ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്കു ബജറ്റ് വിഹിതമായി നീക്കി വച്ചതു 2828.33 കോടി രൂപ. മുൻ വർഷത്തെക്കാൾ 196.50 കോടി അധികമാണിത്.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 463.75 കോടി രൂപ നീക്കിവച്ചു. നാഷനൽ ഹെൽത്ത് മിഷനു വേണ്ടി 134.80 കോടി രൂപ ഉൾപ്പെടെ 500 കോടി രൂപ സംസ്ഥാന വിഹിതമായി വകയിരുത്തുന്നു. കേന്ദ്ര വിഹിതമായി 750 കോടി രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. വിവിധ സർക്കാർ മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജി, തിരുവനന്തപുരം ഫാർമസ്യൂട്ടിക്കൽ സയൻസ് കോളജ് എന്നിവയുടെ വികസനത്തിന് 232.27 കോടി രൂപ അനുവദിക്കും.

രക്താതിമർദം, പ്രമേഹം, അർബുദം എന്നിവ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിയായ ‘ശൈലി’ക്ക് 10 കോടി രൂപ നൽകും. ആരോഗ്യ പരിചരണം, ഹെൽത്ത് ടൂറിസം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കി കേരളത്തെ ഹെൽത്ത് ഹബ് ആക്കുന്നതിനുള്ള കെയർ പോളിസി രൂപീകരിച്ചു നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്കു 30 കോടി രൂപ നൽകും.

 

∙ കോവിഡിനു ശേഷമുളള ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് 5 കോടി രൂപ.

∙ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനു 2.50 കോടി .

∙ പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ 11 കോടി .

∙ ഗോത്ര, തീരദേശ, വിദൂര മേഖലകളിലെ ആരോഗ്യകേന്ദ്രങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ 15 കോടി .

∙ കനിവ് പദ്ധതിയിലെ ആംബുലൻസുകളുടെ പ്രവർത്തന ചെലവുകൾക്ക് 75 കോടി .

∙ മെഡിക്കൽ കോളജുകളിൽ രോഗികൾക്ക്/കൂട്ടിരിപ്പുകാർക്ക് താമസിക്കാൻ ആശ്വാസ് വാടക ഭവന പദ്ധതി 4 കോടി .

∙ നവജാത ശിശുക്കളുടെ സ്ക്രീനിങ് പദ്ധതി– 1.50 കോടി.

∙ ഇ-ഹെൽത്തിന് 30 കോടി രൂപ.

∙ മെഡിക്കൽ കോളജുകളിലെയും മറ്റ് ആശുപത്രികളിലെയും മാലിന്യ സംസ്കരണം 13 കോടി രൂപ.

∙ തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാൻസർ ചികിത്സാ വിഭാഗത്തിന് പെറ്റ് സിടി സ്കാനർ വാങ്ങാൻ 15 കോടി രൂപ.

∙ മെഡിക്കൽ കോളജുകളിലെ ഉയർന്ന വിലയുള്ള ഉപകരണങ്ങളുടെ സമഗ്ര വാർഷിക അറ്റകുറ്റപ്പണി കരാറിനു 32 കോടി രൂപ.

∙ കോഴിക്കോട് ഇംഹാൻസിന് 3.60 കോടി രൂപ.

∙ കോഴിക്കോട് മെഡിക്കൽ കോളജിൽ വനിതാ പിജി ഹോസ്റ്റൽ നിർമാണത്തിന് ഒരു കോടി രൂപ.

ഭാരതീയ ചികിത്സാ വകുപ്പിന് 49.05 കോടി

തിരുവനന്തപുരം ∙ ആയുർവേദ, സിദ്ധ, യുനാനി, യോഗ, നാച്യുറോപ്പതി എന്നീ ചികിത്സാ ശാഖകൾ ഉൾപ്പെടുന്ന ഭാരതീയ ചികിത്സാ വകുപ്പിനു 49.05 കോടി രൂപ നൽകും. മുൻ വർഷത്തേക്കാൾ 5 കോടി രൂപ അധികമാണിത്.

ഡോ.എസ്.എസ്.ലാൽ  (ആരോഗ്യവിദഗ്ധൻ)‌
ഡോ.എസ്.എസ്.ലാൽ (ആരോഗ്യവിദഗ്ധൻ)‌

‘ആരോഗ്യനയം പറച്ചിലിൽ മാത്രം ’

‘കോവിഡ് അനന്തര പ്രശ്നങ്ങൾക്കും (5 കോടി) പകർച്ചവ്യാധികൾക്കും (11 കോടി) നീക്കിവച്ചതു തുച്ഛമായ തുക. മെഡിക്കൽ കോളജുകളുടെ വികസനത്തിന് നീക്കിവച്ച തുക കൊണ്ടും കാര്യമായി ഒന്നും ചെയ്യാനാവില്ല.

ആരോഗ്യമേഖലയ്ക്കു മുൻ വർഷത്തേത്തെക്കാൾ 196.50 കോടി രൂപ അധികമുണ്ടെന്നു പറയുന്നതിൽ കാര്യമില്ല. 10% പോലും വർധനയില്ലാതെ എങ്ങനെ മുന്നോട്ടുപോകും. കേരളത്തിന് ആരോഗ്യനയം ഉണ്ടെന്നു വർത്തമാനത്തിലേയുള്ളൂ. ബജറ്റിൽ പരിഗണന നൽകിയിട്ടില്ല. പൊതുജനാരോഗ്യ നിയമം വരുന്നതിനെക്കുറിച്ചും ബജറ്റ് മൗനം പാലിക്കുന്നു’.

 ∙ ഡോ.എസ്.എസ്.ലാൽ (ആരോഗ്യവിദഗ്ധൻ)‌

English Summary : crores for health sector in kerala budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com