ന്യൂഡൽഹി ∙ ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിൽ അടുത്തമാസം 27നു പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കും. അവിടത്തെ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാ നടപടി കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണിത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനാൽ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു പരിഗണിക്കേണ്ടതില്ലെന്നു ജഡ്ജിമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഫൈസലിനെ ധൃതിപിടിച്ച് അയോഗ്യനാക്കിയ നടപടിയെ കോടതി വിമർശിച്ചു.
വധശ്രമക്കേസിൽ തടവുശിക്ഷ വിധിച്ചതിനെ തുടർന്നു ഫൈസലിനെ ലോക്സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. തുടർന്നാണ് ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പു നടത്തുമെന്നു കമ്മിഷൻ പ്രഖ്യാപിച്ചത്. ഇതു ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചത്.
കമ്മിഷന്റേതു ധൃതിപിടിച്ചുള്ള നീക്കമാണെന്ന് ഫൈസലിന്റെ അഭിഭാഷകരായ കപിൽ സിബലും കെ.ആർ ശശിപ്രഭുവും വാദിച്ചു. ഉപതിരഞ്ഞെടുപ്പിന്റെ കാര്യം കോടതിക്കു തീരുമാനിക്കാനാവില്ലെന്ന് കമ്മിഷനു വേണ്ടി മനീന്ദർ സിങ് പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കെ തീരുമാനം എടുത്തത് എന്തുകൊണ്ടാണെന്നു കോടതി ചോദിച്ചു. ലോക്സഭാ സ്പീക്കറാണ് അയോഗ്യനാക്കിയതെന്നു കമ്മിഷൻ മറുപടി നൽകിയെങ്കിലും ഇക്കാലത്ത് ഇത്തരം വിവരങ്ങൾ അറിയാൻ ബുദ്ധിമുട്ടുണ്ടോയെന്നു കോടതി ആരാഞ്ഞു.
English Summary: Mohammed Faizal's Plea against Lakshadweep by-poll