എരിതീ...; ബജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ സമരപ്രഖ്യാപനങ്ങൾ

cartoon
SHARE

തിരുവനന്തപുരം ∙ ബജറ്റ് പ്രഖ്യാപനങ്ങളുടെ ചൂടാറും മുൻപ് അതിനെതിരെയുള്ള സമരപ്രഖ്യാപനങ്ങളുടെ ചൂട് രാഷ്ട്രീയ കേരളത്തിൽ ഉയരുന്നു. നിയമസഭയ്ക്കകത്തും പുറത്തും സംഘർഷങ്ങളുടേതാകാം വരുംദിനങ്ങൾ. പെട്രോൾ– ഡീസൽ വിലവർധനയുടെ പേരിൽ കേന്ദ്രത്തിന്റെ സ്ഥിരം വിമർശകരായ ഇടതു സർക്കാർ ഇന്ധനവിലയിൽ 2 രൂപ സെസ് ചുമത്തിയിരിക്കുന്നു.

ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആഹ്വാനം ചെയ്യുന്നതായിരുന്നു ഏപ്രിലിൽ കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയങ്ങളിലൊന്ന്. അതേ പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗമായ മന്ത്രി കെ.എൻ.ബാലഗോപാൽ വരുമാനമാർഗമായി അതേ വിലവർധന ഉപാധിയാക്കി. പ്രതിദിനം കിട്ടാവുന്ന 36 ലക്ഷത്തിന്റെ അധിക വരുമാനത്തിലാണു സർക്കാരിന്റെ കണ്ണ്.

സാമൂഹികക്ഷേമ പെൻഷനുകൾ മുടങ്ങാതിരിക്കാനാണ് ഇന്ധന– മദ്യ സെസ് എന്ന വിശദീകരണമാണു സർക്കാരിന്റേത്. 57 ലക്ഷത്തിലധികം പേരാണു പെൻഷൻ വാങ്ങുന്നത്. ഇവർ വോട്ടുബാങ്ക് ആണെന്നു സിപിഎം കരുതുന്നു. ജനസംഖ്യയുടെ ആറിലൊന്നു വരുമിത്. വിലക്കയറ്റം അവരെയും ബാധിക്കുമെന്നതു മറ്റൊരുവശം.

നികുതി വർധനകളെല്ലാം സാധാരണക്കാരനെ ബാധിക്കുന്നതാണ്. ക്വാറി മേഖലയിലെ വർധന വീട് എന്ന സ്വപ്നത്തെയും വിലകൂടിയതാക്കും. വൻകിടക്കാരുടെമേൽ കൂടുതൽ ബാധ്യതയെന്ന ഇടതുനിലപാടല്ല ബജറ്റിലെന്നു കരുതുന്നവരുണ്ട്. സംസ്ഥാനത്തിന്റെ നികുതിയധികാരം പരിമിതമാണെന്നാണു മന്ത്രി പറയുന്നത്. പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് സാധ്യമായതെല്ലാം വസൂലാക്കാൻ നോക്കിയെന്ന വിമർശനം ബജറ്റ് നേരിടുന്നു.

സംസ്ഥാനത്തെ ഞെരുക്കുന്ന കേന്ദ്ര ധന നയവും കടഭാരവും നികുതി സമാഹരണ വീഴ്ചകളും എല്ലാം ചേർന്നപ്പോൾ രണ്ടും കൽപിച്ചുള്ള നടപടികൾ സർക്കാരിനു വേണ്ടിവന്നു. ഇനിയുള്ള ഓരോ വർഷവും തിരഞ്ഞെടുപ്പുള്ളതിനാൽ മറ്റൊരവസരവുമില്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി ഒരു ബജറ്റ്കൂടിയുണ്ട്. അതുകൊണ്ട് ഇളവുകൾക്കു സമയമുണ്ട്. തിരഞ്ഞെടുപ്പുപേടി ഇല്ലെങ്കിൽ ജനത്തിനുമേൽ എന്തും അടിച്ചേൽപിക്കുമെന്നു കേന്ദ്രത്തെ ആക്ഷേപിക്കുന്നവർ അതേ വഴിയിൽത്തന്നെ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി നടപ്പാക്കിയ ജീവനക്കാരുടെ ശമ്പള പരിഷ്കരണവും സാമൂഹിക പെൻഷനുകളുടെ വർധനയും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ഞെരുക്കുകയാണെന്നു ബജറ്റ് വ്യക്തമാക്കുന്നു. ശമ്പള പരിഷ്കരണത്തിലൂടെ 5,000 കോടിയുടെ അധികഭാരമാണ് അവകാശപ്പെട്ടതെങ്കിൽ യഥാർഥ കണക്ക് ബജറ്റിൽ വ്യക്തമായി: പ്രതിവർഷം 24,000 കോടി.

തോമസ് ഐസക്കിന്റെ സ്വപ്നപദ്ധതികളുടെ സ്ഥാനത്ത് യാഥാർഥ്യബോധത്തിലാണ് മന്ത്രി ബാലഗോപാൽ. നികുതി വർധനകളെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ന്യായീകരിച്ചപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അതു പരാമർശിച്ചതേയില്ല. എന്നാൽ, സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രതിപക്ഷത്തിനൊപ്പം ചേർന്ന് ഇന്ധന സെസിനെതിരെ രംഗത്തെത്തി.

English Summary: Protest against Kerala Budget 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS