മലപ്പുറം ∙ ഭർത്താവിനെ സാരി കൊണ്ട് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്. വേങ്ങര – കോട്ടയ്ക്കൽ റോഡിലെ യാറംപടിയിലെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ബിഹാർ സ്വദേശി സൻജിത് പാസ്വാനെ (33) കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭാര്യ ബിഹാർ സ്വദേശി പുനംദേവി (30) റിമാൻഡിലാണ്.
കാമുകനുമൊത്ത് ജീവിക്കാനായാണ് കൊലപാതകമെന്ന മൊഴി അന്വേഷിക്കാനാണ് പട്ന സ്വദേശിയെ ചോദ്യം ചെയ്യുന്നത്. പുനംദേവിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡിവൈഎസ്പി അബ്ദുൽ ബഷീർ പറഞ്ഞു.
ജനുവരി 31ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടുത്ത മുറിയിലുള്ളവരോട് ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞാണ് പുനംദേവി സൻജിത് പാസ്വാനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ ഇയാൾ മരിച്ചതായി സ്ഥിരീകരിച്ചു. കഴുത്തിലെ പാടും മുഖത്തെയും നെറ്റിയിലെയും പരുക്കും കണ്ട് ഡോക്ടർക്ക് സംശയം തോന്നി. അസ്വാഭാവിക മരണത്തിന് വേങ്ങര പൊലീസ് കേസെടുത്തു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിലെ എല്ലിന് പൊട്ടൽ കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പിന്നാലെ പുനംദേവിയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
English Summary: Migrant worker murder case investigation