ADVERTISEMENT

തിരുവനന്തപുരം ∙ ലഹരിക്കടത്തിനു സിപിഎം നേതാക്കളുടെ സഹായമുണ്ടെന്ന പ്രതിപക്ഷ ആരോപണത്തെ തുടർന്നു നിയമസഭയിൽ ബഹളവും പ്രതിപക്ഷ വോക്കൗട്ടും. ആരോപണത്തെ സിപിഎം അംഗങ്ങൾ ശബ്ദം ഉയർത്തി നേരിട്ടതോടെ സഭ ബഹളത്തിൽ മുങ്ങി.

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ മാത്യു കുഴൽനാടൻ, ലഹരിക്കടത്തിനു സിപിഎം പിന്തുണ നൽകുന്നതായി ആരോപിച്ചതാണ് ബഹളത്തിനു വഴിയൊരുക്കിയത്. മറുപടി പറഞ്ഞ മന്ത്രി എം.ബി.രാജേഷ് ആരോപണം നിഷേധിച്ചെങ്കിലും മിതത്വം പാലിച്ചു. എന്നാൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎമ്മിനെ കുറിച്ച് എന്ത് അസംബന്ധവും പറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ അനുവദിക്കില്ലെന്നു വ്യക്തമാക്കി. എന്താണ് മാത്യു കുഴൽനാടൻ അവതരിപ്പിച്ചത്? എന്തും വിളിച്ചു പറയുന്ന ആളായതു കൊണ്ട് കോൺഗ്രസ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ? ഇങ്ങനെയാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്? എന്തിനും അതിരു വേണം. അതു ലംഘിക്കാൻ പാടില്ല- മുഖ്യമന്ത്രി പറഞ്ഞു.

അടിയന്തരപ്രമേയ നോട്ടിസ് അവതരിപ്പിക്കാൻ മാത്യു കുഴൽനാടനു നിർദേശം നൽകിയതു താനാണെന്നും തെളിവുകളുടെ ബലത്തിലും ഉത്തരവാദിത്ത ബോധത്തോടെയുമാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. ബഹളത്തിൽ പങ്കാളികളാവാതെ സിപിഐ അംഗങ്ങൾ മൗനം പാലിച്ചതു ശ്രദ്ധേയമായി. 

സിപിഎം ബന്ധമുള്ളവരുടെ നേതൃത്വത്തിലാണ് ലഹരിക്കടത്ത് നടക്കുന്നതെന്ന് ആരോപിച്ച കുഴൽനാടൻ, ഒരുവിഭാഗം നേതാക്കൾ പാർട്ടിയുടെ ചവിട്ടുപടി കയറുന്നത് ഈ പണം ഉപയോഗിച്ചാണെന്നും കുറ്റപ്പെടുത്തി. കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സിപിഎം നേതാവിന് സംഭവത്തിൽ ബന്ധമില്ലെന്ന് സജി ചെറിയാൻ വ്യക്തമാക്കിയത്. കുട്ടനാട്ടിലെ സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു പോകുന്നത് ലഹരി മാഫിയ ബന്ധത്തിൽ മനംമടുത്തിട്ടാണെന്നും കുഴൽനാടൻ പറഞ്ഞു. ഇതോടെ സിപിഎം അംഗങ്ങൾ ബഹളം തുടങ്ങുകയും പ്രതിപക്ഷം അതിനെ നേരിടുകയുമായിരുന്നു. സ്പീക്കർ എ.എൻ.ഷംസീർ ഇരു കൂട്ടരെയും ശാന്തരാക്കാൻ ശ്രമിച്ചു. 

ലഹരി കടത്തുകളിൽ പിടിയിലായവരുടെ പട്ടിക വായിച്ചാൽ പ്രതിപക്ഷത്തിന് സഭയ്ക്കു പുറത്തിറങ്ങി പോകേണ്ടി വരുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞപ്പോൾ, തന്റെ കൈവശമുള്ള പ്രതിപ്പട്ടിക വായിച്ചാൽ ഭരണപക്ഷത്തിനു ബഹളം വയ്ക്കുക മാത്രമല്ല, വോക്കൗട്ടും നടത്തേണ്ടി വരുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ തിരിച്ചടി. തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച സജി ചെറിയാൻ, അതു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നു വെല്ലുവിളിച്ചു. 

ലഹരിക്കേസ്: സിപിഎം നഗരസഭാംഗത്തിന് പങ്കുണ്ടെന്ന് തെളിവില്ലെന്ന് മന്ത്രി രാജേഷ്

തിരുവനന്തപുരം∙ കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ ലഹരിമരുന്നു പിടിച്ചത് ആലപ്പുഴയിലെ സിപിഎം നഗരസഭാംഗം വാടകയ്ക്കു നൽകിയ വാഹനത്തിൽ ആണെങ്കിലും സംഭവത്തിൽ അദ്ദേഹത്തിനു പങ്കുണ്ടെന്നു തെളിവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. അന്വേഷണം നടക്കുകയാണ്. വാഹന ഉടമയെ പ്രതിയാക്കാനുള്ള തെളിവു ലഭിച്ചിട്ടില്ല. ലഭിച്ചാൽ പ്രതിയാക്കും. ജാഗ്രതക്കുറവ് കണ്ടെത്തിയതിനെത്തുടർന്ന് പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടുണ്ട്. 

മട്ടന്നൂരിൽ മുസ്‍ലിംലീഗിന്റെ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ പേരിലുള്ള വാഹനത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തിയതിനു ലീഗ് പ്രവർത്തകനായ ഡ്രൈവറുടെ പേരിലാണ് കേസെടുത്തത്; അല്ലാതെ വാഹന ഉടമയുടെ പേരിലല്ല. അവിടെ പിടികൂടിയ സാധനങ്ങൾക്കു രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളിലും വിൽപനാനുമതി ഉണ്ട്. എന്നാൽ കേരളത്തിൽ നിരോധനമുണ്ട്. ലഹരി കേസുകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ശിക്ഷ നടപ്പാക്കിയത് കേരളമാണ്. മുൻവർഷത്തെക്കാൾ ഇത്തരം കേസുകളുടെ എണ്ണത്തിൽ 166% വർധന ഉണ്ടായി.

പിണറായി മോശമായി സംസാരിക്കുന്നു: കുഴൽനാടൻ

തിരുവനന്തപുരം ∙ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് മോശമായി സംസാരിക്കുന്നുവെന്നു മാത്യു കുഴൽനാടൻ എംഎൽഎ. താൻ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിനെതിരെ ‘എന്തും പറയാമെന്നാണോ’ എന്നു ചോദിച്ചുകൊണ്ടു മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു. അതിന്റെ ആവശ്യമൊന്നുമില്ല. നാട്ടിൽ നടക്കുന്ന കാര്യങ്ങൾ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് അംഗത്തിന്റെ ബാധ്യതയാണ്. 

മുൻപ് സ്പ്രിൻക്ലർ ആരോപണത്തിൽ ഉൾപ്പെട്ട ജെയ്ക് ബാലകുമാർ പിണറായിയുടെ മകൾ വീണയുടെ മെന്ററാണെന്നു താൻ നിയമസഭയിൽ പറഞ്ഞപ്പോൾ പച്ചക്കള്ളം, അസംബന്ധം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. പിന്നീട് അതിന്റെ തെളിവു വന്നപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നെന്നും മാത്യു പറഞ്ഞു. 

English Summary: Karunagappally Drug Smuggling Case in Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com