വാഴക്കുലകളുമായി കെഎസ്‌യു പ്രതിഷേധം; ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കണമെന്ന് ആവശ്യം

ksu-chintha-jerom-protest
യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം യുവജന കമ്മിഷൻ ഓഫിസിലേക്ക് വാഴക്കുലകളുമായി കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധമാർച്ച്. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദ പിഎച്ച്ഡി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കെഎസ്‌യു സംസ്ഥാന കമ്മിറ്റി യുവജന കമ്മിഷൻ ആസ്ഥാനത്തേക്കു വാഴക്കുലകളുമായി പ്രകടനം നടത്തി. ചങ്ങമ്പുഴയുടെ ‘വാഴക്കുല’ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ‘വൈലോപ്പള്ളി’യുടെ വാഴക്കുലയായതു വിവാദമായ പശ്ചാത്തലത്തിലാണ് ഗൗണും തലപ്പാവും ധരിച്ചു പ്രവർത്തകർ പ്രതിഷേധിച്ചത്. ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു.

കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എൻഎസ്‌യു സെക്രട്ടറി എറിക് സ്റ്റീഫൻ, കെഎസ്‌യു നേതാക്കളായ ആദേശ് സുധർമൻ, ആസിഫ്, കൃഷ്ണകാന്ത്, എസ്.കെ.അരുൺ, പീറ്റർ സോളമൻ, അനന്തകൃഷ്ണൻ, ശരത് ശൈലേശ്വരൻ, പ്രിയങ്ക ഫിലിപ്പ്, ശരത്ത് കുളത്തൂർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധത്തിനൊടുവിൽ അലോഷ്യസ് ഉൾപ്പെടെ പതിനഞ്ചോളം പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

ഗൈഡിനെ മാറ്റണം: ഗവർണർക്കു നിവേദനം

ചിന്ത ജെറോമിന്റെ പിഎച്ച്ഡി പുനഃപരിശോധിക്കണമെന്നും ഗൈഡ് ഡോ.പി.പി.അജയകുമാറിന്റെ ഗൈഡ്ഷിപ് സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹത്തെ കേരള സർവകലാശാലാ ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് സെന്റർ (എച്ച്ആർഡിസി) ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റണമെന്നും ആവശ്യപ്പെട്ടു ഗവർണർക്കും വൈസ് ചാൻസലർക്കും നിവേദനം നൽകി. ചിന്തയുടെ പിഎച്ച്ഡി പ്രബന്ധം വിദഗ്ധ സമിതിയെ നിയോഗിച്ചു പുനഃപരിശോധിക്കണമെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ നിവേദനത്തിൽ പറയുന്നത്. കോളജ് അധ്യാപകർക്കു ഹ്രസ്വകാല പരിശീലനം നൽകാനുള്ള കേന്ദ്രമാണ് എച്ച്ആർഡിസി. പിവിസി സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അജയകുമാർ ഇതിന്റെ ഡയറക്ടർ ആയത്. 

 ഗവർണർ ഇടപെട്ടു നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, കൺവീനർ എം.ഷാജർ ഖാൻ എന്നിവർ ആവശ്യപ്പെട്ടു.

തെറ്റു പറ്റാത്തവരുണ്ടോ? പിന്തുണയുമായി ഇപി

തെറ്റുകൾ സംഭവിക്കാത്തവരായി ആരുമില്ലെന്നും ഒരുപാടു ശരികൾ ചെയ്യുന്നതിനിടയിലെ അറിയാതെ വരുന്ന പിഴവുകൾ മനുഷ്യസഹജമാണെന്നും ചിന്ത ജെറോമിന് ഫെയ്സ്ബുക്കിൽ പിന്തുണ നൽകി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കുറിച്ചു. എഴുത്തിലും വാക്കിലും പ്രയോഗങ്ങളിലും എല്ലാം തെറ്റു പറ്റാത്തവരായി ആരെങ്കിലും ഉണ്ടോ?  നേതൃപദവികളിലേക്കു വരുന്നവരെ വ്യക്തിഹത്യയിലൂടെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കം ഉപേക്ഷിക്കണം.

English Summary : KSU protest against Chintha Jerome PHD issue

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA