രാജകുമാരി∙ ചിന്നക്കനാൽ ബിഎൽ റാമിൽ ഒറ്റയാൻ അരിക്കൊമ്പൻ വീണ്ടും 2 വീടുകൾ തകർത്തു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് മണി ചെട്ടിയാർ, മുരുകൻ എന്നിവരുടെ വീടുകൾ തകർത്തത്. ഇരുവീടുകളിലും താമസിച്ചിരുന്ന മധ്യപ്രദേശ് സ്വദേശികളായ അതിഥിത്തൊഴിലാളികൾ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മണി ചെട്ടിയാരുടെ വീട്ടിൽ 2 കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് ഉണ്ടായിരുന്നത്. അരിക്കൊമ്പൻ വീടിന്റെ ഭിത്തി തള്ളിയിട്ടതോടെ പിൻവാതിലിലൂടെ മാതാപിതാക്കൾ കുട്ടികളെയുമെടുത്ത് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മുരുകന്റെ വീട്ടിൽ 3 കുട്ടികളുൾപ്പെടെ 7 അംഗ കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാൻ ഇൗ വീടിന്റെ ഒരു ഭിത്തിയും തകർത്തു. വീടിനകത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരാഴ്ചയ്ക്കിടെ ബിഎൽ റാമിൽ 4 വീടുകളാണ് അരിക്കൊമ്പൻ തകർത്തത്. 9 അംഗങ്ങളുള്ള പിടിയാനക്കൂട്ടവും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.
വയനാടൻ സംഘം ഇന്നെത്തും
ഇടുക്കി ജില്ലയിലെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിനായി വയനാട്ടിൽ നിന്നുള്ള ദൗത്യസംഘാംഗങ്ങൾ ഇന്നു ശാന്തൻപാറയിലെത്തും. 5 പേരടങ്ങുന്ന സംഘത്തിൽ ഡോ. അരുൺ സക്കറിയ ഇല്ല. അദ്ദേഹം പിന്നീടു ചേരുമെന്നു മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയ് പറഞ്ഞു.
English Summary : wild elephant arikomban attack again