ADVERTISEMENT

കോഴിക്കോട് ∙ ഉൽപാദനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ പച്ചത്തേങ്ങയ്ക്കു സർക്കാർ പ്രഖ്യാപിച്ച താങ്ങുവില കർഷകർക്കു താങ്ങാകില്ല. സംഭരണം കാര്യക്ഷമമായി നടന്നില്ലെങ്കിൽ വിപണിയിലും ചലനമുണ്ടാകില്ല. പച്ചത്തേങ്ങയുടെ താങ്ങുവില 32 ൽ നിന്ന് 34 രൂപയാക്കുമെന്നാണ് പ്രഖ്യാപനം. 

കഴിഞ്ഞ സീസണിൽ പച്ചത്തേങ്ങവില 29 രൂപയായി ഇടിഞ്ഞപ്പോഴാണ് സർക്കാർ 32 രൂപ താങ്ങുവിലയ്ക്കു സംഭരണം തുടങ്ങിയത്. പക്ഷേ, മാർക്കറ്റിൽ വില കുത്തനെ ഇടിഞ്ഞ് 23 രൂപയിലെത്തി. സംഭരണകേന്ദ്രങ്ങൾ വേണ്ടത്രയില്ലാതെ സംഭരണം പാളിയതിന്റെ ഫലമായിരുന്നു ഇത്. 

34 രൂപ താങ്ങുവിലയായാൽ ഒരു തേങ്ങയ്ക്ക് ഏകദേശം 11.33 രൂപ ലഭിക്കും. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള കമ്മിഷൻ ഫോർ അഗ്രികൾചറൽ കോസ്റ്റ് ആൻഡ് പ്രൈസസിന്റെ (സിഎസിപി) കണക്കനുസരിച്ച് കേരളത്തിൽ ഒരു തേങ്ങയുടെ ഉൽപാദനച്ചെലവ് 9.87 രൂപയാണ്. എന്നാൽ, ഇത് 15 രൂപയോളമാണെന്നു കർഷകർ പറയുന്നു.  സർക്കാരിന്റെ കണക്കുപ്രകാരം തന്നെ ഉൽപാദനച്ചെലവിനെക്കാൾ 1.48 രൂപ മാത്രമാണ് താങ്ങുവിലയിൽ കൂടുതലുള്ളത്. കർഷകരുടെ കണക്കനുസരിച്ച് ഉൽപാദനച്ചെലവിനെക്കാൾ കുറവും. എന്നാൽ, ഇപ്പോഴത്തെ വിപണിവിലയുമായി താരതമ്യം ചെയ്യുമ്പോൾ താങ്ങുവില ആശ്വാസകരമാണ്.  സംഭരണം ഫലപ്രദമല്ലെങ്കിൽ താങ്ങുവിലകൊണ്ടു കർഷകർക്കും സർക്കാരിനും ഗുണമുണ്ടാകില്ല. സംഭരണംവഴി വിപണിയിൽ ഡിമാൻഡ് വർധിച്ച് വിലകൂടണം. 2012 ൽ പച്ചത്തേങ്ങയുടെ വില 14 രൂപയിലും കുറഞ്ഞപ്പോൾ സർക്കാർ, കൃഷിഭവനുകൾവഴി സംഭരിച്ചിരുന്നു. അപ്പോൾ വില ഉയർന്ന് 38 രൂപ വരെയായി. ഇതാണു കഴിഞ്ഞ സീസണിൽ സംഭവിക്കാതെ പോയത്. വിളവെടുപ്പു സീസൺ കഴിഞ്ഞ് വില ഉയർന്നപ്പോൾപോലും താങ്ങുവിലയുടെ ഒപ്പമെത്തിയില്ല. 32 രൂപയ്ക്കു തേങ്ങ സംഭരിച്ചതുവഴി സർക്കാരിനും ഇതു നഷ്ടമായി. 2012 ൽ ആയിരത്തോളം കൃഷിഭവനുകൾ വഴിയായിരുന്നു സംഭരണമെങ്കിൽ ഇപ്പോഴുള്ളത് 113 സംഭരണകേന്ദ്രങ്ങൾ. ഇതിൽ പകുതിയിലേറെ തുടങ്ങിയത് 3 മാസം മുൻപു മാത്രം.

English Summary: Kerala budget 2023 coconut price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com