അന്ന് ഏജന്റ്, ഇന്ന് ഒപ്പന മണവാട്ടി; ചർച്ചയായി ഗവർണർ

arif-mohammad-khan
ആരിഫ് മുഹമ്മദ് ഖാൻ
SHARE

പിണറായി സർക്കാരുമായുള്ള സംഘർഷകാലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടതുമുന്നണിക്ക് ആർഎസ്എസിന്റെ ഏജൻസിപ്പണി നടത്തുന്ന ആളായിരുന്നു. പിണക്കം മാറ്റി നയപ്രഖ്യാപനത്തിനെത്തിയ ഗവർണറെ കണ്ടപ്പോൾ ഒപ്പനയുടെ അവസാനം നാണം കുണുങ്ങി മണവാട്ടി വരുന്നതു പോലെയാണ് സിപിഐയിലെ പി.ബാലചന്ദ്രനു തോന്നിയത്.

രാജ്ഭവനിൽ നിന്നു നിയമസഭയിലേക്ക് ആ യാത്ര നടത്തിയ ഗവർണറും കന്യാകുമാരിയിൽ നിന്നു കശ്മീരിലേക്ക് ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധിയുമായിരുന്നു ഇന്നലത്തെ ചർച്ച. മോദിയെയും ആർഎസ്എസിനെയും എതിർക്കാൻ രാഹുലിന്റെ കോൺഗ്രസോ പിണറായിയുടെ സിപിഎമ്മോ? സംവാദം പൊരിഞ്ഞു. കുഞ്ഞാലിക്കുട്ടി പ്രശ്ന പരിഹാരകനായി – ‘‘ എന്തു ചെയ്യാൻ? സഹ്യപർവതത്തിന് അപ്പുറത്ത് സിപിഎം വേണ്ടേ? ആ ഇന്ത്യൻ സാഹചര്യത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് ഉണ്ടെങ്കിലേ പറ്റൂ, വേറെ വർത്തമാനം പറഞ്ഞിട്ടു കാര്യമില്ല’’

രാഹുൽ ഗാന്ധിക്കും ജയിച്ചു വരാൻ കേരളത്തിൽ അഭയം തേടേണ്ടി വന്നില്ലേ എന്നായി പി.മമ്മിക്കുട്ടിയുടെ ചോദ്യം. ‘മാറാട് കലാപ സമയത്ത് സംഘർഷ സ്ഥലത്തു കുതിച്ചെത്തിയ പിണറായി’ മതനിരപേക്ഷതയുടെ ഇന്ത്യൻ പ്രതീകമാണ്, മമ്മിക്കുട്ടിക്ക്. പക്ഷേ ഷാഫി പറമ്പിലിന് പിണറായിയെന്നാൽ മോദിയുടെ പേരു പറഞ്ഞ് ഒരു ’കഷണം’ വിമർശനത്തിനുപോലും ധൈര്യമില്ലാത്ത മുഖ്യമന്ത്രിയാണ്.

ഗാന്ധിജിയെ വധിച്ചവരുടെ കയ്യിൽ ഭരണം ഏൽപിച്ച ഒറ്റ കുറ്റത്തിന്റെ പേരിൽ മാത്രം രാഹുലും മാതാവും പെങ്ങളും കുറെ നടക്കുകയും വിയർക്കുകയും ചെയ്യണമെന്ന അഭിപ്രായമാണ് എം.എം.മണിക്ക്. ഒടുവിൽ സിപിഎമ്മിന് കോൺഗ്രസ് മുന്നണിയെ പിന്തുണയ്ക്കേണ്ടി വരില്ലേ എന്ന ചോദ്യം ആശാൻ ഇങ്ങനെ തള്ളി: ‘അറക്കുന്നതിനു മുൻപ് പിടയ്ക്കേണ്ടതുണ്ടോ?’

അമിത് ഷായും എം.സ്വരാജും തമ്മിലെ സാമ്യം ചൂണ്ടിക്കാട്ടാൻ ഷാഫിക്ക് ഒപ്പം ടി.സിദ്ദിഖും ഉണ്ടായി. ജോഡോ യാത്രയെ ‘കണ്ടെയ്നർ യാത്രയായി’ സ്വരാജും അമിത് ഷായും അപഹസിക്കും മുൻപ് അതേ പ്രയോഗം പ്രത്യക്ഷപ്പെട്ടത് ഒരു ആർഎസ്എസ് അനുകൂല മാധ്യമത്തിലാണെന്നു സിദ്ദിഖ് കണ്ടെത്തി. ആർഎസ്എസ് ശാഖയെ സംരക്ഷിക്കുമെന്നും വേണ്ടിവന്നാൽ ബിജെപിയിലേക്കു പോകുമെന്നും പറയുന്ന കെ.സുധാകരൻ തന്നെയല്ലേ ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നായിരുന്നു കെ.കെ.ശൈലജയുടെയും മുരളി പെരുനെല്ലിയുടെയും മറു ചോദ്യം.

ശ്രീനഗറിലെ മരം കോച്ചും തണുപ്പത്തു വിറച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആ വൈഷമ്യം മാറിയത് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ രാഹുൽഗാന്ധിക്ക് പിന്തുണ നൽകി നിൽക്കുന്നതു കണ്ടതോടെയാണ്. രാഹുൽഗാന്ധിയുടെ യാത്രാസമാപനത്തിന് പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനിച്ചതിനു പിന്നിൽ കേരള ഘടകമാണെന്ന ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ പതിവു മറുപടി: ‘നിങ്ങൾക്ക് ഈ പാർട്ടിയുടെ ഘടന അറിയില്ല. കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയിൽ സിപിഎം പോയി നിൽക്കേണ്ട കാര്യമില്ല.’ കുറുക്കോളി മൊയ്തീൻ സിപിഎമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ചതു കണ്ടപ്പോൾ ആനയോട് ‘വേദന വല്ലതുമുണ്ടോ’ എന്ന് അണ്ണാൻ ചോദിച്ച കഥയാണ് പിണറായിക്ക് ഓർമ വന്നത്.

ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ അദ്ദേഹത്തെ കൈവിട്ട് ആർഎസ്എസ് പ്രതികൾക്കായി കൂറുമാറിയ സിപിഎമ്മുകാരെ രണ്ടാം ദിവസവും പ്രതിപക്ഷം വെറുതേ വിട്ടില്ല. പക്ഷേ സിപിഐക്കാരൻ പി.ബാലചന്ദ്രന് അത് ‘ഏതോ ഒരു സിജെഎം കോടതിയിൽ ആരോ നടത്തിയ കൂറുമാറ്റം’ മാത്രം. ആരും കൂറുമാറിയിട്ടില്ലെന്നും എല്ലാ സാക്ഷികളും ഒരേ രീതിയിലാണ് മൊഴി നൽകിയതെന്നുമുള്ള സിപിഎം വിശദീകരണം അവതരിപ്പിക്കുന്ന ചുമതല കെ.പി.കുഞ്ഞമ്മദ് കുട്ടി നിർവഹിച്ചു.

ഇന്നത്തെ വാചകം

‘ന്യൂനപക്ഷ ക്ഷേമത്തിനുള്ള തുക കുറച്ചു കൊണ്ടു വരുന്ന പിണറായി സർക്കാർ ഈ ബജറ്റിൽ അതിനായി വകയിരുത്തുന്ന തുക കാണട്ടെ. എന്നിട്ട് നമുക്ക് ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ പ്രേമത്തെക്കുറിച്ച് സംസാരിക്കാം’ – നജീബ് കാന്തപുരം.

Content Highlight: Kerala Assembly, Naduthalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS