വയോധികയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്ന പരാതി: സിപിഎം കൗൺസിലർക്ക് പാർട്ടി സസ്പെൻഷൻ

HIGHLIGHTS
  • സസ്പെൻഷൻ ഒരു വർഷത്തേക്ക്
CPM Flag
SHARE

നെയ്യാറ്റിൻകര (തിരുവനന്തപുരം) ∙ വയോധികയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്ന പരാതിയിൽ ആരോപണ വിധേയനായ നെയ്യാറ്റിൻകര നഗരസഭ തവരവിള വാർഡിലെ സിപിഎം കൗൺസിലർ സുജിന് സസ്പെൻഷൻ. കൗൺസിലറുടെ തട്ടിപ്പു കേസ്, പാർട്ടി തലത്തിൽ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. സുജിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്കാണു സസ്പെൻഡ് ചെയ്തിരിക്കുന്നത്.

ഈ മാസം 20ന് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ആണ് സുജിനെ സംബന്ധിക്കുന്ന പരാതി പരിഗണിച്ചത്. കോൺഗ്രസും ബിജെപിയും ഈ വിഷയത്തെ രാഷ്ട്രീയമായി കാണുന്ന സാഹചര്യത്തിൽ പ്രതിരോധിക്കണമെന്നു യോഗത്തിൽ ചർച്ചയുണ്ടായി. ഇതേത്തുടർന്ന് സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പി.കെ.രാജ്മോഹൻ, ആർ.വി.വിജയബോസ്, കെ.മോഹനൻ എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു. അവർ നടത്തിയ അന്വേഷണത്തിൽ ഭൂമി ഇടപാടിൽ സ്വീകരിക്കേണ്ട സുതാര്യതയിൽ, സുജിൻ വേണ്ടത്ര ജാഗ്രത പാലിച്ചിട്ടില്ലെന്നു കണ്ടെത്തി. തുടർന്നാണ് നടപടി.

ഈ വിഷയത്തിൽ കോടതിവിധി വിലയിരുത്തി മാത്രമേ മേൽ നടപടികൾ സ്വീകരിക്കാൻ കഴിയൂവെന്ന് സിപിഎം നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി സെക്രട്ടറി ടി.ശ്രീകുമാർ അറിയിച്ചു. തവരവിള സ്വദേശി ബേബിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാരായമുട്ടം പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലുമാണ്. നഗരസഭയുമായി ബന്ധമില്ലാത്ത വിഷയത്തിൽ ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും നടത്തുന്ന ജനവിരുദ്ധ സമരങ്ങളെ ഒറ്റപ്പെടുത്തണമെന്നും ശ്രീകുമാർ ആവശ്യപ്പെട്ടു.

ബേബിയുടെ 12.5 സെന്റ് ഭൂമിയും 17 പവൻ സ്വർണവും 2 ലക്ഷം രൂപയും പലപ്പോഴായി തട്ടിയെടുത്തു എന്നാണ് കേസ്. കൗൺസിലർ സുജിന്റെ ഭാര്യ ഗീതുവിന്റെ പേരിൽ ആണ് ഭൂമി വിലയാധാരം ചെയ്തിട്ടുള്ളത്. കേസിലെ ഒന്നാം പ്രതിയും ഗീതു ആണ്. രണ്ടാം പ്രതിയാണ് സുജിൻ. ഇരുവരും ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്.

നെയ്യാറ്റിൻകര തവരവിളയിൽ, രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയും മരണത്തെ തുടർന്ന് ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ബേബിയുമായി സുജിൻ ചങ്ങാത്തം സ്ഥാപിക്കുന്നത് കോവിഡ് കാലത്താണ്. സുജിൻ പ്രതിനിധീകരിക്കുന്ന വാർഡിലെ അംഗമായ അവർക്ക്, ലോക്ഡൗൺ സമയത്ത് ഭക്ഷണം എത്തിച്ചിരുന്നു. പെട്ടെന്ന് അവരുമായി അടുക്കുകയും കൗൺസിലറും കുടുംബവും ബേബിയുടെ വീട്ടിൽ (2021 ഫെബ്രുവരി മുതൽ) താമസിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ചാണ് തട്ടിപ്പ് അരങ്ങേറിയത് എന്നാണ് ആരോപണം.

English Summary : CPM councilor suspended for one year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS