തിരുവനന്തപുരം ∙ നികുതി വർധനയ്ക്കെതിരെ ശക്തമായ പ്രതിഷേധത്തിനും ദുർബലമായ പ്രതിരോധത്തിനുമിടെ മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ മൂന്നാം ബജറ്റ് വായിച്ചു തീർത്തതു 2 മണിക്കൂർ 18 മിനിറ്റിൽ.
രാവിലെ 9ന് ആരംഭിച്ച ബജറ്റ് വായന 11.18ന് അവസാനിച്ചു. കേന്ദ്രമന്ത്രി നിർമല സീതാരാമനെപ്പോലെ, ബാലഗോപാൽ രണ്ടാം തവണയാണ് ടാബിൽ ബജറ്റ് വായിക്കുന്നത്. മന്ത്രിയുടെ ബജറ്റ് അവതരണം വീക്ഷിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയും കരമന എൻഎസ്എസ് കോളജിലെ ഇംഗ്ലിഷ് അധ്യാപികയുമായ ആശ പ്രഭാകരനും മകനും പത്താം ക്ലാസ് വിദ്യാർഥിയുമായ ശ്രീഹരിയും എത്തിയിരുന്നു. വിശിഷ്ട വ്യക്തികൾക്കുള്ള ഗാലറിയിൽ അവർക്കൊപ്പം ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രൻ, ബോർഡ് അംഗങ്ങളായ ഡോ.ആർ.രാമകുമാർ, ഡോ.കെ.രവി രാമൻ, ഡോ.മിനി സുകുമാരൻ, ഡോ.പി.കെ.ജമീല എന്നിവരും ഉണ്ടായിരുന്നു.
ആദ്യഭാഗത്തെ പ്രഖ്യാപനങ്ങൾ ഓരോന്നും കേട്ടപ്പോൾ ഭരണപക്ഷാംഗങ്ങൾ ഡസ്കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. അവസാനഭാഗത്തേക്കു കടക്കുന്നുവെന്ന മുഖവുരയോടയാണു വിഭവസമാഹരണ ഭാഗം മന്ത്രി വായിച്ചു തുടങ്ങിയത്. ഖനനത്തിലൂടെ വരുമാനം വർധിപ്പിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനു ഭരണപക്ഷം ഡസ്‍കിൽ അടിച്ചു. മറ്റു നികുതി വർധനകൾ ക്രമമായി വായിച്ചതോടെ പ്രതിപക്ഷം ഉണർന്നു. അവർ നോട്ട് പാഡിൽ പ്രതിഷേധം എഴുതി ഉയർത്തിക്കാണിച്ചപ്പോൾ ഭരണപക്ഷം വെറുതേ ഇരുന്നില്ല. അവർ നോട്പാഡിന്റെ മഞ്ഞ പുറംചട്ട ഉയർത്തിയാണു പ്രതിരോധിക്കാൻ ശ്രമിച്ചത്. ഫുട്ബോളിലേതുപോലെ മഞ്ഞക്കാർഡ് കാണിക്കുന്നുവെന്ന ചില അംഗങ്ങളുടെ കമന്റ് ചിരി ഉയർത്തി.
ഏതാനും നിമിഷം കഴിഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം കനത്തു. പകൽക്കൊള്ളയാണെന്ന മുദ്രാവാക്യവുമായി അവർ എണീറ്റു. സ്പീക്കർ എ.എൻ.ഷംസീർ ഇരിക്കാൻ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
English Summary: Kerala Budget 2023 - KN Balagopal budget speech