ആലുവ ∙ ദേശീയപാതയിലെ ബൈപാസ് കവലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിനു നേരെ കരിങ്കൊടി വീശി. 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിമാനത്താവളത്തിൽനിന്നു വന്ന മുഖ്യമന്ത്രിയുടെ വാഹനം ആലുവ പാലസിലേക്കു പോകാൻ തിരിഞ്ഞപ്പോഴാണു ബജറ്റിനെതിരെ മുദ്രാവാക്യം മുഴക്കി ചാറ്റൽ മഴയത്തു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിനു നേരെ ചാടിവീണത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ജിൻഷാദ് ജിന്നാസ്, ലിന്റോ പി. ആന്റു, ജില്ലാ ഭാരവാഹികളായ രാജേഷ് പുത്തനങ്ങാടി, സിറാജ് ചേനക്കര, ആൽഫിൻ രാജൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
കോൺഗ്രസ് ഇന്നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ കേന്ദ്രങ്ങളിൽ രാവിലെ പ്രതിഷേധ പരിപാടികളും മണ്ഡലാടിസ്ഥാനത്തിൽ വൈകിട്ട് പന്തം കൊളുത്തി പ്രകടനങ്ങളും നടത്താൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന ഭാരവാഹിയോഗം തീരുമാനിച്ചു. കേരളം കാണാത്ത പ്രതിഷേധമാകും ഉണ്ടാകാൻ പോകുന്നതെന്നു സുധാകരൻ പറഞ്ഞു.
English Summary: Opposition Parties Prepare To Protest Against Kerala Budget 2023