‘വിരമിച്ചവരും മനുഷ്യരാണെന്നു മറക്കരുത്’: കെഎസ്ആർടിസിയോട് ഹൈക്കോടതി

Mail This Article
കൊച്ചി∙ കെഎസ്ആർടിസിയിൽനിന്നു വിരമിച്ച ജീവനക്കാരും മനുഷ്യരാണെന്നു മറക്കരുതെന്നു ഹൈക്കോടതി. വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് 2 വർഷത്തെ സാവകാശം അനുവദിക്കാനാകില്ലെന്നു കോടതി പറഞ്ഞു. അനുകൂല്യങ്ങളുടെ വിതരണത്തിനു സീനിയോറിറ്റി പ്രകാരമുള്ള പട്ടികയും ഫണ്ട് എവിടെനിന്നു കണ്ടെത്തുമെന്ന വിവരവും ഉൾപ്പെടുത്തി വിശദമായ പദ്ധതി സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
വിരമിക്കൽ ആനുകൂല്യങ്ങൾ 4 മാസത്തിനകം നൽകണമെന്നുള്ള മുൻ ഉത്തരവു പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജികൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിന്നീടു പരിഗണിക്കാൻ മാറ്റി. കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയ ശേഷം സാവകാശം തേടണമെന്നു കോടതി വാദത്തിനിടെ പറഞ്ഞു. 6 മാസം വേണമെങ്കിൽ അനുവദിക്കാം. മാസം തോറും കൃത്യമായി ഒരു തുക പെൻഷൻകാർക്കു വേണ്ടി നീക്കിവയ്ക്കാതെ നിർവാഹമില്ലെന്നും കോടതി പറഞ്ഞു.
English Summary : Pensioners are also humans says High court to KSRTC