പൊൻകുന്നം ∙ ഊണിനൊപ്പം കൊടുത്ത കറിയിൽ മീനിന്റെ വലുപ്പം കുറവാണെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറുപേർ പിടിയിൽ. കൊല്ലം നെടുമൺ കടുക്കോട് കുരുണ്ടിവിള പ്രദീഷ് മോഹൻദാസ് (35), നെടുപന സ്വദേശികളായ കളയ്ക്കൽകിഴക്കേതിൽ എസ്.സഞ്ജു (23), മനുഭവനിൽ മഹേഷ് ലാൽ (24), ശ്രീരാഗം അഭിഷേക് (23), നല്ലിള മാവിള അഭയ് രാജ് (23), നല്ലിള അതുൽമന്ദിരം അമൽ ജെ.കുമാർ (23) എന്നിവരാണു പിടിയിലായത്.
ഇളങ്ങുളം ഭാഗത്തുള്ള ഹോട്ടലിലെ ജീവനക്കാരനായ മധു കുമാറിനെ ആക്രമിച്ചെന്നാണു കേസ്. ഹോട്ടലിൽ ഭക്ഷണം കഴിച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും ഹോട്ടലിൽ കയറി, ഊണിനു കറിയായി നൽകിയ മീനിന്റെ വലുപ്പം കുറവാണെന്നും കറിയിൽ ചാറ് കുറഞ്ഞുപോയെന്നുമാരോപിച്ച് മർദിക്കുകയും കരിങ്കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
English Summary: Six accused arrested in hotel employee attack case