നീരസത്തിൽ സിപിഐ; പ്രതികരണത്തിൽ ഭിന്നത

HIGHLIGHTS
  • സിപിഐയെ കൊച്ചാക്കാൻ സിപിഎം ശ്രമിക്കുന്നെന്ന് നീരസം, തിരിച്ചു പറയണോ എന്നു പാർട്ടിക്കുള്ളിൽ തർക്കം
cpm-cpi-logo
SHARE

തിരുവനന്തപുരം ∙ ഒന്നിലധികം വിഷയങ്ങളിൽ സർക്കാരും സിപിഎമ്മും കൊച്ചാക്കാൻ നോക്കുന്നുവെന്ന നീരസത്തിൽ സിപിഐ. മതിയായ ചർച്ച പലതിലും നടക്കുന്നില്ലെന്ന രോഷവും പാർട്ടി നേതൃത്വത്തിനുണ്ട്. എന്നാൽ, അതേ നാണയത്തിൽ പ്രതികരിക്കണോ വേണ്ടയോ എന്നതിൽ സിപിഐയിൽ തന്നെയുള്ള ഭിന്നതയും  പുറത്തുവരുന്നു.

തർക്കവിഷയങ്ങൾ:

∙ ഇ.ചന്ദ്രശേഖരൻ കേസ്: 2016 ലെ  തിരഞ്ഞെടുപ്പിൽ ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് ജയിച്ചപ്പോൾ ബിജെപി–ആർഎസ്എസ് പ്രവർത്തകർ അദ്ദേഹത്തെ ആക്രമിച്ച കേസിൽ കൂടെ യാത്ര ചെയ്ത സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ 2 സാക്ഷികൾ മൊഴി മാറ്റി. ഒരു സിപിഎം ജില്ലാ കമ്മിറ്റി അംഗം പ്രതിയായ ബിജെപി പ്രവർത്തകനെതിരേ ഉള്ള വധശ്രമ കേസും ഇതും തമ്മിൽ ഒത്തു തീർത്താണെന്ന ആരോപണം സിപിഐക്ക് ഉണ്ട്.  സിപിഐ ദേശീയ നിർവാഹകസമിതി അംഗമായ കെ.പ്രകാശ് ബാബു സിപിഎമ്മിനെ ചോദ്യം ചെയ്തെങ്കിലും അതേപടി ഏറ്റുപിടിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ അകൽച്ച രൂക്ഷമായി തുടരുന്നുവെന്നും വ്യക്തം.

∙ ദുരന്തനിവാരണ വകുപ്പ്: റവന്യു വകുപ്പിന്റെ ഭാഗമെന്നു സിപിഐ വിശ്വസിച്ചുവന്ന ദുരന്ത പ്രതികരണ വകുപ്പു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഏറ്റെടുത്തു. ഒന്നാം പിണറായി സർക്കാരിൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ് ഇതിന്റെ പ്രവർത്തനം നടന്നത്. എന്നാൽ, ഔദ്യോഗികമായി വകുപ്പ് അവർക്കു കൈമാറിയിരുന്നില്ല. രണ്ടാം പിണറായി സർക്കാരിലും ആർക്കും നൽകാത്ത വകുപ്പുകളുടെ പട്ടികയിലാണു പെടുത്തിയിരുന്നത്. അങ്ങനെയുള്ള വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതാണു രീതി. സിപിഎം–സിപിഐ ചർച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിലും ഉത്തരവിറങ്ങുമ്പോൾ റവന്യു വകുപ്പിന്റെ അധികാരത്തെപ്പറ്റി വ്യക്തത വേണമെന്നാണു സിപിഐയുടെ ആവശ്യം. 

∙ ഹൗസിങ് ബോർഡ്: എം.എൻ.ഗോവിന്ദൻ നായർ മന്ത്രി ആയിരിക്കെ നടപ്പാക്കിയ ലക്ഷം വീട് പദ്ധതിയുടെ കാലം മുതൽ സിപിഐക്കു വൈകാരികമായി ബന്ധമുള്ള ഹൗസിങ് ബോർഡ് പിരിച്ചുവിടണമെന്ന ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നിർദേശത്തോടു സിപിഐ നേതൃത്വം കടുത്ത ക്ഷോഭത്തിലാണ്. പാർട്ടി തീരുമാന പ്രകാരമാണു മന്ത്രിസഭാ യോഗത്തിൽ മന്ത്രി കെ.രാജൻ ജോയിക്കെതിരെ ആഞ്ഞടിച്ചത്. 

∙ ഇസ്രയേൽ യാത്ര: ആധുനിക കൃഷി രീതികളെക്കുറിച്ചു പഠിക്കാനായി സിപിഐയുടെ കൃഷി മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇസ്രയേൽ യാത്രയ്ക്ക്  ഒരുക്കങ്ങളുമായി മുന്നോട്ടു പോയപ്പോൾ മുഖ്യമന്ത്രി ഇടപെട്ടു യാത്ര വെട്ടി. സിപിഎമ്മിന്റെ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന പരിപാടികളിൽ സിപിഐ മന്ത്രിമാരെയും ജനപ്രതിനിധികളെയും അവഗണിക്കുന്നതായി പരാതിയുണ്ട്.  

സിപിഎം നിലപാട് പരിഹാസ്യം: പ്രകാശ് ബാബു

ഇ.ചന്ദ്രശേഖരനെ ബിജെപി പ്രവർത്തകർ ആക്രമിച്ച കേസിൽ സിപിഎമ്മുകാർ മൊഴിമാറ്റിയതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ് ബാബു. ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആർഎസ്എസ്, ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിക്കണമെന്ന സിപിഎം പ്രാദേശിക– ജില്ലാ ഘടകങ്ങളുടെ നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. 

പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ: കാനം

മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ ആക്രമിക്കപ്പെട്ട കേസിൽ സിപിഎം പ്രവർത്തകർ കൂറുമാറിയതിനെക്കുറിച്ച് പാർട്ടിയും എൽഡിഎഫും പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവിച്ചത് എന്താണെന്നു മനസ്സിലാക്കിയിട്ടു പറയാം. കെ.പ്രകാശ് ബാബു പറഞ്ഞതിനെപ്പറ്റി അദ്ദേഹത്തോടു ചോദിക്കണം. കുറച്ചു കൂടി ഉത്തരവാദിത്തത്തോടു കൂടി പറയണമല്ലോ. പരിശോധിക്കും എന്നു പറഞ്ഞാൽ എല്ലാം പരിശോധിക്കുമെന്നും കാനം പ്രതികരിച്ചു.

English Summary : CPM - CPI clash in different issues

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS