ADVERTISEMENT

കൊച്ചി ∙ അനധികൃത ബാനറുകളും ബോർഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യുന്ന വിഷയത്തിൽ നടപടിയെടുക്കാത്തതിൽ സർക്കാരിനെ കടുത്ത ഭാഷയിൽ ഹൈക്കോടതി വിമർശിച്ചു. സർക്കാരിന്റെ എറ്റവും ഉന്നതന്റെ ഉൾപ്പെടെ മുഖം വച്ചാണ് ഫ്ലെക്സുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും സർക്കാർതന്നെ നിയമലംഘനം നടത്തുമ്പോൾ ആരോടു പറയുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ ചോദിച്ചു. കോടതി ഇക്കാര്യത്തിൽ ഇതുവരെ കാട്ടിയ സമചിത്തതയും ക്ഷമയും ബലഹീനതയാണെന്നാണു കരുതിയിരിക്കുന്നത്. അതല്ലെന്നു കാണിക്കേണ്ട സമയമായെന്നു കോടതി പറഞ്ഞു.

കോടതി ഉത്തരവുണ്ടായിട്ടും സത്യവാങ്മൂലം നൽകാതിരുന്നതിനു വ്യവസായ സെക്രട്ടറിയെയും കോടതി വിമർശിച്ചു. നാളെ സത്യവാങ്മൂലം നൽകണം. ഇല്ലെങ്കിൽ വ്യവസായ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വൻതോതിൽ ബോർഡുകളും മറ്റും സ്ഥാപിച്ചെന്നും ഇവ കൊച്ചി കോർപറേഷൻ നീക്കം ചെയ്യേണ്ട സാഹചര്യമാണെന്നും അമിക്കസ് ക്യൂറി കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ അറിയിച്ചിരുന്നു. എന്ത് അധികാരത്തിലും എന്ത് രീതിയിലുമാണു ബോർഡുകളും ബാനറുകളും സ്ഥാപിച്ചതെന്നതിൽ വ്യവസായ വകുപ്പു സെക്രട്ടറി വിശദീകരണം നൽകാൻ ജനുവരി 24ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ രണ്ടു ദിവസം കൂടി സർക്കാർ സമയം തേടിയതിനെ തുടർന്നാണു കോടതി വിമർശിച്ചത്.

തിരുവനന്തപുരത്ത് ബോർഡ് പ്രളയം

തിരുവനന്തപുരം നഗരസഭാ പരിധിയിൽ കാര്യങ്ങൾ പരിതാപകരമാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ അറിയിച്ചു. പേട്ടയിൽ മേൽപാലത്തിന്റെ തുടക്കത്തിൽ വശങ്ങളിലെ കാഴ്ച മറച്ച് രണ്ട് ഫ്ലെക്സുകൾ വച്ചിട്ടുണ്ട്. ഇവിടെ ഞായറാഴ്ച കാർ ബൈക്കിലിടിച്ച സംഭവമുണ്ടായി. അനധികൃതമായിട്ടുള്ളവ നീക്കം ചെയ്തിട്ടും പുതിയത് സ്ഥാപിക്കുകയാണെന്നും പൊലീസ് ഇടപെട്ടില്ലെങ്കിൽ നഗരസഭയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും നഗരസഭയുടെ അഭിഭാഷകൻ അറിയിച്ചു.

English Summary : Kerala high court criticized Kerala government in flex and banner non removal issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com