കരുളായി (മലപ്പുറം) ∙ പാലാങ്കര, കരുളായി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. രാവിലെ 8 മണിയോടെ ആണ് തിരിച്ചു കാട് കയറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 8ന് 3 കുട്ടികൾ ഉൾപ്പെടെ 11 ആനകളുടെ കൂട്ടം നെടുങ്കയം വനത്തിൽ നിന്ന് കല്ലേന്തോടുമുക്ക് വഴി കരിമ്പുഴ കടന്ന് ജനവാസ മേഖലയിലെത്തി. നാട്ടുകാർ പടക്കം പൊട്ടിച്ച് ഭയപ്പെടുത്തി തിരിച്ചയച്ചു. 11 മണിയോടെ തിരികെ വന്നു.
പടുക്ക സ്റ്റേഷനിലെ വനപാലകരെത്തി റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവച്ച് വീണ്ടും ഓടിച്ചു. ഒരു മണിയോടെ ആനക്കൂട്ടം മടങ്ങിവന്നു. കരുളായി പാലത്തിനടിയിലൂടെ ഒന്നര കിലോമീറ്റർ താഴെ അത്തിക്കടവ് വരെ എത്തി. പാലാങ്കര പണ്ടകശാല വർഗീസ്, ഫെബിൻ, രാജു ആറ്റാശ്ശേരി, ലഞ്ജു ഓവനാലിൽ, മാത്തുക്കുട്ടി കീച്ചേരിൽ എന്നിവരുടെ വാഴ, തെങ്ങ്, കമുക്, തീറ്റപ്പുല്ല് തുടങ്ങിയവ നശിപ്പിച്ചു.
വീടുകൾക്ക് അടുത്തുവരെ എത്തി. നേരം പുലർന്നിട്ടും മടങ്ങാൻ ഭാവം കാണിച്ചില്ല. നിലമ്പൂരിൽ നിന്ന് 7.30ന് ദ്രുതപ്രതികരണസേന (ആർആർടി) എത്തി. വെടിയുതിർത്ത് ഓടിച്ച് കാട് കയറ്റി വിട്ടു. പ്രദേശത്ത് രാത്രി ആനശല്യം പതിവാണ്. പുഴയുടെ ഒരു വശം കരുളായി, മറുവശം മൂത്തേടം പഞ്ചായത്തുകളുടെ കൃഷി മേഖലയാണ്. 2 വശങ്ങളിലും കർഷകർ ആനകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
English Summary : Elephants enter farm at Malappuram