ADVERTISEMENT

കൊച്ചി ∙ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യണമെങ്കിൽ 30 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്ന വ്യവസ്ഥ ഇക്കാലത്തും ആവശ്യമുണ്ടോ എന്നു നിയമ നിർമാതാക്കൾ പരിഗണിക്കണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഒട്ടേറെ യുവജനങ്ങൾ വിദേശജോലിയുടെ ചെറിയ ഇടവേളയിൽ നാട്ടിലെത്തി വിവാഹം നടത്തുകയും വിവരസാങ്കേതികവിദ്യ ഏറെ പുരോഗമിക്കുകയും ചെയ്ത ഇക്കാലത്ത് വിവാഹ റജിസ്ട്രേഷന് ഒരു മാസത്തെ കാത്തിരിപ്പു വേണോ എന്നു പരിശോധിക്കണമെന്നു ജസ്റ്റിസ് വി.ജി.അരുൺ നിരീക്ഷിച്ചു. 

വിദേശത്തു ജോലി ചെയ്യുന്ന എറണാകുളം സ്വദേശികളായ വധൂവരന്മാർ നോട്ടിസ് കാലയളവിൽ ഇളവ് ആവശ്യപ്പെട്ടു നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. നിയമത്തിന്റെ 5–ാം വകുപ്പിൽ പറയുന്ന സമയപരിധി നിർബന്ധമാണെന്നു കോടതിയുടെ മുൻകാല വിധികൾ ഉള്ളതിനാൽ ഇടക്കാല ഉത്തരവിലൂടെ ഇളവ് അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഇളവു നൽകിയാൽ നിയമവ്യവസ്ഥ സ്റ്റേ ചെയ്യുന്ന ഫലമുണ്ടാകും. ഈ വിഷയം നിയമ നിർമാതാക്കൾ പരിശോധിക്കേണ്ടതാണെന്നു കോടതി പറഞ്ഞു. 

സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം റജിസ്റ്റർ ചെയ്യാൻ നോട്ടിസ് നൽകുന്നതിന് മുൻപ് 30 ദിവസമെങ്കിലും കക്ഷികളിൽ ഒരാൾ മാര്യേജ് ഓഫിസറുടെ അധികാര പരിധിയിലുള്ള സ്ഥലത്ത് താമസിച്ചിരിക്കണമെന്നു വ്യവസ്ഥയുണ്ട്. നോട്ടിസ് നൽകിയാൽ വിവാഹം റജിസ്റ്റർ ചെയ്യാൻ പിന്നെയും 30 ദിവസം കാത്തിരിക്കണം. കാലം മാറിയതോടെ ആചാരരീതികളിൽ പോലും കാതലായ മാറ്റം വന്നിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. 

അര നൂറ്റാണ്ടിലേറെയായി നിലവിലുള്ള വ്യവസ്ഥ മറികടക്കാനാവില്ലെന്നും വിവാഹത്തിൽ എതിർപ്പ് ഉള്ളവർക്ക് അറിയിക്കാനാണ് നോട്ടിസ് കാലാവധി നിഷ്കർഷിക്കുന്നതെന്നുമാണു കേന്ദ്രസർക്കാർ അറിയിച്ചത്. ഹർജിയിലുൾപ്പെട്ട നിയമപ്രശ്നം വിശദമായി പരിഗണിക്കണമെന്നു പറഞ്ഞ കോടതി, സത്യവാങ്മൂലം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. കേസ് ഒരു മാസത്തിനു ശേഷം പരിഗണിക്കും.

English Summary : High court on prior notice for registering marriage under special marriage act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com