‘ആക്രമിച്ചത് ഒരുകൂട്ടം, ആളുകളെ അറിയില്ല’: ആർഎസ്എസിനായി സിപിഎമ്മിന്റെ കൂറുമാറ്റം

e-chandrasekharan
SHARE

കാസർകോട് ∙ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി–ആർഎസ്എസ് പ്രതികൾക്കായി സിപിഎം നേതാക്കൾ കൂറുമാറിയതു സംബന്ധിച്ച് ഇടതു മുന്നണിയിൽ ഭിന്നിപ്പ്. കേസിൽ 12 ആർഎസ്എസ്–ബിജെപി പ്രവർത്തകരെ കോടതി വിട്ടയച്ചിരുന്നു. 

2016 മേയ് 19ന് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പു വിജയാഹ്ലാദത്തിനിടെയാണു കാഞ്ഞങ്ങാട് മാവുങ്കാൽ മൂലക്കണ്ടത്തു വച്ച് ഇ.ചന്ദ്രശേഖരനെതിരെ അക്രമമുണ്ടായത്. ഇടതു കൈക്കേറ്റ പരുക്കുമായാണു ചന്ദ്രശേഖരൻ മന്ത്രിയായി ചുമതലയേറ്റത്. കോടതി മുറിയിൽ പ്രതികളെ ഇ.ചന്ദ്രശേഖരൻ തിരിച്ചറിഞ്ഞതായി പറഞ്ഞപ്പോൾ, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള സാക്ഷികൾ പ്രതികൾ ഇവരാണെന്ന് ഉറപ്പില്ലെന്നു കോടതിയിൽ മൊഴി മാറ്റി. പ്രതികളെ തിരിച്ചറിഞ്ഞ 2 സാക്ഷികളും മൊഴി മാറ്റിയതാണ് കേസിൽ പ്രതികൾക്ക് അനുകൂലമായത്.

അതേ സമയം ഇ.ചന്ദ്രശേഖരൻ 5 വർഷം മന്ത്രിയായിരുന്നപ്പോഴോ പിന്നീട് സിപിഐയോ കേസിൽ യാതൊരു താൽപര്യവും കാണിച്ചിട്ടില്ലെന്നും ഇതാണു പ്രതികൾ രക്ഷപ്പെടാനിടയാക്കിയതെന്നും സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുന്നു. 

ഇ.ചന്ദ്രശേഖരൻ കോടതിയിൽ പറഞ്ഞത്:

‘അക്രമി സംഘത്തിൽ ഇപ്പോൾ കോടതിയിൽ കൂട്ടിൽ നിൽക്കുന്ന ബിജെപി പ്രവർത്തകരായ പ്രതികളും ഉണ്ടായിരുന്നു. എന്നാൽ പേര് അറിയില്ല.’

സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.കെ.രവി കോടതിയിൽ പറഞ്ഞത്  

‘മന്ത്രി സഞ്ചരിച്ച തുറന്ന ജീപ്പിൽ  തന്നെയാണു ഞാനും സഞ്ചരിച്ചിരുന്നത്. നൂറിലേറെ പേർ അക്രമി സംഘത്തിലുണ്ടായിരുന്നതിനാൽ പ്രതികൾ അക്രമി സംഘത്തിൽ ഉണ്ടായിരുന്നോ എന്ന് എനിക്കു പറയാൻ കഴിയില്ല. പ്രതികളെ തിരിച്ചറിഞ്ഞതായി ഞാൻ പൊലീസിനു മൊഴി കൊടുത്തിട്ടില്ല. പൊലീസിന് അങ്ങനെ മൊഴി കൊടുത്തു എന്നു പറഞ്ഞതു ശരിയല്ല.’

സിപിഎം മടിക്കൈ സൗത്ത് എൽസി അംഗം അനിൽ ബങ്കളം  കോടതിയിൽ പറ‍ഞ്ഞത് 

‘അക്രമിച്ചത് ഒരു കൂട്ടം ആൾക്കാരായിരുന്നു. പ്രത്യേകിച്ച് ആൾക്കാരെ അറിയില്ല. ആക്രമിച്ചവരുടെ കൂട്ടത്തിൽ ഈ പ്രതികൾ ഉണ്ടായിരുന്നതായി അറിയില്ല. പൊലീസിനു ഞാൻ അങ്ങനെ മൊഴി കൊടുത്തിട്ടില്ല. പ്രതികളിൽ ഉൾപ്പെട്ട രാഹുൽ, ബാബു, അരുൺ എന്നിവർ അക്രമി സംഘത്തിൽ ഉൾപ്പെട്ടതായി ഞാൻ മൊഴി കൊടുത്തിട്ടില്ല.’

തിരുത്തിയതു പൊലീസിനു നൽകിയ മൊഴി

അക്രമത്തിനു ശേഷം ടി.കെ.രവി പൊലീസിന് ഒപ്പിട്ടു നൽകിയിരുന്ന മൊഴിയിൽ പറഞ്ഞത്:

ഞങ്ങളെ ആക്രമിച്ചവരുടെ കൂട്ടത്തിൽ മാവുങ്കാലിലെ ബിജെപി–ആർഎസ്എസ് പ്രവർത്തകരായ ബലരാമൻ, പ്രദീപ്, രാജേഷ്, അനൂപ്, ബാബു, രാഹുൽ സുധീഷ്,അരുൺ‌ എന്നിവരാണ് ഉണ്ടായിരുന്നത്.  ആക്രമിച്ച മറ്റുള്ളവരെയും കണ്ടാൽ അറിയാം. 

അനിൽ ബങ്കളം പൊലീസിന് ഒപ്പിട്ടു നൽകിയ മൊഴിയിൽ പറഞ്ഞത്:

ഞങ്ങളെ ആക്രമിച്ച കൂട്ടത്തിൽ മാവുങ്കാലിലെ ബിജെപി പ്രവർത്തകരായ പ്രദീപ്, രാജേഷ്, സുധീഷ്, ബാബു, രാഹുൽ, അരുൺ, മനോജ്, സുജിത്ത്, പ്രദീപൻ തുടങ്ങിവരാണ് ഉണ്ടായിരുന്നത്.

English Summary : E Chandrasekharan MLA Kanhangad attack case 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS