തിരുവനന്തപുരം ∙ സിപിഐയുടെ മുൻമന്ത്രി ഇ.ചന്ദ്രശേഖരനെ 2016ൽ ആക്രമിച്ച കേസിൽ സിപിഎമ്മുകാർ കൂറുമാറിയെന്ന വിവാദത്തിൽ സിപിഐയിൽ സ്വയം വിമർശനം. കേസിന്റെ കാര്യം സിപിഐ കാസർകോട് ജില്ലാഘടകമോ ചന്ദ്രശേഖരൻ തന്നെയോ ഗൗരവമായി കണ്ടില്ലെന്നാണ് സിപിഐ സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. 2016ൽ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലാണ് ബിജെപി–ആർഎസ്എസ് പ്രവർത്തകർ ചന്ദ്രശേഖരനെ ആക്രമിച്ചത്. അന്ന് ഒപ്പമുണ്ടായിരുന്ന സിപിഎമ്മുകാർ ആദ്യം ബിജെപി പ്രവർത്തകരുടെ പേര് എടുത്തുപറഞ്ഞു നൽകിയ മൊഴി പിന്നീട് തിരുത്തുകയും പ്രതികളെ കോടതി വിട്ടയ്ക്കുകയും ചെയ്തു.
കൂറുമാറ്റം വിവാദമായപ്പോഴാണ് വിശദാംശങ്ങൾ അറിയുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ചന്ദ്രശേഖരനും ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയില്ല. ഈ നീക്കങ്ങൾ ജില്ലാ നേതൃത്വം ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപെടുത്തി തിരുത്താൻ കഴിയുമായിരുന്നെന്ന ന്യായമാണ് സിപിഐ നേതാക്കളുടേത്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ സിപിഐ നിർവാഹകസമിതി യോഗം ചേരുന്നത്.
English Summary : Criticism within CPI regarding seriousness of CPM defection