ADVERTISEMENT

തിരുവനന്തപുരം ∙ ഒരാൾക്ക് ഒന്നിലേറെയുള്ള വീടുകളുണ്ടെങ്കിൽ ഇനി കൂടുതൽ കെട്ടിടനികുതി നൽകേണ്ടി വരും. പുതുതായി നിർമിച്ച വീട് ഏറെക്കാലം അടച്ചിട്ടാലും കെട്ടിടനികുതി കൂടും. ഇത്തരം പ്രത്യേക നികുതി ബജറ്റിൽ പരാമർശിച്ചെങ്കിലും തീരുമാനമെടുക്കേണ്ടതു തദ്ദേശ വകുപ്പായതിനാൽ വിശദാംശങ്ങൾ പ്രഖ്യാപിച്ചില്ല.

കെട്ടിടനികുതി 5% കൂട്ടാൻ തദ്ദേശ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും അധിക വീടുകൾക്കു പ്രത്യേക നികുതി എങ്ങനെയെന്നു ധാരണയായിട്ടില്ല. ജനങ്ങളുടെ പ്രതികരണം കൂടി അറിഞ്ഞാകും നടപടി.

ഗാർഹിക, ഗാർഹികേതര കെട്ടിടങ്ങളുടെ നികുതി (വസ്തുനികുതി) ഏപ്രിൽ മുതൽ പരിഷ്കരിക്കാനാണു വകുപ്പ് ലക്ഷ്യമിടുന്നത്. കെട്ടിട നിർമാണ പെർമിറ്റ് ഫീസും കൂട്ടും. ദേശീയ ശരാശരിയുടെ 5% ആണ് കേരളത്തിലെ പെർമിറ്റ് ഫീസ് എന്നു വിലയിരുത്തിയാണ് ഈ നീക്കം. തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷാ ഫീസ്, പരിശോധനാ ഫീസ് എന്നിവയും കൂട്ടും. ഇതിനു സംസ്ഥാന ധനകാര്യ കമ്മിഷനും ശുപാർശ ചെയ്തിരുന്നു.

നഗരങ്ങളിലും വികസനപദ്ധതി പ്രദേശങ്ങളിലും സ്വന്തം വീടിനു പുറമേ മറ്റൊന്നുകൂടി നിർമിച്ചു വാടകയ്ക്കു നൽകി വരുമാനം കണ്ടെത്തുന്ന രീതി കേരളത്തിൽ വ്യാപകമാണ്. വീടില്ലാത്തവർക്കായി ലൈഫ് ഭവന പദ്ധതിയും മറ്റും നടപ്പാക്കാൻ ഏറെ പണം ചെലവിടേണ്ടി വരുന്നെന്നു തദ്ദേശ വകുപ്പ് വിലയിരുത്തുന്നു. 

പ്രതീക്ഷിക്കുന്ന വർധന 1000 കോടി

കെട്ടിടനികുതിയും ഫീസുകളും കൂട്ടുന്നതുവഴി സർക്കാർ ലക്ഷ്യമിടുന്നത് 1000 കോടി രൂപയുടെ വരുമാനം. നിലവിൽ 2600 കോടിയിൽ പരം രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾ ഈയിനത്തിൽ വർഷം തോറും പിരിച്ചെടുക്കുന്നത്.

കെട്ടിടനികുതിയിൽ ഈ വർഷം മുതൽ 5% വാർഷിക വർധന നടപ്പാക്കാനാണ് ലക്ഷ്യം. മുൻപ് 5 വർഷം കൂടുമ്പോൾ 25% വരെ കൂട്ടി ആയിരുന്നു നികുതി പരിഷ്കരണം. 2011 ലാണ് ഒടുവിൽ കെട്ടിട നികുതി പരിഷ്കരിച്ചതെങ്കിലും അതിനു 2016 മുതലാണു പ്രാബല്യം നൽകാനായത്. ഇതു കാരണം നികുതി പരിഷ്കരണം 10 വർഷത്തോളം വൈകിയെന്നാണു തദ്ദേശ വകുപ്പിന്റെ നിലപാട്.

ഒഴിഞ്ഞ വീടുകൾ 12 ലക്ഷം

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ആകെയുള്ള 77.16 ലക്ഷം വീടുകളിൽ 11.58 ലക്ഷവും ഒഴിഞ്ഞുകിടക്കുന്നതായാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017 ഒക്ടോബറിൽ ശേഖരിച്ച കണക്കിൽ പറയുന്നത്. 5 വർഷത്തിനിപ്പുറം 10% വർധന ഉണ്ടായിരിക്കുമെന്നാണു കണക്കുകൂട്ടൽ. ഒറ്റമുറി വീടുകളിൽ 1.26 ലക്ഷവും 2 മുറി വീടുകളിൽ 3.39 ലക്ഷവും 3 മുറി വീടുകളിൽ 3.30 ലക്ഷവും അടഞ്ഞു കിടക്കുന്നതായാണു കണക്ക്.

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ തിരിച്ചടി

ന്യായവിലയിൽ ഡബിൾ ജംപ്, ഫ്ലാറ്റുകളുടെ സ്റ്റാംപ് ഡ്യൂട്ടി 2% കൂട്ടി

തിരുവനന്തപുരം / കൊച്ചി ∙ 10% വർധന പ്രതീക്ഷിച്ചിരുന്ന ഭൂമി ന്യായവിലയിൽ ഒറ്റയടിക്ക് 20% വർധന വരുത്തിയത് റിയൽ എസ്റ്റേറ്റ് മേഖലയെ തളർത്തും. 2010ൽ ന്യായവില നിലവിൽ വന്നശേഷം ആറാമത്തെ വർധനയാണിത്. അന്നത്തെ അടിസ്ഥാനവിലയുടെ 264% ആകും പുതിയ ന്യായവില.

ബാങ്ക് വായ്പയ്ക്കല്ലാതെ പലരും ഭൂമിയുടെ വിപണിവില ആധാരത്തിൽ കാണിക്കാറില്ല. അതിനാൽ ന്യായവിലയുടെ ഇരട്ടിയിലും അധികമാണ് മിക്ക സ്ഥലങ്ങളിലെയും വിപണിവില. എന്നാൽ അപൂർവം ചിലയിടങ്ങളിൽ‌ ന്യായവില വിപണി വിലയെക്കാൾ ഏറെ മുകളിലുമാണ്. ഇതു പരിഷ്കരിക്കാൻ രണ്ടുവട്ടം സർക്കാർ ഉത്തരവിറക്കിയെങ്കിലും ഒന്നും നടന്നില്ല. ഭൂമി ഇടപാടു സമയത്ത് സ്റ്റാംപ് ഡ്യൂട്ടിയായി ന്യായവിലയുടെ 8%, റജിസ്ട്രേഷൻ ഫീസായി 2% വീതമാണ് ഇൗടാക്കുന്നത്. 

തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് കെട്ടിട നമ്പർ ലഭിച്ച് 6 മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റുകൾക്കും അപ്പാർട്മെന്റുകൾക്കും സ്റ്റാംപ് ഡ്യൂട്ടി 5 ശതമാനത്തിൽനിന്ന് 7% ആക്കിയിട്ടുണ്ട്. 6 മാസം കഴിഞ്ഞാണു റജിസ്റ്റർ ചെയ്യുന്നതെങ്കിൽ 8% ആകും.

ആധാരം റജിസ്റ്റർ ചെയ്ത് 3 മാസത്തിനകമോ 6 മാസത്തിനകമോ നടത്തുന്ന തീറാരാധങ്ങൾക്ക് നിലവിലുള്ള അധിക സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കി. 

സ്റ്റാംപ് ഡ്യൂട്ടി ഇപ്പോഴേ കൂടുതൽ

സംസ്ഥാനത്ത് സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും ഇപ്പോൾ തന്നെ കൂടുതലാണ്; സ്റ്റാംപ് ഡ്യൂട്ടി 8%, റജിസ്ട്രേഷൻ ഫീസ് 2%. ആകെ 10%. കർണാടകയിൽ ഇത് 3% മുതൽ 6.52% വരെയാണ്; തമിഴ്നാട്ടിൽ 11%. മഹാരാഷ്ട്രയിൽ 6% സ്റ്റാംപ് ഡ്യൂട്ടിയും 30,000 രൂപ റജിസ്ട്രേഷൻ ഫീസും

പവർ ഓഫ് അറ്റോർണി ഫീസ് 1 ലക്ഷം

ബിൽഡറും ഭൂമി ഉടമയും ചേർന്നുള്ള നിർമാണങ്ങളിൽ പവർ ഓഫ് അറ്റോർണി ഫീസായി ആകെ വസ്തുവിലയുടെ 10% ഈടാക്കുന്നുണ്ട്. ഇതുമൂലം പവർ ഓഫ് അറ്റോർണി റജിസ്ട്രേഷൻ കുറഞ്ഞിരുന്നു. ഇപ്പോൾ ഫീസ് 1 ലക്ഷമായി നിശ്ചയിച്ചു.

ആധാരത്തിൽ വില കുറച്ചെന്ന നോട്ടിസ് വരില്ല

∙ പകരം സംവിധാനം നടപ്പാക്കും

തിരുവനന്തപുരം ∙ ഭൂമി ഇടപാടു സമയത്ത് ആധാരത്തിൽ വില കുറച്ചു കാണിച്ചെന്ന കാരണം പറഞ്ഞ് സബ് റജിസ്ട്രാർമാർ നോട്ടിസ് അയയ്ക്കുന്ന പതിവ് ഇനി ഇല്ലാതാകും. ഇൗ രീതി നിർത്തലാക്കുന്നതായി മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. പകരം പുതിയ മാർഗങ്ങൾ കൊണ്ടുവരും. നിലവിലെ രീതി വലിയ ആക്ഷേപങ്ങൾക്കു കാരണമായിരുന്നു.

മറ്റു പ്രഖ്യാപനങ്ങൾ:

∙ 1932 ലെ ഇന്ത്യൻ പാർട്നർഷിപ് നിയമം, 1955 ലെ തിരുവിതാംകൂർ കൊച്ചി, ശാസ്ത്ര സാഹിത്യ ധാർമിക സംഘങ്ങൾ നിയമം എന്നിവ പ്രകാരമുള്ള വിവിധ ഫീസ് നിരക്കുകൾ അവസാനമായി പരിഷ്കരിച്ചത് യഥാക്രമം 2013, 2015 വർഷങ്ങളിലാണ്. അടുത്ത വർഷം ഇവ പരിഷ്കരിക്കും. സംഘങ്ങൾക്ക് നൽകിയിരുന്ന കോംപൗണ്ടിങ് പദ്ധതി പുതിയ സ്ലാബ് നിരക്കിൽ ഒരു വർഷം കൂടി ദീർഘിപ്പിക്കും.

∙ സറണ്ടർ ഓഫ് ലീസ് ആധാരങ്ങളുടെ റജിസ്ട്രേഷൻ ഫീസ് 1000 രൂപയായി കുറയ്ക്കും.

English Summary : Kerala budget 2023 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com