ADVERTISEMENT

തിരുവനന്തപുരം ∙ ഡീസലിനും പെട്രോളിനും 2 രൂപ സെസ്! ആരും പ്രതീക്ഷിക്കാത്ത വർധന. അതിനു കാരണമായത് ബജറ്റ് തയാറാക്കലിന്റെ അവസാനഘട്ടത്തിൽ കേന്ദ്രസർക്കാരിൽ നിന്നു ലഭിച്ച അപ്രതീക്ഷിത കത്താണെന്നു ബജറ്റ് തയാറാക്കിയ സംഘം വെളിപ്പെടുത്തുന്നു. ഇൗ വർഷം കടമെടുക്കാൻ കഴിയുമെന്നു പ്രതീക്ഷിച്ചിരുന്ന തുകയിൽ നിന്ന് ഒറ്റയടിക്ക് 2,700 കോടി രൂപ വെട്ടിക്കുറച്ചുകൊണ്ടാണ് ആ കത്ത് ധനവകുപ്പിനു ലഭിച്ചത്. ഇതോടെ ഇൗ വർഷത്തെയും അടുത്ത വർഷത്തെയും പദ്ധതികൾ താളം തെറ്റുമെന്നുറപ്പായി.

ഇൗ പ്രതിസന്ധി മറികടക്കാൻ എന്തു ചെയ്യുമെന്ന ആലോചനയിൽ നിന്നാണ് ഇന്ധന, മദ്യ സെസുകൾ ചുമത്താനുള്ള തീരുമാനം. മറ്റെല്ലാ നികുതികളും വർധിപ്പിച്ചെങ്കിലും ഇൗ നികുതികളിൽ‌ മാത്രം വർധന വേണ്ടെന്നാണ് ആദ്യം തീരുമാനിച്ചത്. സമീപകാലത്തൊന്നും സംസ്ഥാന ധനമന്ത്രിമാർ കാണിക്കാത്ത ധൈര്യമാണ് നികുതിവർധനയുടെ കാര്യത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ കാണിച്ചത്. കിഫ്ബിയും ക്ഷേമപെൻഷൻ നൽകുന്നതിനായി രൂപീകരിച്ച പെൻഷൻ കമ്പനിയും എടുത്ത വായ്പ ഇൗ വർഷവും അടുത്ത 2 വർഷങ്ങളിലുമായി സംസ്ഥാന സർക്കാരിന്റെ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ധനവകുപ്പു കരുതിയിരുന്നത്.

Read more: ‘എങ്ങനെയുണ്ട് ജനകീയ ബജറ്റ്? ന്യായീകരണ തൊഴിലാളികൾ കരയരുത്’: ട്രോളിലാകെ രോഷം

എന്നാൽ, പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന അറിയിപ്പു നേരത്തെ ലഭിച്ചിരുന്നു. 7,500 കോടി രൂപയാണ് ഇങ്ങനെ പിടിക്കുന്നത്. ഇതിനു പുറമേയാണ് ഇത്തവണത്തെ വായ്പയിൽ 2,700 രൂപ വെട്ടിക്കുറച്ചതായി വ്യാഴാഴ്ച ധനവകുപ്പിന് അറിയിപ്പു ലഭിച്ചത്. വരുന്ന 3 മാസത്തെ ചെലവിനായി വെറും 900 കോടിരൂപ മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാൻ അവശേഷിക്കുന്നത്. ഇതു വരും മാസങ്ങളിൽ ശമ്പളവും പെൻഷനും പോലും മുടങ്ങുന്ന സ്ഥിതിയിലെത്തിക്കുമെന്നാണു ധനവകുപ്പിന്റെ ആശങ്ക.

ഡിസംബർ, ജനുവരി മാസത്തെ ക്ഷേമപെൻഷൻ തുക ഇപ്പോൾത്തന്നെ കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാൽ അടുത്ത സാമ്പത്തിക വർഷം ക്ഷേമപെൻഷൻ മുടങ്ങും. ക്ഷേമ പെൻഷൻ വിതരണം 3 മാസം മുടങ്ങിയതാണു കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കു കാരണമെന്നു സിപിഎമ്മിൽ അഭിപ്രായമുണ്ട്. അതിനാൽ എന്തു ആ സാഹചര്യം ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

വിലക്കയറ്റം തടയാൻ പതിവ് 2000 കോടി

  ∙ പുതിയ നടപടികൾ ഒന്നുമില്ല

തിരുവനന്തപുരം ∙ വിലക്കയറ്റം തടയാനും ശക്തമായ വിപണി ഇടപെടലുകൾ തുടരുന്നതിനുമായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നതു 2000 കോടി രൂപ. കഴിഞ്ഞ തവണയും ഇതേ തുക തന്നെയായിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിനുള്ള വിഹിതമാണ് ഇതിൽ മുഖ്യപങ്കും. സപ്ലൈകോ വഴി സബ്സിഡി ഇനത്തിൽ 13 സാധനങ്ങൾ സർക്കാർ നൽകി വരുന്നതും മറ്റു ചില സാധനങ്ങൾ വിപണി നിരക്കിനെക്കാൾ കുറവിൽ നൽകുന്നതും ഈ തുക ഉപയോഗിച്ചാണ്. 

ഉത്സവകാലങ്ങളിൽ സപ്ലൈകോ സംഘടിപ്പിക്കുന്ന ചന്തകൾക്കും ഈ തുകയാണു ചെലവഴിക്കുക. സംസ്ഥാന സർക്കാർ സ്വന്തമായി സബ്സിഡി ഇനത്തിൽ നൽകുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾക്കും ഭക്ഷ്യ പൊതുവിതരണ മേഖലയിലെ ചെലവുകൾക്കും ഇതിൽ നിന്നു തുക കണ്ടെത്തും.

20 രൂപ, 40 രൂപ വീതം സെസ് നവംബറിലെ നികുതി വർധനയ്ക്കു പിന്നാലെ, മദ്യം കൂടുതൽ ഹാനികരമാകും

തിരുവനന്തപുരം ∙ പെട്രോളിനും ഡീസലിനുമൊപ്പം മദ്യത്തിനും സർക്കാർ സെസ് ഏർപ്പെടുത്തി. സാമൂഹിക സുരക്ഷാ സീഡ് ഫണ്ടിനെന്ന പേരിൽ 20 രൂപ, 40 രൂപ വീതമാണു സെസ്. കഴിഞ്ഞ നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി 4% കൂട്ടിയിരുന്നു. 50 രൂപ വരെ അന്നു വർധിച്ചു.

Read also: യാത്രയ്ക്കിടെ കാറിന്റെ എൻജിൻ ഭാഗത്തു നിന്നു പുക ഉയരുന്നതു വഴിയിൽ നിന്നവരാണു കാണുന്നത്

 500 രൂപ മുതൽ 999 രൂപവരെ വിലവരുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപയ്ക്കു മുകളിലേക്കു വിലവരുന്ന മദ്യത്തിന് 40 രൂപയുമാണു സെസ്. ഇതുവഴി 400 കോടി കിട്ടുമെന്നാണു പ്രതീക്ഷ.വിൽപനയുടെ 90 ശതമാനവും 500 രൂപയ്ക്കു മുകളിലുള്ള മദ്യമാണ്. 

അതേസമയം, 375 മില്ലി ലീറ്റർ (പൈന്റ്) അളവിൽ വി‍ൽക്കുന്ന ഒട്ടുമിക്ക മദ്യവും 500 രൂപയിൽ താഴെയുള്ളതാണ്. 500 രൂപയ്ക്കു മുകളിലുള്ള ഒരു ഫുൾ കുപ്പി (750 മി.ലീ.) വാങ്ങുന്നതിനു പകരം സെസ് ഒഴിവാക്കാൻ ഉപയോക്താക്കൾ 2 പൈന്റ് വാങ്ങാനുള്ള സാധ്യതയുണ്ട്. 

അബ്കാരി കുടിശിക ആരടയ്ക്കും?

തിരുവനന്തപുരം ∙ അബ്കാരി കുടിശിക 286 കോടി രൂപ പിരിക്കാൻ ആംനെസ്റ്റി സ്കീം നടപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനം പഴയത്. കഴിഞ്ഞ ഏപ്രിലിൽ എക്സൈസ് വകുപ്പിന്റെ മദ്യനയത്തിലും സ്കീം പ്രഖ്യാപിച്ചിരുന്നു. എന്നാൽ നടപടിയായില്ല. 1950 മുതൽ 2002 വരെ അബ്കാരികൾ സർക്കാരിലേക്ക് അടയ്ക്കേണ്ട തുകയുടെ പലിശയും പിഴപ്പലിശയും ഉൾപ്പെടെയാണ് 286 കോടി രൂപ. കുടിശികക്കാർ പലരും മരിച്ചു. റവന്യു റിക്കവറി നടപടികളിൽ കോടതികളിൽ കേസുമുണ്ട്.

ക്വാറികൾക്ക് റോയൽറ്റി പുതുക്കും

തിരുവനന്തപുരം ∙ പാറ, ചെങ്കൽ ക്വാറികൾക്കുൾപ്പെടെ റോയൽറ്റി പുതുക്കും. പൊതു, സ്വകാര്യ ഭൂമിയിലെ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാരിനായതിനാൽ ഓരോ ധാതുവും ഖനനം ചെയ്യുമ്പോൾ സർക്കാരിനു നൽകേണ്ട വിലയാണ് റോയൽറ്റി. കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് തുടങ്ങിയവ ഉൾപ്പെടുന്ന മൈനർ ധാതുക്കളുടെ റോയൽറ്റി 3 വർഷത്തിലൊരിക്കൽ പരിഷ്കരിക്കാമെന്നു വ്യവസ്ഥയുണ്ടെങ്കിലും 2015 ൽ ആണ് അവസാനമായി പുതുക്കിയത്. നിലവിൽ ഒരു ടൺ പാറയ്ക്ക് 24 രൂപ, മണ്ണിന് 20 രൂപ, കളിമണ്ണിന് (ക്ലേ) 40 രൂപ എന്നിങ്ങനെയാണ് റോയൽറ്റി തുക. പരിഷ്കരണത്തിലൂടെ നികുതിയിതര വിഭാഗത്തിൽ 600 കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

∙ മൈനർ ധാതുക്കളുടെ എല്ലാ വിഭാഗത്തിലും റോയൽറ്റി പുതുക്കും. ധാതുക്കളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ റോയൽറ്റിയും സിനിയറേജും യോജിപ്പിച്ച് ഒറ്റ നിരക്കാക്കും.

Read also: മകനെ കേസിൽനിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് അമ്മയെ ശല്യം ചെയ്യൽ; എസ്ഐക്കു സസ്പെൻഷൻ

സർക്കാർ ഭൂമിയിൽനിന്ന് ഒരു ടൺ പാറഖനനം ചെയ്യുന്നതിനു നൽകേണ്ട സിനിയറേജ് നിലവിൽ 50 രൂപയാണ്. നിലവിൽ സ്വകാര്യ ഭൂമിയിൽ ഖനനം നടത്തുകയാണെങ്കിൽ ഒരു ടൺ പാറയ്ക്ക് റോയൽറ്റി മാത്രമായി 24 രൂപയും സർക്കാർ ഭൂമിയിലാണെങ്കിൽ റോയൽറ്റിയും സിനിയറേജും ചേർത്ത് 74 രൂപയുമാണ് റവന്യു വകുപ്പിനു നൽകേണ്ടത്. അതിന്റെ പലമടങ്ങ് തുകയാണ് ക്വാറി ഉടമകളും കരാറുകാരും ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നത്.

∙ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി ഗ്രാനൈറ്റ്, ഡയമൻഷനൽ കല്ലുകൾ (ടൈൽസ്, മാർബിൾ തുടങ്ങിയവ) എന്നിവയ്ക്ക് വ്യത്യസ്ത വില സംവിധാനം ഏർപ്പെടുത്തും. നിലവിൽ ഒരു ക്യുബിക് മീറ്റർ ഡയമൻഷനൽ കല്ലിന് 6000 രൂപയാണ് സർക്കാരിനു ക്വാറി ഉടമ അടയ്ക്കേണ്ടത്. ഇതു കൂട്ടും.

∙ നിലവിൽ 5 ടൺ ശേഷിയുള്ള വാഹനത്തിൽ എത്ര ടൺ പാറയോ മണ്ണോ കയറ്റിയാലും 5 ടണിന്റെ റോയൽറ്റിയാണ് ഈടാക്കുക. ഇതിനുപകരം എത്രത്തോളം ചരക്ക് ഉപയോഗിക്കുന്നുവെന്നു കണക്കാക്കി റോയൽറ്റി തീരുമാനിക്ക‍ും.

∙ അനധികൃത ഖനനവും അനുബന്ധ പ്രവർത്തനങ്ങളും തടയാനുള്ള കർശന നടപടികളുടെ ഭാഗമായി പിഴ നിരക്കുകൾ പരിഷ്കരിക്കുമെന്നാണ് പ്രഖ്യാപനം.

Content Highlite : Kerala budget 2023 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com