ADVERTISEMENT

തിരുവനന്തപുരം ∙ പുതിയ ഭാരവാഹികളെ നിയമിച്ച് ഒന്നേകാൽ വർഷത്തിനുശേഷം ചുമതലകൾ നിശ്ചയിച്ചു നൽകി കെപിസിസി. ഇതുവരെ ജില്ലകളുടെ ചുമതല മാത്രമാണ് ഏൽപിച്ചിരുന്നത്. പോഷക സംഘടനകളുടെയും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും വിവിധ സംഘടനാ മേഖലകളുടെയും ചുമതലയാണ് വിഭജിച്ചു നൽകിയത്.

വൈസ് പ്രസിഡന്റുമാരിൽ എൻ.ശക്തൻ കോൺഗ്രസിന്റെ പഠന ഗവേഷണ കേന്ദ്രമായ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല വഹിക്കും. യൂത്ത് കോൺഗ്രസ്, കെഎസ്‌യു, സമൂഹമാധ്യമം, കല, സാംസ്കാരികം, ഇന്ത്യൻ പ്രഫഷനൽ കോൺഗ്രസ് എന്നിവയുടെ ചുമതല വി.ടി.ബൽറാമിനും കർഷക കോൺഗ്രസ്, കെ.കരുണാകരൻ ഫൗണ്ടേഷൻ എന്നിവയുടെ ചുമതല വി.ജെ.പൗലോസിനും നൽകി.

കെ.കരുണാകന്റെ സ്മാരകമായി തലസ്ഥാനത്തു ബഹുനില മന്ദിരം നിർമിക്കുന്നതു കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ്. മഹിളാ കോൺഗ്രസ്, ദേവസ്വം ബോർഡ്, ദലിത് കോൺഗ്രസ്, ആദിവാസി കോൺഗ്രസ് എന്നിവയുടെ ചുമതല വി.പി.സജീന്ദ്രനാണ്.

ടി.യു.രാധാകൃഷ്ണൻ സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി പദവിയിൽ തുടരും. കെപിസിസി ഓഫിസ്, അംഗത്വവിതരണം, ഓഫിസ് നിർവഹണം, ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലകളും രാധാകൃഷ്ണനാണ്. കെ.ജയന്ത് കെപിസിസി പ്രസിഡന്റിന്റെ ‘ അറ്റാച്ഡ് സെക്രട്ടറി’യാകും. കോൺഗ്രസിൽ ഇതുവരെയില്ലാത്ത ചുമതലയാണിത്. ഈ ചുമതലകൊണ്ട് അർഥമാക്കുന്നത് എന്താണെന്ന ആശയക്കുഴപ്പം മറ്റു ഭാരവാഹികൾക്കുണ്ട്. യൂത്ത്കോൺഗ്രസ്, കെഎസ്‌യു എന്നിവയുടെ ചുമതല ബൽറാമിനൊപ്പം ജയന്തിനും നൽകിയിട്ടുണ്ട്.

സുധാകരൻ പ്രസിഡന്റ് പദവിയിലെത്തിയപ്പോൾ സംഘടനാ രംഗത്ത് പെട്ടെന്നുയർന്ന രാധാകൃഷ്ണനും ജയന്തും തന്നെ തുടർന്നും സുധാകരന്റെ ഇടം–വലം തുടരുമെന്നു വ്യക്തമാക്കുന്നതാണു ചുമതലാ വിഭജനം. ജനറൽ സെക്രട്ടറിമാർക്കു നൽകിയിരുന്ന ജില്ലാച്ചുമതലകളിൽ മാറ്റമില്ല. വയനാട് ജില്ലയുടെ ചുമതലയുള്ള ആലിപ്പറ്റ ജമീലയ്ക്കു മാത്രമാണു മറ്റു ചുമതലകൾ നൽകാത്തത്. കെ.പി.ശ്രീകുമാർ–ദേശീയ കായികവേദി, പഴകുളം മധു– പ്രിയദർശിനി പബ്ലിക്കേഷൻസ്.

English Summary : Duties given for KPCC executives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com