കടമുറി ഒഴിയാൻ നേതാക്കൾക്കു പടി 12 ലക്ഷം; കെട്ടിട ഉടമയെ സിപിഎം ഓഫിസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി

HIGHLIGHTS
  • തുക നേതാക്കൾ വീതിച്ചെടുത്തു; അനങ്ങാതെ പാർട്ടി
  • വിവരം പുറത്തുവന്നത് സമൂഹമാധ്യങ്ങളിലൂടെ
cpm
SHARE

തൃശൂർ ∙ തീരദേശ ഹൈവേയിൽ പാർട്ടി അംഗം ഹോട്ടൽ നടത്തുന്ന മുറി ഒഴിഞ്ഞു കൊടുക്കാൻ കെട്ടിട ഉടമയിൽനിന്നു 3 സിപിഎം നേതാക്കൾ 12 ലക്ഷം രൂപ വാങ്ങി. പാർട്ടി അനുഭാവിതന്നെയായ കെട്ടിട ഉടമയെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണു വിവരം. 

പാർട്ടി ലോക്കൽ കമ്മിറ്റി അംഗം പിന്നണിയിൽനിന്നു നടത്തിയിരുന്ന ഹോട്ടൽ കുറച്ചുകാലമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഉടമ മുറി തിരിച്ചു ചോദിച്ചപ്പോൾ വാടക കുടിശിക നൽകിയില്ലെന്നു മാത്രമല്ല, ഒഴിയാനായി വൻ തുകയും ചോദിച്ചു. കട ഒഴിയുന്നതിനു തീരദേശത്തു സാധാരണ ചെറിയ തുക നൽകാറുണ്ട്. എന്നാൽ,  ഹോട്ടൽ നടത്തുന്ന ഈ മുറി ഒഴിഞ്ഞു കൊടുക്കുന്നതിനു 20 ലക്ഷം രൂപയാണു ചോദിച്ചത്. പണം നൽകിയില്ലെങ്കിൽ കെട്ടിടം വാടകയ്ക്കു നൽകുന്നതു തടയുമെന്നായിരുന്നു ഭീഷണി.

തുടർന്ന് ദിവസങ്ങളോളം നടന്ന ചർച്ചയ്ക്കുശേഷം 12 ലക്ഷം രൂപയിൽ പ്രശ്നം ഒതുക്കി. ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, ലോക്കൽ കമ്മിറ്റി അംഗം എന്നിവരാണു തുക വീതിച്ചെടുത്തതെന്നു പാർട്ടി അനുഭാവികൾ സൂചന നൽകുന്നു. സഹകരണ സംഘത്തിൽ മുക്കുപണ്ടംവച്ചു പണം തട്ടിയ കേസിലും മുൻ എംഎൽഎയ്ക്കു വേണ്ടി പണം വാങ്ങിയ സംഭവത്തിലുമൊക്കെ ആരോപണം നേരിട്ടവരാണ് ഇവർ.

ഇടപാടു നടന്ന് ഒരാഴ്ചയ്ക്കു ശേഷം ഗൾഫിൽനിന്നുള്ള സമൂഹ മാധ്യമ ഗ്രൂപ്പുകളാണു വിവരം പുറത്തെത്തിച്ചത്. ‘നമ്മൾ ഗൾഫിൽ അധ്വാനിച്ചുണ്ടാക്കുന്ന പണം നൽകി വളർത്തുന്ന പാർട്ടിയുടെ നേതാക്കൾ നടത്തുന്ന കൊള്ള’ എന്ന നിലയിലായിരുന്നു പോസ്റ്റ്. ആയിരക്കണക്കിനാളുകളാണ് ഇതു പങ്കുവച്ചത്.

ആരോപണവിധേയരായ 3 പേരും പാർട്ടിയുടെ പരിപാടികൾക്കു സാമ്പത്തിക സഹായം ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ മറ്റു പ്രാദേശിക നേതാക്കൾക്ക് എതിർക്കാനാകുന്നില്ല. വർഷങ്ങളായി പാർട്ടി കുടുംബാംഗമായ കെട്ടിട ഉടമയോടാണ് നേതാക്കൾ കടുംകൈ കാട്ടിയതെന്നു പ്രവർത്തകർ പറയുന്നു. പാർട്ടിയെ നശിപ്പിക്കാനായി വന്നവരെന്നാണു ചില നേതാക്കളെ സമൂഹ മാധ്യമത്തിൽ അണികൾ വിശേഷിപ്പിക്കുന്നത്. 

പാർട്ടി ഏരിയ സെന്ററി‍ൽ അംഗങ്ങൾതന്നെ ഇതെക്കുറിച്ചു വിവരം നൽകിയിട്ടും അതു ജില്ലാ കമ്മിറ്റിയെയോ ജില്ലാ സെന്ററിനെയോ അറിയിച്ചിട്ടില്ലെന്നു പറയുന്നു. തീരദേശത്തുനിന്നുള്ള പ്രമുഖ നേതാക്കൾക്കും ഇതെക്കുറിച്ചു വിവരം ലഭിച്ചിരുന്നില്ല.

English Summary : Building owner threatened by CPM leaders 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS