കോഴിക്കോട് ∙ വനം വകുപ്പിൽ ഇനി ഓരോ ഡിവിഷനിലെയും കേസുകൾ, വന്യമൃഗ ആക്രമണങ്ങൾ, ഇൻസ്പെക്ഷൻ ബംഗ്ലാവുകളുടെ ഉപയോഗം തുടങ്ങി എല്ലാ വിവരങ്ങളും രണ്ടു മാസം കൂടുമ്പോൾ മന്ത്രിയുടെ ഓഫിസിനെ നേരിട്ട് അറിയിക്കണം. നിയമസഭാ ചോദ്യങ്ങൾക്കു പോലും ഉദ്യോഗസ്ഥരിൽ നിന്നു കൃത്യമായ മറുപടി കിട്ടാത്തതു പലപ്പോഴും സഭയിൽ സർക്കാരിനു പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണു വനംമന്ത്രിയുടെ ഉത്തരവ്.
നിശ്ചയിച്ച മാതൃകയിലുള്ള ചോദ്യാവലി പൂരിപ്പിച്ച് ഡിഎഫ്ഒമാർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർ വിവരങ്ങൾ min.for@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിൽ മാത്രം അയയ്ക്കണമെന്ന ഉത്തരവിനെതിരെ വകുപ്പിൽ മുറുമുറുപ്പും തുടങ്ങി. സെക്രട്ടേറിയറ്റ് മാനുവലിനു വിരുദ്ധമാണ് ഇതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ അടിസ്ഥാന വിവരങ്ങൾ ലഭിക്കാൻ ഇതല്ലാതെ മാർഗമില്ലെന്നു മന്ത്രിയുടെ ഓഫിസ് പറയുന്നു.
ഔദ്യോഗിക ഫോൺ എടുക്കാതെ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്ന ഉദ്യോഗസ്ഥർക്ക് കഴിഞ്ഞയാഴ്ച മന്ത്രി ഇടപെട്ട് താക്കീത് നൽകിയിരുന്നു. അതിനു തുടർച്ചയാണു നേരിട്ടുള്ള വിവരശേഖരണം. കെട്ടിക്കിടക്കുന്ന ഫയലുകൾ, വന്യമൃഗ ആക്രമണങ്ങൾ, ഇരകളുടെ കണക്കുകൾ, നഷ്ടപരിഹാരം, ആക്രമണങ്ങൾ കൂടുതലുള്ള സ്ഥലങ്ങൾ, ആദിവാസി പുനരധിവാസ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ, വിവിധ പദ്ധതികളുടെ സ്ഥിതി, ദ്രുതകർമസേനകളുടെ പ്രവർത്തനം, അനധികൃത പ്രവർത്തനങ്ങൾക്കെതിരെ എടുത്ത കേസുകൾ, ഐബി–ഗെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലെ വരുമാനം, താമസക്കാർ തുടങ്ങിയ വിവരങ്ങളാണു നൽകേണ്ടത്.
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ ആറളം വന്യജീവി സങ്കേതത്തിൽ താമസിച്ചതും അദ്ദേഹത്തിന്റെ താമസ വിവരങ്ങൾ റജിസ്റ്ററിൽ രേഖപ്പെടുത്താത്തതും അടുത്തിടെ വലിയ വിവാദമായിരുന്നു. വനം വിജിലൻസ് അന്വേഷിച്ച് എടുക്കുന്ന കേസുകളിൽ പോലും തുടർനടപടികൾ ഉണ്ടാകുന്നുമില്ല. വന്യമൃഗ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അതു സംബന്ധിച്ച കൃത്യമായ വിവരം പങ്കിടുന്നില്ലെന്നും മന്ത്രിയുടെ ഓഫിസിനു പരാതിയുണ്ടായിരുന്നു.
English Summary: Forest department must inform details within the department every two months