തിരുവനന്തപുരം ∙ ഇന്നു ബജറ്റ് അവതരിപ്പിക്കാനിരിക്കെ, സംസ്ഥാന സർക്കാരിനു കേന്ദ്രസർക്കാർ വക മറ്റൊരു ഇരുട്ടടി കൂടി. ഇൗ വർഷം കടമെടുക്കാവുന്ന തുകയിൽ 2,700 കോടി രൂപ കൂടി ഒറ്റയടിക്കു കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിന് ഇന്നലെ ലഭിച്ചു. കിഫ്ബി എടുത്ത വായ്പ സംസ്ഥാന സർക്കാരിന്റെ വായ്പയായി കണക്കാക്കിയാണു കടമെടുപ്പു പരിധി വെട്ടിക്കുറച്ചത്.
മന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നു രാവിലെ 9നാണ് മൂന്നാം ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു പിന്നാലെ നികുതി ഭാരം കൂടി അടിച്ചേൽപ്പിക്കുമോ എന്ന ചങ്കിടിപ്പിലാണു ജനം. ഭൂമിയുടെ ന്യായവില, ഭൂനികുതി, ഫീസുകൾ, പിഴത്തുക, മോട്ടർ വാഹന നികുതി തുടങ്ങിയവ വർധിക്കുമെന്നാണ് കരുതുന്നത്. പുതുതായി നികുതികളും സേവന നിരക്കുകളും ഏർപ്പെടുത്തിയേക്കും.
സാമ്പത്തിക വർഷം അവസാനിക്കുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വകുപ്പുകൾ ഏറ്റവും കൂടുതൽ പണം ചെലവിടേണ്ട സമയത്താണ് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത്. 2,700 കോടി കുറവു വരുന്നതോടെ വർഷാവസാനം ട്രഷറി സമ്മർദത്തിലാകും.
English Summary: Kerala Budget 2023 today