ADVERTISEMENT

ന്യൂഡൽഹി ∙ കോഴിക്കോട്ടെ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമാണം നടക്കുന്നതായി രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി.ഉഷയുടെ പരാതി. സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് കണ്ണീരോടെ സഹായം അഭ്യർഥിച്ച ഉഷ, വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. എംപിയായ ശേഷം തുടർച്ചയായി അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്നും ഉഷ പരാതിപ്പെട്ടു. 

Read also: പ്രതിഷേധം വ്യാപകം, സർക്കാർ പ്രതിരോധത്തിൽ; ഇന്ധന സെസ് കുറച്ചേക്കും

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു 2010ലാണു കോഴിക്കോട് ബാലുശേരി കിനാലൂരിൽ 30 ഏക്കർ സ്ഥലം പാട്ടത്തിന് അനുവദിച്ചത്. സ്ഥലത്തിൽ പഞ്ചായത്തിന് അവകാശമുള്ളതായി രേഖപ്പെടുത്തിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടു കാരണം മതിൽകെട്ടി വേർതിരിച്ചിരുന്നില്ല. ഈ സ്ഥലത്ത് ഇപ്പോൾ തുടർച്ചയായി കയ്യേറ്റവും അതിക്രമവും നടക്കുന്നുവെന്നാണ് ഉഷയുടെ ആരോപണം. വനിതാ താരങ്ങൾ ഉൾപ്പെടെ സുരക്ഷാ ഭീഷണി നേരിടുന്നു. വെള്ളിയാഴ്ച നിർമാണപ്രവർത്തനങ്ങൾ കണ്ടു ബന്ധപ്പെട്ടപ്പോഴാണു പഞ്ചായത്തിന്റെ അനുമതിയുണ്ടെന്ന് അറിഞ്ഞത്. ഭൂമിയുടെ ഉടമകളായ കെഎസ്ഐഡിസി അധികൃതരെയും കലക്ടർ, റൂറൽ എസ്പി എന്നിവരെയും അറിയിച്ചതോടെ താൽക്കാലികമായി നിർമാണം നിർത്തിവച്ചിരിക്കുകയാണെന്നും ഉഷ വിശദീകരിച്ചു. 

‘ഉഷ സ്കൂളിന്റെ സ്വകാര്യറോഡിലൂടെ രാത്രിയിൽ അന്യരെ പ്രവേശിപ്പിക്കുന്ന സാഹചര്യം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിനു മുന്നിലൂടെയാണു റോഡ് കടന്നുപോകുന്നത്. വൈകുന്നേരമായാൽ പ്രദേശം ലഹരിമരുന്ന് ലോബികൾ കയ്യേറും. പ്രദേശത്തെ മാലിന്യം തള്ളുന്നതു പലപ്പോഴും സ്കൂൾ സ്‌ഥലത്താണ്. കുറച്ചുനാൾ മുൻപ് സ്കൂളിന്റെ സ്ഥലത്തു ചുവന്ന കൊടി നാട്ടിയിരുന്നു. അന്നു മുഖ്യമന്ത്രിയോടു പറഞ്ഞിട്ടാണ് അതു മാറ്റിയത്’ – ഉഷ പറഞ്ഞു. 

സധൈര്യം പ്രവർത്തിക്കാനുള്ള സാഹചര്യം ജില്ലാ ഭരണകൂടവും മറ്റും ഇടപെട്ട് ഒരുക്കിയില്ലെങ്കിൽ കിനാലൂരിൽ തുടർന്നു പ്രവർത്തിക്കാൻ കഴിയില്ലെന്നും ഉഷ ആശങ്ക അറിയിച്ചു. 

English Summary: Illegal construction at land under Usha school of athletics complaints PT Usha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com