ADVERTISEMENT

തിരുവനന്തപുരം∙ തനതു ഫണ്ടു കുറവായതിനാൽ ഉദ്യോഗസ്ഥരുടെ ശമ്പളവും ജനപ്രതിനിധികളുടെ ഓണറേറിയവും നൽകാൻ പല പഞ്ചായത്തുകളും ബുദ്ധിമുട്ടുമ്പോൾ, പഞ്ചായത്തുകൾക്കു മേൽ സംഭാവനകളുടെ ഭാരം കൂടി അടിച്ചേൽപിച്ച് സർക്കാർ. നാട്ടിൽ നടക്കുന്ന പരിപാടികൾക്കെല്ലാം എംഎൽഎമാരുടെയോ, സംഘാടക സമിതിയുടെയോ ആവശ്യപ്രകാരം ഫണ്ട് നൽകാൻ തദ്ദേശസ്ഥാപനങ്ങളെ നിർബന്ധിക്കുന്ന സ്ഥിതിയുണ്ട്. ഫണ്ട് കുറവായതിനാൽ അവശ്യ ക്ഷേമപദ്ധതികൾ പോലും മുടങ്ങുമ്പോഴാണു തദ്ദേശവകുപ്പിന്റെ ഉത്തരവുകളുടെ പേരിൽ സംഭാവന നൽകേണ്ടിവരുന്നത്. 

പാലക്കാട് തൃത്താലയിൽ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തിന് സംസ്ഥാനത്തെ പഞ്ചായത്തുകൾ 30000, ബ്ലോക്ക് പഞ്ചായത്തുകൾ 70000, ജില്ലാ പഞ്ചായത്തുകൾ 2 ലക്ഷം, മുനിസിപ്പാലിറ്റികൾ ഒന്നേകാൽ ലക്ഷം, കോർപറേഷനുകൾ 5 ലക്ഷം എന്നിങ്ങനെ നൽകാനാണു നിർദേശം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘സ്വയംവരം’ എന്ന ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷത്തിനു പത്തനംതിട്ട ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ 5000 രൂപ വീതം നൽകണമെന്ന ഉത്തരവ് വിവാദമായിരുന്നു. 

തെരുവുനായ ആക്രമണത്തിനു പരിഹാരം തേടി പഞ്ചായത്ത് അസോസിയേഷൻ നൽകിയ കേസ് നടത്താൻ തദ്ദേശസ്ഥാപനങ്ങളിൽനിന്നു 3000 രൂപ വീതം പിരിച്ചു. കാസർകോട് കയ്യൂരിൽ നടന്ന കയ്യൂർ ഫെസ്റ്റിനു വേണ്ടി കണ്ണൂർ, കാസർകോട് ജില്ലാ പഞ്ചായത്തുകൾ നൽകിയത് ഒന്നരലക്ഷം രൂപ വീതം. ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ഒരു ലക്ഷം വീതവും പഞ്ചായത്തുകൾ 50,000 വീതവും നൽകി. തോന്നയ്ക്കൽ സാംസ്കാരിക സമിതിയുടെ വാർഷികാഘോഷത്തിനു തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്കു നിശ്ചയിച്ച ക്വോട്ട 25000 രൂപ വീതമാണ്. കൊല്ലത്ത് ടെക്നിക്കൽ സ്കൂൾ ശാസ്ത്രമേളയ്ക്കായി പഞ്ചായത്തുകൾ 10000 വീതവും നഗരസഭകൾ 20000 വീതവും നൽകി. തേഞ്ഞിപ്പലത്തു നടന്ന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്കു മലപ്പുറത്തു നിന്നും കൊടുങ്ങല്ലൂരിൽ നടന്ന ടെക്നിക്കൽ ഹൈസ്കൂൾ കലോൽസവത്തിനു തൃശൂരിൽനിന്നും ഇതുപോലെ സംഭാവന പിരിച്ചു. 

മങ്കടയിലും കൊണ്ടോട്ടിയിലും പൊന്നാനിയിലും ഉപജില്ലാ കലോൽസവങ്ങൾക്ക്, ഉപജില്ലകൾക്കു കീഴിലെ തദ്ദേശസ്ഥാപനങ്ങൾ 25000 രൂപ മുതൽ 50000 രൂപ വരെ നൽകി. കോട്ടൂർ പഞ്ചായത്താണു കോട്ടൂർ ഫെസ്റ്റ് നടത്തിയതെങ്കിലും കോഴിക്കോട്ടെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും 15000 രൂപ വീതം നൽകേണ്ടിവന്നു. മലപ്പുറത്തെ ഒരു കലാപഠനകേന്ദ്രത്തിനു കെട്ടിടം നിർമിക്കാൻ ജില്ലയിലെ പഞ്ചായത്തുകൾ 10000 രൂപ വീതവും നഗരസഭകൾ 20000 രൂപ വീതവും നൽകി. പൊന്നാനി മണ്ഡലത്തിലെ ഓണാഘോഷത്തിന് പഞ്ചായത്തുകൾ ഒരു ലക്ഷവും നഗരസഭകൾ 3 ലക്ഷവും നൽകി. അടൂരിലെ ചലച്ചിത്രമേളയ്ക്ക് നഗരസഭ ഒരുലക്ഷവും എം.ജി.സോമൻ ഫൗണ്ടേഷന്റെ കലാപരിപാടിക്കു തിരുവല്ല നഗരസഭ 3 ലക്ഷവും നൽകി. വെള്ളായണി കായലിലെ ജലോൽസവത്തിന് സംഘാടകർ ആവശ്യപ്പെട്ടതനുസരിച്ച് 50000 രൂപ മുതൽ 2 ലക്ഷം രൂപ വരെ തദ്ദേശസ്ഥാപനങ്ങൾ നൽകി. 

∙ ഞെരുങ്ങി 68 പഞ്ചായത്തുകൾ 

ആവശ്യത്തിനു ഫണ്ടില്ലാത്തതു കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത 68 പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ടെന്നു തദ്ദേശവകുപ്പ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പഞ്ചായത്തുകൾക്ക് ആകെ 10 കോടി രൂപയും നഗരസഭകൾക്ക് ആകെ 5 കോടി രൂപയും ഗ്യാപ് ഫണ്ട് ആയി സർക്കാർ വകയിരുത്തിയെങ്കിലും എല്ലാ പഞ്ചായത്തുകൾക്കും ഫണ്ട് ലഭിച്ചിട്ടില്ല. വല്ലാതെ ഞെരുങ്ങുന്നതിനിടയിലാണു സംഭാവനപ്പൂരം. 

English Summary : Kerala government imposing more burden on panchayaths through donations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com