നെടുങ്കണ്ടം ∙ മജിസ്ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കുന്നതിനിടെ പോക്സോ കേസ് പ്രതികളിലൊരാൾ കടന്നുകളഞ്ഞ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 2 സിവിൽ പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തു. സിപിഒമാരായ ഷാനു വാഹിദ്, ഷമീർ എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസ് സസ്പെൻഡ് ചെയ്തത്.
ഏഴാം ക്ലാസിൽ പഠിക്കുന്ന മകളെ പീഡിപ്പിച്ച കേസിലെ പ്രതിയാണു തിങ്കളാഴ്ച രാത്രി കടന്നുകളഞ്ഞത്. മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കാനായി കൈവിലങ്ങ് അഴിച്ചതോടെ മിനി സിവിൽ സ്റ്റേഷനു പിന്നിലെ കാട്ടിലേക്ക് ഓടിക്കളയുകയായിരുന്നു. ഇതിനുശേഷം രണ്ടു തവണ പ്രതിയെ പൊലീസ് കണ്ടെത്തിയെങ്കിലും പിടിക്കാൻ കഴിഞ്ഞില്ല. കേസിലെ രണ്ടാമത്തെ പ്രതി പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്.
ഇതേ കേസിലെ മൂന്നാമത്തെ പ്രതി വിദേശത്താണ്.
ഒരു പ്രതിക്കു 2 പൊലീസുകാർ എസ്കോർട്ട് വേണമെന്നാണു നിയമം. എന്നാൽ, 2 പ്രതികളെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയപ്പോൾ 2 സിപിഒമാർ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷമാണു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. കൗൺസലിങ്ങിനിടെ വിവരം പുറത്തുവരികയായിരുന്നു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ വാട്സാപ് ഗ്രൂപ്പിൽ നിന്നു പോക്സോ കേസ് പ്രതിയുടെ ചിത്രം പുറത്തുവന്നതും വിവാദമായി.
പിതാവ് പ്രതിയായതോടെ അതിജീവിതയെ തിരിച്ചറിയാൻ സാധ്യതയുള്ളതിനാൽ ചിത്രം പുറത്തുവിടാൻ പൊലീസിന് അധികാരമില്ല.
English Summary : Posco case accused escaped, 2 CPO suspended