ലഹരിക്കടത്ത്: ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെടെ 3 പേർക്കെതിരെ സിപിഎം നടപടി

CPM Flag
SHARE

ആലപ്പുഴ ∙ സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ എ.ഷാനവാസ് ആരോപണ വിധേയനായ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നു പേർക്കെതിരെകൂടി പാർട്ടി നടപടി. സിപിഎം വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐയുടെ ആലിശ്ശേരി മേഖല ട്രഷററുമായ വിജയകൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി അംഗവും ഡിവൈഎഫ്ഐ മേഖല ഭാരവാഹിയുമായ സിനാഫിനെ സസ്പെൻഡ് ചെയ്തു.

ഡിവൈഎഫ്ഐ പ്രവർത്തകൻ റഫ്സലിനെ സംഘടനയിൽനിന്നു പുറത്താക്കി. ഫുട്ബോൾ ടർഫിൽ നടന്ന ഷാനവാസിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തവരാണ് മൂവരും. ഷാനവാസിന്റെ ജന്മദിനാഘോഷം നടന്ന ഫുട്ബോൾ ടർഫിന്റെ ഉടമകളിൽ ഒരാളാണ് റഫ്സൽ. റഫ്സലും വിജയകൃഷ്ണനും മുൻപ് കേസിൽ ഉൾപ്പെട്ടപ്പോൾ ഇവർക്കു വേണ്ടി ജാമ്യം നിന്നുവെന്നതാണ് സിനാഫിനെതിരെയുള്ള ആരോപണം.

വിജയകൃഷ്ണനെതിരെ നടപടിയെടുക്കാൻ ജില്ലാ കമ്മിറ്റി നേരത്തേ നിർദേശം നൽകിയിരുന്നു. ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ ചിലരെ ജാമ്യത്തിലിറക്കിയത് വിജയകൃഷ്ണനാണെന്ന് ആരോപണമുയർന്നിരുന്നു. വരും ദിവസങ്ങളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ നടപടിയുണ്ടാകുമെന്നാണ് സൂചന. ലഹരിക്കടത്ത് അന്വേഷിക്കുന്ന സിപിഎം കമ്മിഷൻ കഴിഞ്ഞയാഴ്ച ഷാനവാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഷാനവാസിനോട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഒഴിയാൻ നിർദേശിച്ചേക്കുമെന്നാണ് സൂചന.     അടുത ്തമാസം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാകും തീരുമാനം.

English Summary: Drug smuggling; CPM leaders suspended

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.