ADVERTISEMENT

കൊച്ചി/തിരുവനന്തപുരം∙ അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽ നിന്നു 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹി സൈബി ജോസ് കിടങ്ങൂരിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

അഡ്വ.സൈബിയെ പ്രതിയാക്കി എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്താണു രേഖാമൂലം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമനു നിർദേശം നൽകിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

അഴിമതി നിരോധന വകുപ്പ് 7(1), ഇന്ത്യൻ ശിക്ഷാ നിയമം 420 (വഞ്ചന) എന്നിവ പ്രകാരമാണു കേസ്. പ്രത്യേകസംഘം കേസ് അന്വേഷിക്കുമെന്നു ഡിജിപി അനിൽകാന്ത് അറിയിച്ചു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസ് എടുക്കാൻ തീരുമാനിച്ചത്. ആരോപണത്തിൽ ഹൈക്കോടതി വിജിലൻസ് വിഭാഗം നടത്തിയ തെളിവെടുപ്പിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി റജിസ്ട്രാർ ഡിജിപിക്കു നിർദേശം നൽകിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണു ഡിജിപി അനിൽകാന്തിനു റിപ്പോർട്ട് കൈമാറിയത്.

ആരോപണത്തി‍ൽ കഴമ്പുണ്ടെന്നും സൈബി ജോസിനെതിരെ പത്തിലേറെ അഭിഭാഷകർ തെളിവും മൊഴിയും നൽകിയിട്ടുണ്ടെന്നുമാണു കമ്മിഷണറുടെ റിപ്പോർട്ടിലുള്ളത്. ആരോപണത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അതിനാൽ കേസ് റജിസ്റ്റർ ചെയ്യണമെന്നും കമ്മിഷണർ റിപ്പോർട്ട് ചെയ്തു. തുടർന്നു പൊലീസ് ആസ്ഥാനത്തെ എഡിജിപി കെ.പദ്മകുമാർ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പുമായി ചർച്ച നടത്തിയിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടും വിലയിരുത്തിയ ശേഷം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജിയുമായി അഡ്വക്കറ്റ് ജനറൽ കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷമാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം നൽകിയത്.

അഭിഭാഷക അസോസിയേഷന്റെ തിരഞ്ഞെടുപ്പു വേളയിൽ ഇതെക്കുറിച്ചു ചില അഭിഭാഷകർ സമൂഹമാധ്യമങ്ങളി‍ൽ പോസ്റ്റിട്ടിരുന്നു. ഇതു വാർത്തയായതോടെ ആരോപണം വലിയ ചർച്ചയായി. തുടർന്നു ഹൈക്കോടതി ജഡ്ജി തന്നെ രഹസ്യ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നവംബറിൽ ചീഫ് ജസ്റ്റിസ് നിർദേശിച്ചതനുസരിച്ചാണ് ഹൈക്കോടതി വിജിലൻസ് വിഭാഗം അന്വേഷണം നടത്തിയത്. ഹൈക്കോടതിയിലെ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ എന്നിവർക്കു നൽകാൻ എന്ന പേരിൽ കൈക്കൂലി വാങ്ങിയെന്നാണു ചില അഭിഭാഷകരുടെ മൊഴി.

Read Also: സിൽവർലൈന് ഇക്കുറിയും പച്ചക്കൊടിയില്ല, എയിംസുമില്ല: ബജറ്റിൽ കേരളത്തെ കേട്ടില്ല

െകെകൾ ശുദ്ധം; അന്വേഷണം സ്വാഗതം ചെയ്യുന്നു: െസെബി

അതേസമയം, അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി അഡ്വ.സൈബി ജോസ് കിടങ്ങൂർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. എന്റെ കൈകൾ ശുദ്ധമാണ്. ആരോപണത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്തുവരണം. കളങ്കപ്പെടുത്തിയിരിക്കുന്നത് എന്റെ വ്യക്തിജീവിതത്തെയും തൊഴിലിനെയുമാണ്.

2022 സെപ്റ്റംബറിൽ കേരള ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതു മുതൽ മൂന്നോ നാലോ വ്യക്തികളുടെ വ്യക്തിപരമായ അജൻഡയുടെ ഭാഗമായിട്ടാണ് ഈ പരാതികൾ വരുന്നത്. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. സത്യം ജയിക്കും എന്ന വിശ്വാസമുണ്ട്. വിജിലൻസ് റിപ്പോർട്ട് കണ്ടിട്ടില്ല. പൊലീസിന്റെ നോട്ടിസ് ലഭിച്ചു ചെന്നപ്പോഴാണു പരാതി നൽകിയിരിക്കുന്നത് 3 അഭിഭാഷകരാണെന്ന് അറിയുന്നത്. അതിൽ 2 അഭിഭാഷകരുടെ മൊഴിയിൽ മറ്റു വ്യക്തികൾ പറഞ്ഞ് അറിഞ്ഞെന്നാണുള്ളത്.

27 വർഷമായി ഇൗ പ്രഫഷനിലുണ്ട്. സുപ്രീംകോടതിയിലും മറ്റു പല ഹൈക്കോടതികളിലും ഹാജരാകാറുണ്ട്. ഇന്നുവരെ ബാർ കൗൺസിലോ മറ്റോ നടപടിയെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രം പെട്ടെന്നു കുറെ കഥകൾ വരുന്നു. കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് ആർക്കും ഇങ്ങനെയൊരു പരാതിയില്ല, എന്നെ അറിയുന്നവരും ഇതു വിശ്വസിക്കുന്നില്ല. സൈബി പറഞ്ഞു.

താൻ ഹാജരായ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചത് പൂർണമായും സാങ്കേതികമായ കാരണത്താലാണെന്ന് അദ്ദേഹം പറഞ്ഞു. എസ്‌സി എസ്ടി നിയമപ്രകാരം പരാതിക്കാരനെ കേൾക്കേണ്ടതുണ്ട്. അവരെ കക്ഷി ചേർത്തിട്ടുണ്ട്. വർഷങ്ങളായി തന്നെ ശക്തമായി എതിർക്കുന്ന, വ്യക്തിജീവിതത്തെ തീർക്കണമെന്ന് ആഗ്രഹിക്കുന്ന മൂന്നോ നാലോ പേർ കൊടുത്ത പരാതികളിലെ സത്യം പുറത്തുവരണം. വ്യക്തിജീവിതത്തെക്കുറിച്ചും തന്റെ ആകെയുള്ള സ്വത്തിനെക്കുറിച്ചും ജീവിത സാഹചര്യത്തെക്കുറിച്ചും അന്വേഷിക്കാമെന്നും സൈബി പറഞ്ഞു.

English Summary: Case Registered Against Adv. Saiby jose 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com