തിരുവനന്തപുരം ∙ ഇന്ധന സെസ് ഉൾപ്പെടെയുള്ള ബജറ്റിലെ നികുതി നിർദേശങ്ങൾക്കു പുറമേ വാട്ടർ ചാർജും കൂട്ടിയതു വിഷയമാക്കി മലയാള മനോരമ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ നിയമസഭയിലും ചർച്ചയായി. പി.സി.വിഷ്ണുനാഥ് ഇക്കാര്യം സഭയിൽ ഉന്നയിച്ചപ്പോൾ പരിഹാസരൂപേണയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി.
∙ പി.സി.വിഷ്ണുനാഥ്: ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ബൈജുവിന്റെ കാർട്ടൂണുണ്ട്. വൈദ്യുതിനിരക്ക് കൂട്ടിയെന്ന വാർത്ത കേൾക്കുന്നയാൾ പെട്രോൾ, ഡീസൽ വിലയും വർധിപ്പിച്ചെന്നും അതുമൂലം വിലക്കയറ്റമുണ്ടാകുമെന്നും കൂടി കേൾക്കുമ്പോൾ ബോധംകെട്ടു വീഴുകയാണ്. അയാളുടെ മുഖത്തു വെള്ളമൊഴിക്കുമ്പോൾ അടുത്തുനിൽക്കുന്നയാൾ പറയുകയാണ്, ‘വെള്ളമധികം തളിക്കണ്ട, വെള്ളത്തിന്റെ ചാർജും കൂട്ടി’ എന്ന്. അങ്ങനെ തളിക്കാൻ പോലും വെള്ളം ഉപയോഗിക്കാൻ കഴിയാത്തവിധമായി വെള്ളക്കരം വർധന. ജനങ്ങളെ ദ്രോഹിക്കുന്ന വിലവർധന പിൻവലിക്കാൻ കഴിയുമോ ?
∙ റോഷി അഗസ്റ്റിൻ: ബോധംകെട്ടു കിടക്കുന്നയാൾക്കു കുറച്ചു വെള്ളം തളിച്ചാൽ മതി എന്നു (കാർട്ടൂണിൽ) പറഞ്ഞത് ഹാസ്യരൂപേണയാണ്. എങ്കിലും വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താനും സാധ്യതകൾ മനസ്സിലാക്കി പ്രയോജനപ്പെടുത്താനും അതുകൊണ്ടു ജനത്തിനു കഴിയട്ടെ.
∙ പി.സി.വിഷ്ണുനാഥ്: സർക്കാർ ഇതുപോലെ വിലവർധന നടപ്പാക്കുമ്പോൾ ബോധംകെടുന്ന ജനങ്ങൾ, ബോധം തിരിച്ചുകിട്ടാൻ ഉപയോഗിക്കേണ്ട വെള്ളത്തെ സംബന്ധിച്ചു ജല അതോറിറ്റി ഒരുത്തരവിറക്കിയാൽ മതി. ഇങ്ങനെ ബോധരഹിതരാകുന്നവർക്കു ബോധം തിരിച്ചുകിട്ടാൻ ഇത്രമാത്രം വെള്ളമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നു നിർദേശിക്കണം.
∙ റോഷി അഗസ്റ്റിൻ: ബോധം കെട്ടുകിടക്കുന്നയാൾക്കു വെള്ളം കൊടുക്കുന്നതിന്റെ അളവിൽ വർധന വരുത്തണമെങ്കിൽ എംഎൽഎ ഒരു കത്തു തന്നാൽ മതി. അവർക്കാവശ്യമായ വെള്ളം കൊടുക്കാൻ നിർദേശം നൽകാം. അതിൽ ബുദ്ധിമുട്ടില്ല. ബോധം കെട്ടുകിടക്കുന്നയാളെ എണീപ്പിക്കാനാണല്ലോ.
English Summary: Minister Roshy Augustine controversial statement