൺഗ്രസിന്റെ  തന്നെ മറ്റൊരു സൈബർ ടീം അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. അതോടെ അനിലിന് കേരളരാഷ്ട്രീയത്തിൽ താൽപര്യം കുറഞ്ഞു.

പ്രഫഷനൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ കൂടിയായ ശശി തരൂരിനോടുളള സൗഹൃദത്തിലൂടെയാണ് അനിൽ സമീപകാലത്ത് കോൺഗ്രസ് ബന്ധം തുടർന്നു വന്നത്. ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ അനിലിന്റെ അഭിപ്രായത്തെ പൂർണമായും തരൂർ തള്ളി.

പ്രശ്നങ്ങൾ ആളിക്കത്തിക്കാൻ ആളുണ്ട്, പരിഹരിക്കാൻ ആളില്ല എന്ന സ്ഥിതി കോൺഗ്രസിൽ തുടരുകയാണ്. അനിലിന്റെ ഭാവി നീക്കത്തെപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിച്ചു തുടങ്ങി. ആന്റണിയോട് ആലോചിച്ചല്ല രാജി എന്നാണ് അനിൽ പറഞ്ഞത്. രാഷ്ട്രീയത്തിൽ തുടരാനാണെങ്കിൽ ആന്റണിയോട് ഉപദേശം തേടാതിരിക്കില്ലെന്ന് കോൺഗ്രസുകാർ പ്രതീക്ഷിക്കുന്നു. 

English Summary: Controversy over Anil Antony remarks regarding BBC Narendra Modi Documentary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA