ADVERTISEMENT

കൊച്ചി ∙ അനുകൂലവിധി സമ്പാദിക്കാൻ ഹൈക്കോടതി ജഡ്ജിമാർക്ക് കൈക്കൂലി നൽകണമെന്ന് തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ സ്വമേധയ നടപടി എടുത്ത് വിശദീകരണം ചോദിക്കാൻ കേരള ബാർ കൗൺസിൽ യോഗം തീരുമാനിച്ചു.

ഹൈക്കോടതി ജഡ്ജിമാർക്ക് കോഴ നൽകാനെന്ന് പറഞ്ഞു പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് ഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ നടത്തിയ അന്വേഷണ റിപ്പോർട്ട് സ്വീകരിച്ച കേരള ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗം പൊലീസ് മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടിയ സാഹചര്യത്തിലും കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്ന് ഇതു സംബന്ധിച്ചു കേന്ദ്ര നിയമ മന്ത്രിക്ക് ലഭിച്ച പരാതി കേരള ബാർ കൗൺസിൽ ചെയർമാന് ലഭിച്ച സാഹചര്യത്തിലുമാണു നടപടിയെന്നു കേരള ബാർ കൗൺസിൽ അറിയിച്ചു. കേരള ബാർ കൗൺസിലിന്റെ അടിയന്തര യോഗം ഇന്നലെ വൈകിട്ട് ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്നിരുന്നു. എന്നാൽ കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച കത്തിൽ പരാതിക്കാരനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ അക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇതിനിടെ, ആരോപണത്തിൽ അന്വേഷണം നടത്തുന്നതു സംബന്ധിച്ച തുടർനടപടിക്കായി സംസ്ഥാന പൊലീസ് മേധാവി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി. 

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പ്രത്യേക ദൂതൻ മുഖേന ഡിജിപിക്കു നൽകിയ റിപ്പോർട്ടാണ് നിയമോപദേശത്തിനായി അഡ്വക്കറ്റ് ജനറലിന് കൈമാറിയത്. പ്രാഥമിക പരിശോധനയിൽ ആരോപണം ഗൗരവമുള്ളതാണെന്നു വ്യക്തമായെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു റിപ്പോർട്ടിലെ ശുപാർശ.

English Summary: Bar council to ask explanation from Saibi Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com