ADVERTISEMENT

ബജറ്റിലെ നികുതിവർധന സാധാരണക്കാരെ എങ്ങനെ ബാധിക്കും? 

നികുതി വർധിപ്പിച്ചാലും ജനത്തെ ബുദ്ധിമുട്ടിക്കില്ലെന്ന വാഗ്ദാനം മന്ത്രി 

പാലിച്ചോ? സംസ്ഥാനത്തിന്റെ കടം പെരുകുന്നതിനെ ജനം എങ്ങനെ കാണുന്നു? ഭാവി മുന്നിൽക്കണ്ടുള്ളതാണോ ബജറ്റ്? 

വിദഗ്ധർ ചർച്ച ചെയ്യുന്നു

∙ കെ.ജെ.ജോസഫ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ

∙ ജോസഫ് സി.മാത്യു, സംസ്ഥാന സർക്കാരിന്റെ മുൻ ഐടി ഉപദേശകൻ

∙ റെജിമോൻ കുട്ടപ്പൻ, വർക്കേഴ്സ് റൈറ്റ്സ് എക്സ്പർട്

∙ ലക്ഷ്മിനാരായൺ, ആബ്റെകോ മോട്ടോഴ്സ്  പ്രൈവറ്റ് ലിമിറ്റഡ്

ജീവിതം പൊള്ളും

ജോസഫ് സി.മാത്യു: എം80 സ്കൂട്ടറിൽ മീൻ വിൽക്കാൻ പോകുന്ന കച്ചവടക്കാരനോട് വീട്ടിലേക്കു പെൻഷൻ‌ നൽകാനാണെന്നു പറഞ്ഞു പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിലെന്തു ന്യായം? അയാളുടെ വീട്ടിലെത്തുന്ന വരുമാനം കുറയ്ക്കുകയല്ലേ ചെയ്യുന്നത്? ക്ഷേമപെൻഷൻ 100 രൂപയെങ്കിലും കൂട്ടിയിട്ടു പെട്രോൾ സെസ് കൂട്ടുകയായിരുന്നെങ്കിൽ അൽപമെങ്കിലും ന്യായമുണ്ടായിരുന്നു.

റെജിമോൻ കുട്ടപ്പൻ: ഇന്ധനവിലവർധന ഭക്ഷ്യവിലക്കയറ്റമുണ്ടാക്കും. ചരക്കുനീക്കത്തിന്റെ ചെലവേറും. 73 ലക്ഷത്തോളം ആളുകൾ സ്വയംതൊഴിൽ ചെയ്യുന്നവരോ സ്ഥിരവരുമാനം ഇല്ലാത്തവരോ ആണ്. ഇവരെ ആശ്രയിച്ചു കഴിയുന്നവർ 2 പേരെങ്കിലുമുണ്ടെന്നു കണക്കുകൂട്ടിയാൽ 2 കോടിയിലേറെ ജനങ്ങൾ വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടും.

ലക്ഷ്മിനാരായൺ: മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിർമാണ, ട്രാൻസ്പോർട്ടേഷൻ മേഖലകളെ തകർക്കുന്ന ബജറ്റാണിത്. ഒട്ടേറെപ്പേർക്കു തൊഴിൽ നൽകുന്ന ഈ മേഖലകളെ സെസ് വർധന തകർക്കും. പൊതുഗതാഗതം ഞെരുങ്ങും. പെട്ടി ഓട്ടോ മുതൽ കാരവൻ വരെയുള്ള ട്രാൻസ്പോർട്ടേഷൻ മേഖല പ്രതിസന്ധിയിലാകും. ഡെലിവറി ബോയ്സും പ്രതിസന്ധിയിലാകും.

കെ.ജെ.ജോസഫ്: വികസിത രാജ്യങ്ങളുടെ സാമൂഹിക ചുറ്റുപാടുകളുള്ള സംസ്ഥാനമാണു കേരളം. പക്ഷേ, നികുതി ആഫ്രിക്കൻ രാജ്യങ്ങളുടേതിനു തുല്യം. കുറെ വർഷങ്ങളായി സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനുള്ള സാഹചര്യമൊരുക്കാൻ കോവിഡും പ്രളയവുമൊക്കെ തടസ്സമായിരുന്നു. അതിനാലാണ് ഇപ്പോൾ അനിവാര്യമായ നികുതിവർധന. 57 ലക്ഷം ആളുകൾക്കു പെൻഷൻ കൊടുക്കാനാണ് പെട്രോൾ സെസ് കൂട്ടിയത്. നികുതിവർധന വിലക്കയറ്റമുണ്ടാക്കുമെങ്കിലും ഉപഭോഗത്തിന്റെ അസമത്വം കുറയ്ക്കും. ഭൂമിയുടെ ന്യായവിലയിൽ 20% വർധന അൽപം കൂടുതലാണ്. വസ്തുനികുതി കേരളത്തിൽ ജിഡിപിയുടെ .04 ശതമാനം മാത്രമാണ്. കഴിഞ്ഞ 8 മാസംകൊണ്ടു കേരളത്തിന്റെ റവന്യു വരുമാനം 35% ഉയർന്നു. ഇതു ദേശീയതലത്തിൽ 7 ശതമാനമാണ്.

കടം ഒരു ചെറിയ മീനല്ല

കെ.ജെ.ജോസഫ്: 67 ശതമാനത്തോളം വരുമാനം കേന്ദ്രത്തിനും 62% ചെലവു സംസ്ഥാനത്തിനുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വലിയ അസന്തുലിതാവസ്ഥ ഇക്കാര്യത്തിലുണ്ട്. കടം വലിയ തോതിലുണ്ടെങ്കിലും അതു വിനിയോഗിക്കുന്നതു കൂടുതൽ ഗുണപരമായ നിക്ഷേപത്തിനാണെന്ന് കേരളത്തിന്റെ കടത്തെപ്പറ്റി റിസർവ് ബാങ്ക് പറയുന്നുണ്ട്. വികസിത രാജ്യങ്ങളും കടമെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ ഉണ്ടാക്കിയവരാണ്.

റെജിമോൻ കുട്ടപ്പൻ: കടമെടുക്കുന്ന തുകകൊണ്ടു വരുമാനമുണ്ടാക്കുന്ന പദ്ധതികളൊന്നും ചെയ്യുന്നില്ല. കിഫ്ബി വഴി കൊണ്ടുവന്ന പദ്ധതികളും വരുമാനമുണ്ടാക്കുന്നവയല്ല. എങ്ങനെയാണ് ഈ കടം തിരിച്ചടയ്ക്കുക?

ജോസഫ് സി.മാത്യു: സംസ്ഥാനം 100 രൂപ കടമെടുക്കുമ്പോൾ അതിൽ 20 രൂപ ഉപയോഗിക്കുന്നത് പഴയ കടത്തിന്റെ പലിശ അടയ്ക്കാനാണ്. ഇതിൽ മൂന്നര രൂപ മാത്രമാണു വികസനത്തിനായി ഉപയോഗിക്കുന്നത്. വരുമാനക്കമ്മി ഗ്രാന്റ് ഏറ്റവും അധികം ലഭിച്ച സംസ്ഥാനമാണെന്നു മന്ത്രിതന്നെ സമ്മതിക്കുന്നുണ്ട്. നിലവിൽ അതിദരിദ്രർ 64,000 പേർ മാത്രമെന്നും കിടപ്പുരോഗികൾ ഏതാണ്ട് 1630 പേർ മാത്രമെന്നുമൊക്കെയുള്ള പൊള്ളയായ കണക്കു പറഞ്ഞ് കേന്ദ്രവിഹിതം കുറയാൻ ഇടവരുത്തി.

ലക്ഷ്മിനാരായൺ: കിഫ്ബിയുടെ കടം സംസ്ഥാനത്തിന്റെ കടം തന്നെയാണ്; കൂട്ടുകുടുംബത്തിൽ മകന്റെ കടത്തിന്റെ ബാധ്യത അച്ഛനുമുണ്ടാകുന്നതുപോലെ. കടമെടുപ്പിനു കേന്ദ്രം നിയന്ത്രണമേർപ്പെടുത്തി. കടമെടുപ്പു കുറയ്ക്കുകതന്നെയാണു വേണ്ടത്.

കണക്കും കാര്യവും

ജോസഫ് സി.മാത്യു: ബജറ്റ് തമാശയായി തോന്നുന്നു. വരവുചെലവു കണക്ക് അവതരിപ്പിക്കുന്ന കണക്കപ്പിള്ളയുടെ റോൾ ആയിരുന്നു മന്ത്രി ബാലഗോപാലിനുണ്ടായിരുന്നത്. നിരാശനായാണു ബജറ്റ് അവതരിപ്പിച്ചത്. കുടുംബശ്രീ, കൃഷി മേഖലകളിലെ പദ്ധതികളെ കഴിഞ്ഞ ബജറ്റിൽ വിശദമായി പരാമർശിച്ചിരുന്നു. ഇത്തവണ ഒരു മേഖലയെയും ആഴത്തിൽ പരാമർശിക്കാതെ, പഠിക്കാതെ വരവുചെലവു കണക്കുകൾ പറഞ്ഞു. തിരിച്ചറിവുകളുടെ അടിസ്ഥാനത്തിലായിരിക്കും, വലിയ പ്രോജക്ടുകളോ ഭാവിയിലേക്കുള്ള പദ്ധതികളോ ഇല്ല.

ലക്ഷ്മിനാരായൺ: ഇതു കേരളത്തിന്റെ മരണമണിയാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയർത്താൻ പദ്ധതികളില്ല. ആസ്തിയുണ്ടാക്കുന്ന ഒന്നുമില്ല. 10 വർഷമായി കണക്കിലെ കളികൾ മാത്രമാണ്.

കെ.ജെ.ജോസഫ്: ഉയർന്ന വേതനം കൊടുക്കാൻ കഴിയുന്ന, നോളജ് ഇക്കോണമിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സംസ്ഥാനമാണു കേരളം. ഇത്തരത്തിൽ ഉയർന്ന നിലവാരത്തിലേക്കു മാറണമെങ്കിൽ ദീർഘവീക്ഷണം വേണം. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു വേണ്ട ഘടനാപരമായ മാറ്റത്തിനു ശ്രമിക്കുന്ന, വലിയ സ്വപ്നം കാണാൻ അനുവദിക്കുന്ന ബജറ്റാണിത്.

റെജിമോൻ കുട്ടപ്പൻ: ഭാവിതലമുറയെക്കുറിച്ച് ചിന്തിക്കാതെ തയാറാക്കിയ, കാഴ്ചപ്പാടില്ലാത്ത ബജറ്റാണിത്. വികസിത രാജ്യങ്ങളുടെ നിലവാരം, രാജ്യത്തെ ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം തുടങ്ങിയ അവകാശവാദങ്ങളിൽ അഭിരമിക്കാതെ, വരുമാനത്തിലും ജീവിത നിലവാരത്തിലും ജനങ്ങൾക്കിടയിലുള്ള  വലിയ അന്തരം കുറയ്ക്കാനുള്ള ദീർഘവീക്ഷണമായിരുന്നു ബജറ്റിൽ വേണ്ടിയിരുന്നത്. 

സ്വപ്നമോ മെയ്ക് ഇൻ കേരള?

ലക്ഷ്മിനാരായൺ: കേരളം ഒരു രാജ്യമായിരുന്നെങ്കിൽ പണ്ടേ തകർന്നു തരിപ്പണമായേനെ; ശ്രീലങ്കയെക്കാൾ വലിയ തകർച്ച. 92% ഉൽപന്നങ്ങളും മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തിന്റെ വ്യാപാരക്കമ്മി എത്രയായിരിക്കും? ആസ്തി കൂട്ടുന്ന വ്യവസായങ്ങൾക്കുള്ള അസംസ്കൃത വസ്തുക്കൾ ഇവിടെയില്ല. മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ് മെയ്ക് ഇൻ കേരള.

കെ.ജെ.ജോസഫ്: ഉൽപാദനമേഖലയിലെ കേരളത്തിന്റെ വളർച്ച പകുതിപോലുമെത്തിയിട്ടില്ല. മേഖലയിൽ കാര്യമായ ചലനമുണ്ടാകാതെ കേരള മോഡലിന്റെ ഗുണഫലങ്ങൾ ജനങ്ങളിലെത്തിക്കാനാകില്ലെന്നതു ദീർഘകാല പ്രശ്നമായിരുന്നു.

ജോസഫ് സി.മാത്യു: കൃഷിമേഖലയിൽ ആയിരിക്കും മെയ്ക് ഇൻ കേരള ഉദ്ദേശിക്കുന്നത്. ഉൽപാദക സംസ്ഥാനമായി മാറാൻ കേരളത്തിനു പരിമിതിയുണ്ട്. പദ്ധതിയിൽ വ്യക്തത വരാനുണ്ട്.

റെജിമോൻ കുട്ടപ്പൻ: ട്രേഡ് യൂണിയനുകളുടെ ഇടപെടൽ മൂലവും കേരളത്തിന്റെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോഴും മെയ്ക് ഇൻ കേരളയിൽ ശുഭാപ്തി വിശ്വാസമില്ല. സ്വപ്നലോകത്തെ ബാലഗോപാൽ എന്നു ധനമന്ത്രിയെ വിളിക്കേണ്ടിവരും.

ബജറ്റ് ഒറ്റനോട്ടത്തിൽ

റെജിമോൻ കുട്ടപ്പൻ: മികച്ച ജോലിയോ വരുമാനമോ ലഭ്യമാക്കുന്ന പദ്ധതികളൊന്നുമില്ല. വിദേശപ്പണത്തിൽ കേരളം മഹാരാഷ്ട്രയ്ക്കു പിന്നിലായി. കേരളത്തിൽനിന്നു പോകുന്നവർക്കു ലഭിക്കുന്നതു മധ്യനിര ജോലികളാണ്. മഹാരാഷ്ട്രയിൽനിന്നു മികച്ച പ്രഫഷനലുകൾ യുഎസിലേക്കും മറ്റും പോകുന്നു. ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിനുള്ള പദ്ധതി വേണ്ടിയിരുന്നു.

കെ.ജെ.ജോസഫ്: ഈ വർഷം കേരളം 13 ശതമാനത്തോളം വളർച്ച നേടും. തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടു കുതിച്ചുതുടങ്ങിയ സമ്പദ്‌വ്യവസ്ഥയെ മികച്ച വളർച്ച കൈവരിക്കാൻ സഹായിക്കുന്ന ബജറ്റാണിത്. നോളജ് ഇക്കോണമിയിലേക്കുള്ള മാറ്റത്തിന്റെ തുടർച്ച ബജറ്റിലുണ്ട്.

ജോസഫ് സി മാത്യു: ജനസാന്ദ്രത, ഭൂമിയുടെ പ്രത്യേകത, പ്രകൃതിദുരന്തങ്ങൾ എന്നിവയെ കൃത്യമായി അഭിമുഖീകരിക്കുന്ന ബജറ്റാണു കേരളത്തിനു വേണ്ടത്. സ്വപ്നം വിൽക്കുന്നത് അവസാനിപ്പിച്ച് യാഥാർഥ്യത്തിലേക്കു സർക്കാർ തിരിച്ചെത്തി. സാധാരണക്കാരെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു. ഒന്നിലേറെ വീടുകളുണ്ടെങ്കിൽ ഒഴിച്ചിട്ട വീടിനു നികുതിയെന്ന തീരുമാനം സ്വാഗതം ചെയ്യുന്നു. തരിശു ഭൂമിക്കും ഇത്തരത്തിൽ നികുതി ഈടാക്കണം.

ലക്ഷ്മിനാരായൺ: ബജറ്റിൽ സമഗ്രമായ പൊളിച്ചെഴുത്തു വേണം. മുങ്ങാൻ പോകുന്ന കപ്പലെന്നു കണ്ടുതന്നെ ഘടനാമാറ്റം കൊണ്ടുവരണം. അടുത്ത തലമുറയ്ക്കുള്ളതാകണം ബജറ്റ്. അച്യുതമേനോനും ടി.വി.തോമസും കൊണ്ടുവന്നതുപോലുള്ള വ്യവസായവൽക്കരണം വേണം. ആരോഗ്യമേഖലയെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ച് ഫാർമസി രംഗത്തടക്കം വിദേശകമ്പനികളെ കൊണ്ടുവരണം. വിദേശ സർവകലാശാലകളുടെ അനെക്സ് ഇവിടെയുണ്ടാകണം.

തയാറാക്കിയത്: പിങ്കി ബേബി

English Summary: Kerala Budget 2023 analysis by experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com