ബിജെപി സംസ്ഥാന സമിതി യോഗം 4ന്; ഫണ്ട‌്‌പിരിവും വിഭാഗീയതയും ചർച്ചയാകും

HIGHLIGHTS
  • സംസ്ഥാന കമ്മിറ്റി പുനഃസംഘടന പ്രധാന കടമ്പ
k-surendran-1
കെ.സുരേന്ദ്രൻ (Screengrab: Manorama News)
SHARE

കൊച്ചി ∙ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു കെ.സുരേന്ദ്രൻ തുടരുമെന്നു ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെ ആദ്യ സംസ്ഥാനസമിതി യോഗം 4നു കൊച്ചിയിൽ ചേരുന്നു. പാർട്ടി പ്രവർത്തന ഫണ്ട് പിരിവു ലക്ഷ്യം കണ്ടില്ലെന്നതും മണ്ഡലം പദയാത്രകൾ പലയിടത്തും നടന്നില്ലെന്നതുമടക്കം പല വിഷയങ്ങളിലും ചൂടേറിയ ചർച്ചകളുണ്ടാകും. സംസ്ഥാന കമ്മിറ്റി പുനഃസംഘടനയാകും യോഗത്തിനു പിന്നാലെ സുരേന്ദ്രൻ മറികടക്കേണ്ടിവരുന്ന പ്രധാന കടമ്പ.

ആരു പ്രസിഡന്റായാലും ഒരു വിഭാഗം നിസ്സഹകരിച്ചു കുഴപ്പങ്ങളുണ്ടാക്കുന്ന പ്രവണത ഇനി അനുവദിക്കില്ലെന്ന വ്യക്തമായ സൂചന നൽകിയാണു നേതൃത്വം സുരേന്ദ്രനു രണ്ടാമൂഴം അനുവദിച്ചത്. സംസ്ഥാനഘടകത്തിൽ വിഭാഗീയതയില്ലെന്നു കാണിച്ചു സംസ്ഥാന കോർ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളും ഒപ്പിട്ട പ്രസ്താവനയിറക്കി കേന്ദ്ര നേതൃത്വം സുരേന്ദ്രനു സുഗമപാതയൊരുക്കുകയും ചെയ്തു.

അതേസമയം, വിഭാഗീയത യാഥാർഥ്യമാണെന്നു പ്രവർത്തകർക്കും നേതാക്കൾക്കുമറിയാം. ഏതാനും മാസങ്ങളായി സംസ്ഥാന പ്രവർത്തന ഫണ്ടിലേക്കുള്ള ധനസമാഹരണം നടക്കുകയാണ്. ബൂത്ത്തലത്തിൽ വൻ വിജയമായിരുന്ന ധനസമാഹരണം മണ്ഡലം–ജില്ലാ തലങ്ങളിൽ പരാജയമായെന്നാണു സൂചന. മണ്ഡലം പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ച പദയാത്രയും കേന്ദ്ര ഭരണനേട്ടം വീടുകളിലെത്തി നേരിട്ട് അറിയിക്കുന്ന പരിപാടിയും പ്രതീക്ഷിച്ചത്ര സജീവമായില്ല. നേതാക്കളിൽ ചിലരുടെയടക്കം നിസ്സഹകരണം മൂലമാണിതെന്ന വിലയിരുത്തൽ സുരേന്ദ്രൻ വിഭാഗത്തിനുണ്ട്.

സുരേന്ദ്രൻ രണ്ടാമതും പ്രസിഡന്റാകുന്നതിന്റെ ഔപചാരിക നടപടിക്രമം പൂർത്തിയാകുന്നതോടെ സംസ്ഥാന കമ്മിറ്റി പുനഃസംഘടനയ്ക്കുള്ള നീക്കമാരംഭിക്കും. നിലവിലുള്ള ഭാരവാഹികളിൽ വലിയ മാറ്റത്തിനിടയില്ലെന്ന പ്രചാരമുണ്ടെങ്കിലും അതൃപ്തരെക്കൂടി ഉൾപ്പെടുത്തണമെന്നതിനാൽ പുനഃസംഘടന വലിയ ചർച്ചകൾക്കിടനൽകും.

English Summary : BJP state committee meeting on february 4

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS