ADVERTISEMENT

കൊച്ചി ∙ അനുകൂല വിധി നേടാൻ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്ന് അഡ്വ. സൈബി ജോസ് കിടങ്ങൂർ 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിനു ‘റാക്കറ്റിന്റെ’ സ്വഭാവമുണ്ടെന്നു പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ടിന്റെ അനുബന്ധമായി ചേർത്ത അഭിഭാഷകരുടെ മൊഴികളിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുള്ളത്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് അനുസരിച്ചു റജിസ്റ്റർ ചെയ്ത എഫ്ഐആർ പൊലീസ് ഇന്നലെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

10 അഭിഭാഷകരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി അഭിഭാഷക സംഘടനാ ഭാരവാഹിയായ സൈബി ജോസ് മുഖ്യപ്രതിയായ കേസിൽ കൂടുതൽ അഭിഭാഷകർ പങ്കാളികളാണെന്നാണു സൂചന. സൈബി അടക്കം 4 അഭിഭാഷകരും മുൻ ഗവൺമെന്റ് പ്ലീഡറും അടങ്ങുന്ന ഗൂഢസംഘമാണു കക്ഷികളെ കബളിപ്പിച്ചു പണം തട്ടിയതെന്നാണു മൊഴികളിലുള്ളത്.

കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ ഐബി 2 വർഷം മുൻപുതന്നെ ഇക്കാര്യം ആഭ്യന്തരവകുപ്പിനു റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പ്രത്യക്ഷ നടപടികളൊന്നും സ്വീകരിച്ചില്ല. തന്റെ പേരു ദുരുപയോഗിച്ചു പീഡനക്കേസ് പ്രതിയായ സിനിമാ നിർമാതാവിൽനിന്ന് 25 ലക്ഷം രൂപ സൈബി വാങ്ങിയെന്ന ആരോപണം ശ്രദ്ധയിൽപെട്ട ഹൈക്കോടതി ജഡ്ജി തന്നെ അന്വേഷണം ആവശ്യപ്പെട്ടതാണു വഴിത്തിരിവായത്.

ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലെ തീരുമാനത്തെത്തുടർന്നാണു പൊലീസിന്റെ ഉന്നതതല അന്വേഷണത്തിനു നിർദേശം നൽകിയത്. ഹൈക്കോടതി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയപ്പോൾ തെളിവുകൾ നൽകാൻ അഭിഭാഷകർ മുന്നോട്ടുവന്നതും നിർണായകമായി. കബളിപ്പിക്കപ്പെട്ട കക്ഷികളുടെ മൊഴി മാറ്റിക്കാനുള്ള നീക്കമുണ്ടായെങ്കിലും മൊഴി നൽകിയ അഭിഭാഷകർ കൂടുതൽ തെളിവുകൾ ഹാജരാക്കിയതോടെയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ വഴിയൊരുക്കിയത്.

കേസിൽ രണ്ടു തരം കുറ്റങ്ങളാണു സൈബിക്കെതിരെ പൊലീസ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്; അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 7(എ) പ്രകാരമുള്ള കൈക്കൂലിക്കുറ്റവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 420 പ്രകാരം കക്ഷിയെ വഞ്ചിച്ചു പണം തട്ടിയെടുത്ത കുറ്റവും. 7 വർഷം വരെ തടവും പിഴയുമാണു പരമാവധി ലഭിക്കാവുന്ന ശിക്ഷ.

English Summary: More people involved in conspiracy in saiby fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com