തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്പോർട്സ് യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ വിരമിച്ചു. അദ്ദേഹത്തിന്റെ അഭ്യർഥന മാനിച്ച് ഔദ്യോഗിക യാത്രയയപ്പ് ചടങ്ങുകൾ ഒഴിവാക്കി. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ ശിവശങ്കറിനൊപ്പം മുൻപ് ജോലി ചെയ്തിരുന്നവർ ഓഫിസിലെത്തി ആശംസകൾ നേർന്നു. ചീഫ് സെക്രട്ടറി വി.പി.ജോയിയെ കണ്ട ശേഷമാണ് അദ്ദേഹം ഓഫിസ് വിട്ടത്.
സ്വർണക്കടത്ത് കേസും ജയിൽവാസവും സസ്പെൻഷനും കഴിഞ്ഞു സർവീസിൽ തിരികെയെത്തിയ ശിവശങ്കറിന് സർക്കാരിൽ എന്തെങ്കിലും പുതിയ പദവി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 1995 ബാച്ചിൽപെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ് ശിവശങ്കർ. ഡപ്യൂട്ടി കലക്ടറായിരിക്കെ ഐഎഎസ് ലഭിക്കുകയായിരുന്നു. സ്പ്രിൻക്ലർ വിവാദം, ലൈഫ് മിഷൻ, സ്വർണക്കടത്ത് തുടങ്ങി പല വിഷയങ്ങളിലും ശിവശങ്കറിനെതിരെ ആരോപണം ഉയർന്നു. കേസും ജയിൽ ശിക്ഷയും മൂലം ഒരു വർഷവും 5 മാസവും സസ്പെൻഷനിൽ കഴിയേണ്ടി വന്നു. ശിവശങ്കറിനു പകരം സ്പോർട്സ് യുവജനകാര്യ സെക്രട്ടറിയായി പ്രണബ് ജ്യോതിനാഥിനെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു.
English Summary: M Sivasankar retires from government service