നികുതിപിരിവു വീഴ്ച‌ ;നഷ്ടം 70,000 കോടിയെന്ന് യുഡിഎഫ് ധവളപത്രം

udf
തിരുവനന്തപുരത്ത് യുഡിഎഫ് ധനകാര്യ പ്ലാനിങ് സബ്കമ്മിറ്റി തയാറാക്കിയ ധവളപത്രം പി.കെ.കുഞ്ഞാലിക്കുട്ടിക്കു നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകാശനം ചെയ്യുന്നു. ജോയി ഏബ്രഹാം, എൻ.കെ.പ്രേമചന്ദ്രൻ, സി.പി.ജോൺ, എം.എം.ഹസൻ, കെ.എസ്.ശബരീനാഥൻ എന്നിവർ സമീപം.
SHARE

തിരുവനന്തപുരം ∙ കഴിഞ്ഞ അഞ്ചുവർഷം നികുതി ഇനത്തിൽ പിരിച്ചെടുക്കേണ്ട 70,000 കോടി രൂപ പിരിച്ചെടുത്തില്ലെന്നും നികുതി പിരിവിൽ സർക്കാർ വൻ പരാജയമെന്നും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച യുഡിഎഫ് ധവളപത്രം. 2016–17ൽ ലക്ഷ്യമിട്ടതിനെക്കാൾ 5437.23 കോടി രൂപ കുറവാണു പിരിച്ചതെങ്കിൽ, 2021–22ൽ നികുതി പിരിവിൽ 13,492.79 കോടിയുടെ കുറവുണ്ടായെന്നു ധവളപത്രം കുറ്റപ്പെടുത്തി. 

കടമെടുത്തു നടത്തുന്ന വികസന പ്രവർത്തനങ്ങൾ ഭാവിയിൽ കടം വീട്ടാനുള്ള വരുമാനം നൽകേണ്ടതുണ്ട്. എന്നാൽ പിണറായി സർക്കാരിന്റെ കടമെടുക്കലുകൾ അപകടകരമായ സ്ഥിതിയിൽ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നു. കടമെടുത്ത തുകയിൽ ഏറിയ പങ്കും നിത്യനിദാനച്ചെലവുകൾക്കാണ് ഉപയോഗിച്ചത്. മൊത്തം ചെലവ് വർധിക്കുന്നതിൽ പദ്ധതിച്ചെലവല്ല, പദ്ധതിയേതരച്ചെലവാണു വർധിക്കുന്നത്. ഈ വർഷവും പദ്ധതിച്ചെലവ് താഴേക്കു പോകാനുള്ള സാധ്യതയാണു കാണുന്നത്.

ജിഎസ്ടി നടപ്പാക്കിയപ്പോൾ ആവശ്യമായ ക്രമീകരണങ്ങൾ സംസ്ഥാനത്തു നടപ്പായില്ലെന്നു കുറ്റപ്പെടുത്തുന്ന ധവളപത്രം, ജിഎസ്ടി നടപ്പാക്കിയ രീതിയിലും നോട്ട് പിൻവലിച്ച നടപടിയിലും കേന്ദ്രസർക്കാരിനെയും വിമർശിക്കുന്നു. നിയമസഭാ ചോദ്യോത്തരങ്ങൾ, വിവരാവകാശ മറുപടികൾ, സിഎജി രേഖകൾ എന്നിവയെ അധികരിച്ചു യുഡിഎഫിന്റെ ധനകാര്യ പ്ലാനിങ് സബ്കമ്മിറ്റിയാണു ധവളപത്രം തയാറാക്കിയത്. യുഡിഎഫ് കൺവീനർ എം.എം.ഹസന്റെ സാന്നിധ്യത്തിൽ മുസ്‍ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കു നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകാശനം ചെയ്തു.

ആളോഹരി കടം 1.05 ലക്ഷം; 5 വർഷം കൊണ്ട് ഇരട്ടി

തിരുവനന്തപുരം∙ അഞ്ചുവർഷം കൊണ്ട് കേരളത്തിലെ ആളോഹരി കടത്തിൽ ഇരട്ടിയിലധികം വർധനയുണ്ടായെന്നു സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച യുഡിഎഫിന്റെ ധവളപത്രം. 2016 വരെ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 1,57,370 കോടി രൂപയായിരുന്നു. ഇതു കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് 3,33,592 കോടിയായി ഉയർന്നു. 2016 വരെ ഒരു മലയാളിയുടെ ആളോഹരി കടം 46,078.04 രൂപയായിരുന്നത് ഇപ്പോൾ 1,05000 രൂപയായി മാറി. 

2022–23ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ മൊത്തം കടം 3,71692.19 കോടി രൂപയാകുമെന്നാണു കണക്കാക്കിയിട്ടുള്ളത്. കിഫ്ബി തിരിച്ചടവിലെ 13,000 കോടി രൂപയും, സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിലെ 7,800 കോടി രൂപയും കൂടി ചേർത്താൽ കേരളത്തിന്റെ മൊത്തം കടം നാലുലക്ഷം കോടി രൂപയായി ഉയരും. 

ബജറ്റുകളിൽ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും കിഫ്ബി മുഖേന നടപ്പാക്കുമെന്നാണു സർക്കാർ പറഞ്ഞിരുന്നത്. ഇതുവരെ 962 പദ്ധതികള‍ക്കായി 73,908 കോടി രൂപയുടെ അംഗീകാരം നൽകി. 

2021–22 വരെ കിഫ്ബി എടുത്ത വായ്പ 13,468.44 കോടി രൂപയാണ്. പെട്രോളിയം സെസ്, മോട്ടർ വാഹന നികുതിയടക്കം 10,135 കോടി രൂപ സർക്കാർ കിഫ്ബിക്കു നൽകി. വായ്പയും സർക്കാർ സഹായവും ഉൾപ്പെടെ ലഭിച്ചത് 23,604.29 കോടി രൂപ. 2022 ജൂൺ വരെ 20,184.54 കോടി ചെലവിട്ടു. 

ബാക്കിയുള്ളത് 3,419.75 കോടി രൂപ മാത്രം. ഈ തുക കൊണ്ട് എങ്ങനെയാണ് 50,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി നടപ്പാക്കുകയെന്നു ധവളപത്രം ചോദിക്കുന്നു. 

അപകടകരമായ വിധം കടം കുമിഞ്ഞു കൂടുകയാണെന്നും 2020ലെ ധവളപത്രത്തിൽ യുഡിഎഫ് പ്രവചിച്ചതാണ് ഇപ്പോൾ സംഭവിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ പറഞ്ഞു. 

മണ്ഡലത്തിൽ ഒരു പദ്ധതിയും നടക്കുന്നില്ലെന്നു ഭരണകക്ഷി എംഎൽഎമാർ പോലും പരാതി പറയുകയാണെന്നും കെഎസ്ആർടിസിയിലുണ്ടായ പ്രതിസന്ധി എല്ലാ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുകയാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

സി.പി.ജോൺ ചെയർമാനും എൻ.കെ.പ്രേമചന്ദ്രൻ എംപി, എൻ.ഷംസുദ്ദീൻ എംഎൽഎ, പി.സി.തോമസ്, മാത്യു കുഴൽനാടൻ എംഎൽഎ, ജി.ദേവരാജൻ, കെ.എസ്.ശബരീനാഥൻ എന്നിവരാണു ധവളപത്രം തയാറാക്കിയത്.

ധവളപത്രത്തിൽ നിന്ന്:

∙ കേരളത്തിലെ മൊത്തം റവന്യു കമ്മിയും റവന്യു കമ്മി–ജിഎസ്ഡിപി ആനുപാതവും വർധിച്ചു. 

∙ ധനക്കമ്മിയും ധനക്കമ്മി–ജിഎസ്ഡിപി ആനുപാതവും ഉയർന്നു. 

∙ 2021–22ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ തനതു വരുമാനം 58,867 കോടിയായി കുറഞ്ഞു. ആ വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് 71,833 കോടിയായിരുന്നു. 12,966 കോടി രൂപയുടെ കുറവ്. 

∙ നികുതിയിതര വരുമാനത്തിലും കുറവുണ്ടായി. 21–22ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 10,038 കോടിയാണു നികുതിയിതര വരുമാനം. 

ബജറ്റ് എസ്റ്റിമേറ്റി(14,335 കോടി)നെ അപേക്ഷിച്ച് 4,297 കോടി രൂപയുടെ കുറവ്. 

∙ ജിഎസ്ടി വന്നപ്പോൾ നടപ്പാക്കേണ്ട പല സാമ്പത്തിക പരിഷ്കാരങ്ങളും സർക്കാർ നടപ്പാക്കിയില്ല. 

∙ നികുതി വകുപ്പ് പുനഃസംഘടിപ്പിക്കാൻ അഞ്ചുവർഷം വൈകി. 

∙ സംസ്ഥാന അതിർത്തിയിലെ ചെക്പോസ്റ്റുകൾ ഇല്ലാതാക്കിയപ്പോൾ പകരം ഓട്ടമാറ്റിക് ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചെങ്കിലും കൃത്യമായി പ്രവർത്തിപ്പിച്ചില്ല. 

∙ നികുതി അടയ്ക്കാത്തവരെ കണ്ടെത്തുകയോ ഓഡിറ്റ് സംവിധാനം ഫലപ്രദമാക്കുകയോ ചെയ്തില്ല. 

∙ നികുതി കുടിശിക പിരിച്ചെടുക്കാൻ ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചെങ്കിലും പരാജയപ്പെട്ടു. 

∙ സംസ്ഥാനത്തെ മൂന്നു മേഖലകളായി തിരിച്ചു നികുതി പിരിവ് ഊർജിതമാക്കണം

∙ വാറ്റ്, കെജിഎസ്ടി, സിഎസ്ടി, ആഡംബര നികുതി എന്നിവയുടെ കുടിശിക പിരിച്ചെടുത്താൽ കുറഞ്ഞതു 4,000 കോടി കിട്ടും. ഇതിനു പ്രത്യേക ജിഎസ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണം.

∙ ആംനെസ്റ്റി സ്കീം പരാജയപ്പെട്ടതിന്റെ കാരണങ്ങൾ മനസ്സിലാക്കി പുതിയ സംവിധാനം ഏർപ്പെടുത്തണം

∙ യഥാസമയം റിട്ടേണുകൾ സമർപ്പിക്കാത്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം

∙ കുറച്ചു നാളത്തേക്കു ചെലവേറിയ ആഘോഷങ്ങളും ആർഭാട പരിപാടികളും ഉപേക്ഷിക്കണം

∙ കിഫ്ബിയിൽ സിഎജി നിർദേശിച്ച ഓഡിറ്റ് നടപ്പാക്കണം

English Summary: UDF releases White Paper on financial crisis in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS