കണ്ണൂർ ∙ പ്രസവത്തിനായി ആശുപത്രിയിലേക്കു പോയ യുവതിയും ഭർത്താവും കാറിനു തീപിടിച്ചു ദാരുണമായി മരിച്ചു. ഗർഭസ്ഥ ശിശുവും ഒപ്പം മരണത്തിനു കീഴടങ്ങി. കണ്ണൂർ നഗരത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കുറ്റ്യാട്ടൂർ ഉരുവച്ചാൽ സ്വദേശി താമരവളപ്പിൽ പ്രജിത് (35), ഭാര്യ കെ.കെ.റീഷ (25) എന്നിവരാണു പൊള്ളലേറ്റു മരിച്ചത്. ഇവരുടെ മകൾ ശ്രീപാർവതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കൽ പുതിയപുരയിൽ കെ.കെ.വിശ്വനാഥൻ, ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയപ്പോൾ ജില്ലാ ആശുപത്രിയിലേക്കു പുറപ്പെട്ടതാണ് ഇവർ. ആശുപത്രിക്ക് 300 മീറ്റർ മുൻപാണ് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചത്. 200 മീറ്റർ അപ്പുറത്ത് അഗ്നിരക്ഷാസേനാ സ്റ്റേഷനും മറുഭാഗത്ത് ആശുപത്രിയും റോഡിൽ ആളുകളുമുണ്ടായിട്ടും ദമ്പതികളെ രക്ഷപ്പെടുത്താനാകാത്ത വിധം ഞൊടിയിടയിൽ കാറിനകത്തു തീ പടരുകയായിരുന്നു.

കാറോടിച്ച പ്രജിത്തും മുൻസീറ്റിലിരുന്ന റീഷയും സീറ്റ് ബെൽറ്റിട്ടിരുന്നു. ഞൊടിയിടയിൽ തീയും പുകയും പടർന്നതിനാലും പരിഭ്രാന്തി മൂലവും സീറ്റ് ബെൽറ്റ് അഴിക്കാനോ മുൻവശത്തെ ലോക്കായിരുന്ന ഡോറുകൾ തുറക്കാനോ ഇവർക്കു സാധിച്ചില്ല. ഇതിനിടെ, പിറകിലെ ഡോറിന്റെ ലോക്ക് എത്തിവലിഞ്ഞു നീക്കി, 4 പേർക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയതു പ്രജിത്താണെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ഭാര്യയെയും തന്നെയും രക്ഷപ്പെടുത്തണമെന്നു പ്രജിത് കേണപേക്ഷിച്ചെങ്കിലും നാട്ടുകാർ തീർത്തും നിസ്സഹായരായിരുന്നു. 2 മിനിറ്റിനകം സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണു തീയണച്ച് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.

Read Also: വാഹനത്തിനു തീപിടിക്കാനുള്ള കാരണമെന്ത്? തീപിടിച്ചാൽ എന്തു ചെയ്യണം
കാറിന്റെ സ്റ്റിയറിങ് ഭാഗത്തുണ്ടായ ഷോർട് സർക്യൂട്ടാണു തീപിടിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തിനു 450 മീറ്റർ മുൻപു തന്നെ, കാറിൽനിന്നു പുക ഉയരുന്നതു കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
English Summary: Two burnt to death as car catches fire in Kannur