ADVERTISEMENT

കോഴിക്കോട് ∙ തെരുവുകച്ചവടക്കാർക്കു വേണ്ടിയുള്ള ഉന്തുവണ്ടിയുടെ ഡിസൈൻ തയാറാക്കാനുള്ള പദ്ധതിയിൽ നിന്ന് ഒരു ആർക്കിടെക്ട് ഗ്രൂപ്പിനെ ഒഴിവാക്കിയത് അവരുടെ അപേക്ഷ കൃത്യസമയത്തു  കാണാത്തതു കൊണ്ടാണെന്ന വിചിത്ര വിശദീകരണവുമായി കോർപറേഷൻ. തപാൽ വഴി അപേക്ഷ എത്തിയെങ്കിലും സെക്ഷൻ ക്ലാർക്ക് അവധിയിലായിരുന്നതിനാൽ കൃത്യസമയത്തു കമ്മിറ്റിയുടെ പരിശോധനയ്ക്ക് എത്തിയില്ലെന്നാണു പുതിയ വിശദീകരണം. പിന്നീടു പരിഗണിച്ചെങ്കിലും മതിയായ വിവരങ്ങൾ ഇല്ലാത്തതിനാൽ അപേക്ഷ ഒഴിവാക്കുകയായിരുന്നെന്നും കോർപറേഷൻ അധികൃതർ പറയുന്നു. 

കോർ‌പറേഷനു താൽപര്യമുള്ള ഗ്രൂപ്പിനെ സഹായിക്കാൻ മറ്റൊരു സ്ഥാപനത്തെ ഒഴിവാക്കിയെന്ന ആരോപണത്തിനു മറുപടിയായാണു പുതിയ വിശദീകരണവുമായി രംഗത്തെത്തിയത്. അങ്ങനെയൊരു സ്ഥാപനം അപേക്ഷയേ തന്നിട്ടില്ലെന്നാണു കോർപറേഷൻ അധികൃതർ നേരത്തേ പറഞ്ഞിരുന്നത്. 

കാരന്തൂരിലെ സ്ഥാപനം തപാൽ വഴി അയച്ച അപേക്ഷ വൈകിയാണു വെൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ലഭിച്ചതെന്നു കോർപറേഷൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. മറ്റു രണ്ടു സ്ഥാപനങ്ങൾ സെക്രട്ടറിക്കു നേരിട്ടു നൽകിയവയിൽ നിന്ന് അപ്പോഴേക്കും ഡിസൈൻ തിരഞ്ഞെടുത്തിരുന്നു. വൈകി ലഭിച്ച ഡിസൈൻ പുനഃപരിശോധനയ്ക്ക് എടുത്തെങ്കിലും പദ്ധതി വിശദാംശങ്ങൾ ഇല്ലാത്തതിനാൽ തുടർന്ന് ഒഴിവാക്കുകയായിരുന്നുവെന്നും സ്ഥിരം സമിതി അധ്യക്ഷൻ  പറയുന്നു.   

അതേസമയം, വിശദവിവരങ്ങൾ ആവശ്യപ്പെടാത്തതു കൊണ്ടാണു ഡിസൈൻ മാത്രം നൽകിയതെന്നാണു സ്ഥാപന ഉടമകൾ പറയുന്നത്. അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യത്തിലും വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല.

English Summary : Strange explanation by kozhikode corporation regarding vehicle design for street vendors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com